സിവിൽ സർവിസ് ഫലം; മലപ്പുറം ജില്ലക്ക് വിജയത്തിളക്കം
text_fields477ാം റാങ്കിന്റെ മികവിൽ ലക്ഷ്മി മേനോൻ
പൊന്നാനി: സിവിൽ സർവിസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 477ാം റാങ്ക് നേടി മാറഞ്ചേരി പന ലക്ഷ്മി മേനോൻ. റിട്ട. അധ്യാപിക ലത-വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. വിജയമാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പത്താം ക്ലാസ് വരെയും ഐ.എച്ച്.ആർ.ഡിയിൽനിന്ന് പ്ലസ് ടുവും പാലക്കാട് എൻ.എസ്.എസ് കോളജിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും നേടി. മൂന്നാം ശ്രമത്തിലാണ് റാങ്ക് നേടിയത്.
ചെന്നൈയിൽ ടാറ്റ കൺസൽട്ടൻസിയിൽ എൻജിനീയറായി ജോലി ചെയ്തുവരുകയായിരുന്ന ലക്ഷ്മി ജോലി രാജിവെച്ചാണ് സിവിൽ സർവിസ് പരീക്ഷ പരിശീലനം തുടങ്ങിയത്. ഇന്ത്യൻ റവന്യൂ സർവിസിലേക്കോ ഇന്ത്യൻ പോസ്റ്റൽ സർവിസിലേക്കോ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കിലും വീണ്ടും സിവിൽ സർവിസ് പരീക്ഷ എഴുതി മെച്ചപ്പെട്ട ഫലത്തിനായുള്ള ശ്രമം തുടരുമെന്ന് ലക്ഷ്മി പറഞ്ഞു.
507ാം റാങ്കിന്റെ തിളക്കവുമായി ഫസൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി പി.വി. അബ്ദുൽ ഫസലിന്റെ സിവിൽ സർവിസ് സ്വപ്നങ്ങൾ ചിറകടിച്ചു. 507ാം റാങ്കാണ് നേടിയത്. പുത്തരിക്കൽ സ്വദേശി പി.വി. ബാവ-അസറാബി ദമ്പതികളുടെ മകനാണ്. ഡൽഹി ജാമിഅ മില്ലിയ്യയിൽനിന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്.
സിവിൽ സർവിസ് നേടുകയെന്നത് മകന്റെ കുഞ്ഞുനാൾ മുതലുള്ള സ്വപ്നവും ലക്ഷ്യബോധമുള്ള ചുവടുവെപ്പുമായിരുന്നെന്ന് മാതാവ് അസറാബി പറഞ്ഞു. പത്താം ക്ലാസ് വരെ പരപ്പനങ്ങാടി തഹ്ലീമുൽ ഇസ്ലാം സ്കൂളിലും പിന്നീട് കാലിക്കറ്റ് സർവകലാശാല, ഡൽഹി ജാമിഅ മില്ലിയ്യ എന്നിവിടങ്ങളിലും പഠനം തുടർന്നു. ഇപ്പോൾ തിരുവനന്തപുരം സിവിൽ സർവിസ് അക്കാദമിയിൽ ജോലി ചെയ്യുകയാണ്.
ആദ്യശ്രമത്തിൽ അമൃതക്ക് 638ാം റാങ്ക്
മലപ്പുറം: വെള്ളപ്പൊക്കത്തിൽ ആളുകൾ അനുഭവിച്ച യാതന നേരിട്ടുകണ്ടാണ് സിവിൽ സർവിസ് എടുത്ത് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹം അമൃതയുടെ ഉള്ളിൽ നാമ്പിട്ടത്. ആദ്യ ശ്രമത്തിൽതന്നെ അത് നേടിയെടുക്കുകയും ചെയ്തു. സിവിൽ സർവിസ് പരീക്ഷയിൽ 638ാം റാങ്കാണ് അമൃതക്ക്. പൊന്നാനി എരമംഗലം ‘സൗപർണിക’യിൽ സതീപന്റെയും ഗീതയുടെയും മൂത്ത മകളാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിരുദധാരിയായ അമൃത സതീപൻ. പത്താം ക്ലാസ്വരെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്.എസിലും, ഹയർ സെക്കൻഡറിക്ക് മമ്മിയോട് ലിറ്റിൽ ഫ്ലവർ കോൺവന്റ് എച്ച്.എസ്.എസിലുമായിരുന്നു പഠനം. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് ഉണ്ടായിരുന്നു.
കാലിക്കറ്റ് എൻ.ഐ.ടിയിലെ ബിരുദപഠനശേഷം ഒഡിഷയിലെ വേദാന്ത അലൂമിനിയം ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയറായി മൂന്നു വർഷം ജോലി ചെയ്തു. 2022ൽ ജോലി രാജിവെച്ചാണ് തിരുവനന്തപുരത്തെ ഐ.എ.എസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നത്.പിതാവ് സതീപൻ ബഹ്റൈനിൽ ടെക്നീഷ്യനാണ്. മാതാവ് ഗീത കാസർകോട് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ എജുക്കേഷൻ വകുപ്പിൽ അസി. പ്രഫസറും. ഇളയ സഹോദരി: അപർണ.
ഡോ. എം. തസ്ലിമിന് 75ാം റാങ്ക്
തിരൂർ: സിവിൽ സർവിസിൽ റാങ്ക് തിളക്കവുമായി തിരൂർ സ്വദേശി ഡോ. എം. തസ്ലിം. ഒ.ബി.സി കാറ്റഗറിയിൽ 75ാം റാങ്കാണ് തിരൂർ മാടക്കാട്ടെൽ ഖാദർ-റംല ദമ്പതികളുടെ മകളായ എം. തസ്ലിം സ്വന്തമാക്കിയത്.
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ അസി. പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.എച്ച്.എം.എസ് എം.ഡി ഹോൾഡറാണ്. തിരൂരിലെ ഹോമിയോപ്പതി ഡോക്ടറായ തയ്യിൽ കിഴക്കേതിൽ മുഹമ്മദ് നാദിറാണ് ഭർത്താവ്.മകൾ: ഐസ ആയത്ത്. സഹോദരിമാർ: നസ്രീൻ, ഫാത്തിമ, മർവ.
317ാം റാങ്കോടെ ഫാത്തിമ ഷിംന
മലപ്പുറം: സിവിൽ സർവിസ് പരീക്ഷയിൽ 317ാം റാങ്കോടെ ലക്ഷ്യത്തിലെത്തി മലപ്പുറം സ്വദേശിനി ഫാത്തിമ ഷിംന. കോഡൂർ ചെമ്മങ്കടവിലെ പറവത്ത് ആലിക്കുട്ടിയുടെയും സഫിയയുടെയും മകളായ ഫാത്തിമ ഷിംന തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പൂർത്തിയാക്കിയശേഷമാണ് സിവിൽ സർവിസ് കരസ്ഥമാക്കിയത്.
വട്ടപ്പറമ്പ് അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ, എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും പഠിച്ചിട്ടുണ്ട്. ചെറുപ്പം മുതലേയുള്ള സിവിൽ സർവിസ് എന്ന സ്വപ്നം നാലാമത്തെ ശ്രമത്തിലാണ് ഷിംനയെ തേടിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.