ഡ്രാഗൺ ഫ്രൂട്ട് വളർത്തി യു.പിയിലെ തരിശുഭൂമി കൃഷിനിലമാക്കി മാറ്റിയ എൻജിനീയറിങ് വിദ്യാർഥിയുടെ കഥ
text_fieldsഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ തരിശുഭൂമി എൻജിനീയറിങ് ബിരുദധാരി കൃഷി നിലമാക്കി മാറ്റിയ കഥയാണ് പറയാൻ പോകുന്നത്. അല്ലാഗഞ്ച് പൊലീസ് സ്റ്റേഷനും കീഴിലെ ചിലഹുവ ഗ്രാമത്തിൽ താമസിക്കുന്ന അതുൽ മിശ്ര ചെന്നൈയിൽ നിന്നാണ് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം നേടിയത്. എന്നാൽ വൻ ശമ്പളത്തിൽ ജോലിക്കുള്ള ഓഫറുകൾ വന്നെങ്കിലും തന്റെ ഗ്രാമവാസികൾക്കായി ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അതുലിന്റെ ആഗ്രഹം.
ഡ്രാഗൺ ഫ്രൂട്ട് കൃഷിയായിരുന്നു മനസിലുണ്ടായിരുന്നത്. 2018 ൽ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയിൽ ഡ്രാഗൺ ഫ്രൂട്ട് നട്ടുപിടിപ്പിച്ച് പരീക്ഷണം തുടങ്ങി. അത് വൻ വിജയമായതോടെ അഞ്ചേക്കർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. അടുത്ത സീസണിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കർ തരിശുഭൂമിയിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിക്കാനാണ് തീരുമാനം.
നേരത്തേ ഗോതമ്പ് കൃഷിയും പരീക്ഷിച്ചിരുന്നു. എന്നാൽ ചെലവ് കൂടുതലും വരുമാനം കുറവുമായിരുന്നു. ഡ്രാഗൺ ഫ്രൂട്ട് ചെടികളെ കളകളിൽ നിന്ന് സംരക്ഷിക്കാൻ മരുന്നും ഗോമൂത്രവും തളിക്കുന്നുണ്ട്.
ബിഹാർ, മധ്യപ്രദേശ്, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ തന്നെ തേടിവരുന്ന കർഷകർക്ക് പഴത്തിനു പുറമെ ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകളും അതുൽ വിൽക്കുന്നുണ്ട്. അതോടൊപ്പം കൃഷി വിജയകരമാക്കേണ്ടതിന്റെ നുറുങ്ങു വിദ്യകളും പകർന്നു കൊടുക്കുന്നു.
മെക്സിക്കോയിലും മധ്യ അമേരിക്കയിലുള്ള വളരുന്ന ഉഷ്ണമേഖല ഫലമാണ് ഡ്രാഗൺ ഫ്രൂട്ട്. ഒരു കിവിയും പേരക്കയും ഒരുമിച്ച് കഴിച്ചാൽ എങ്ങനെയായിരിക്കും. അതാണ് ഈ ഫലത്തിന്റെ സ്വാദ്. വിയറ്റ്നാം, തായ്‍ലൻഡ്, ഫിലിപ്പീൻസ്,ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഡ്രാഗൺ ഫ്രൂട്ട് വളരുന്നുണ്ട്. നട്ടതിനു ശേഷം ഒരു വർഷത്തിനു ശേഷം കായ്കൾ ലഭിക്കുമെന്നും ഈയുവ കർഷകൻ പറയുന്നു. മെയ് മുതൽ പഴങ്ങൾ ഉണ്ടാകാൻ തുടങ്ങും. ഡിസംബർ വരെ വിളവ് ലഭിക്കും. മറ്റ് കർഷകർക്ക് മാതൃകയായിരിക്കയാണ് അതുൽ. പ്രോട്ടീൻ സമ്പുഷ്ടമായ ഡ്രാഗൺ ഫ്രൂട്ടിൽ ഇരുമ്പും വൈറ്റമിൻ സിയും മെഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെയുത്തമമായ ഒരു പഴം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.