കണ്ടക്ടർ നിമ്മി ഇനി മുതൽ ഡോക്ടർ; സ്നേഹാദരവുമായി സഹപ്രവർത്തകർ
text_fieldsനെയ്യാറ്റിൻകര: പെരുമ്പഴുതൂർ ആലംപൊറ്റ സ്വദേശിനിയായ ട്രാൻസ്പോർട്ട് കണ്ടക്ടർ എൽ.ബി. നിമ്മി ഇനി മുതൽ ഡോക്ടർ നിമ്മി ആയി അറിയപ്പെടും. നെയ്യാറ്റിൻകര ഡിപ്പോയിൽ കണ്ടക്ടറായി സേവനമനുഷ്ഠിച്ച് വരവേ ആണ് നിമ്മി ഗവേഷണം ആരംഭിച്ചത്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിണിയായ നിമ്മി, 'കെ.പി. രാമനുണ്ണിയുടെ നോവലുകളിലെ ജീവിത ദർശന'ത്തെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തി പ്രബന്ധം സമർപ്പിച്ചത്.
ഈ പ്രബന്ധ സമർപ്പണത്തിനാണ് എം.എസ് യൂനിവേഴ്സിറ്റി നിമ്മിക്ക് ഡോക്ടറേറ്റ് നൽകിയത്. റിട്ടയേർഡ് ഐ.ടി.ഡി.സി ഉദ്യോഗസ്ഥനായ എസ്. ബെൻസിയറിെൻറയും സി.ലളിതയുടെയും മകളാണ് നിമ്മി. കെ.എസ്.ആർ.ടി.സി സിറ്റി യൂനിറ്റിലെ മെക്കാനിക്കായ എൻ. ഗോഡ്വിെൻറ ഭാര്യയാണ്.
പ്ലസ് ടു വിദ്യാർഥി ആത്മിക് ഗോഡ്വിൻ, പത്താം ക്ലാസിൽ പഠിക്കുന്ന ആഷ്മിക് ഗോഡ്വിൻ എന്നിവർ മക്കളാണ്.നിമ്മിയുടെ ഉന്നത നേട്ടത്തിൽ അഭിനന്ദിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വനിത സബ് കമ്മറ്റി ജില്ല കൺവീനർ വി. അശ്വതിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്ത്, ജനറൽ സെക്ഷൻ സൂപ്രണ്ട് രശ്മി രമേഷ്, യൂനിറ്റ് ഭാരവാഹികളായ ജി.ജി ജോ, എൻ.എസ്. വിനോദ്, വി. സൗമ്യ, കെ.പി. ദീപ, ബി. ദിവ്യ, രമ്യ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടറേറ്റ് കരസ്ഥമാക്കിയ കണ്ടക്ടർ നിമ്മിയെ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി.ആർ. സലൂജ ഉപഹാരം നൽകി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.