ആശുപത്രി പോലുമില്ലാത്ത നാട്ടിൽ നിന്ന് നീറ്റ് കടമ്പ കടന്ന് ആട്ടിടയ സഹോദരങ്ങളുടെ പെൺമക്കൾ
text_fieldsജയ്പൂർ: രാജസ്ഥാനിലെ നംഗൽ തുൾസിദാസിലെ ക്വയ്ന്റ് എന്ന ഗ്രാമത്തിൽ ആശുപത്രികളില്ല. ഡിപ്ലോമ മാത്രം നേടിയ, ചികിത്സിക്കാൻ യോഗ്യരെന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ആളുകളാണ് ആ ഗ്രാമത്തിലെ മുറി വൈദ്യൻമാർ. നംഗൾ തുൾസിദാസിൽ നിന്ന് 2.5 കി.മി പിന്നിട്ടാൽ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉണ്ട്. 18 കി.മി അകലെയാണ് സ്വകാര്യ ആശുപത്രി. മറ്റ് മെഡിക്കൽ സൗകര്യങ്ങൾക്കായി ഗ്രാമീണർ 25കി.മി താണ്ടി ജയ്പൂരിലെത്തണം.
ഈ സാഹചര്യത്തിലാണ് ഈ നാട്ടിലെ രണ്ട് മിടുക്കികൾ നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയത്. രണ്ട് ആടിനെ മേയ്ച്ച് ഉപജീവനം നയിക്കുന്ന സഹോദരങ്ങളുടെ മക്കളാണിവർ. പെൺകുട്ടികളിൽ റിതു രണ്ടാമത്തെ ശ്രമത്തിലും കരീന യാദവ് നാലാമത്തെ ശ്രമത്തിലുമാണ് ഉന്നത വിജയം നേടിയത്. റിതുവിന് 645 മാർക്കാണ് ലഭിച്ചത്. അഖിലേന്ത്യാ തലത്തിൽ 8179ഉം കാറ്റഗറിയിൽ 3027ൽം ആണ് റാങ്ക്. കരീനക്ക് 680 മാർക്ക് ലഭിച്ചു. അഖിലേന്ത്യ തലത്തിൽ 1621ഉം കാറ്റഗറിയിൽ 432ഉം ആണ് റാങ്ക്.
എല്ലാ ഗ്രാമത്തിലും ആവശ്യമായ സൗകര്യമുള്ള ആശുപത്രികൾ അനിവാര്യമാണെന്ന് കരീന യാദവ് പറഞ്ഞു. തന്റെ ഗ്രാമത്തിൽ മാറ്റം വരുമെന്നും ഈ മിടുക്കി ഉറപ്പിച്ചു പറയുന്നു. ഹനുമാൻ സഹായ് യാദവ് ആണ് റിതുവിന്റെ അച്ഛൻ. നാചുറാം യാദവ് ആണ് കരീനയുടെ പിതാവ്. ഇരുവരും സഹോദരങ്ങളാണ്. ആടുകളെ വളർത്തിയാണ് രണ്ടുപേരും കുടുംബം പോറ്റുന്നത്. രണ്ടു കുടുംബവും രണ്ടു വീടുകളിലായാണ് താമസിക്കുന്നത്. റിതുവിന്റെ അച്ഛൻ 10ാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. അമ്മ സുശീല എട്ടാം ക്ലാസിൽ പഠനം നിറത്തി. കരീനയുടെ മാതാപിതാക്കൾ സ്കൂളിൽ പോയിട്ടേയില്ല.
2002ൽ റിതുവിന്റെ അച്ഛന് കാഴ്ചക്ക് പ്രശ്നമുണ്ടായി. ലേസർ സർജറി ചെയ്തെങ്കിലും 30 ശതമാനം കാഴ്ച മാത്രമേയുള്ളൂ. 2011ൽ രണ്ടാമത്തെ കണ്ണിനും ഇതേ പ്രശ്നമുണ്ടായി. കാഴ്ച ശക്തി ക്ഷയിച്ചതോടെ ഹനുമാൻ സഹായിയുടെ ജോലി നഷ്ടമായി. അങ്ങനെയാണ് ആടിനെ വളർത്താൻ തുടങ്ങിയത്. ശ്വാസകോശ അർബുദബാധിതനായ കരീനയുടെ അച്ഛൻ നാചുറാമിന്റെ റേഡിയോ തെറാപ്പി നടന്നുകൊണ്ടിരിക്കുകയാണ്.
പഠനത്തിൽ കുട്ടികളുടെ കഴിവ് കണ്ടെത്തിയത് നാചുറാമിന്റെയും ഹനുമാൻ യാദവിന്റെയും ഇളയ സഹോദരൻ തകാർസി യാദവ് ആണ്. കുട്ടികളെ കോച്ചിങ് സെന്ററിൽ ചേർത്താൽ നീറ്റിൽ മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. സയൻസ് ബിരുദധാരിയായ തകാർസി യാദവ് രാജസ്ഥാൻ സർക്കാർ സ്കൂൾ അധ്യാപകനാണ്.
കുട്ടിക്കാലത്ത് മെഡിക്കൽ പഠനത്തിന് ആഗ്രഹമുണ്ടായിരുന്നിട്ടും ചെറിയ മാർക്കിന് യോഗ്യത പരീക്ഷയിൽ പരാജയപ്പെട്ട് പിൻമാറിയ കഥ കൂടി അദ്ദേഹത്തിന് പറയാനുണ്ട്. തന്റെ സ്വപ്നം റിതും കരീനയും സാക്ഷാത്കരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഡോക്ടർമാരാകാൻ വേണ്ടി മാത്രമല്ല, തന്റെ ഗ്രാമത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ കൂടി അത് സഹായിക്കുമെന്നും തകാർസി കണക്കുകൂട്ടി.
അങ്ങനെയാണ് ഇരുവരും അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. അവിടെ ഒരു ലക്ഷം രൂപയായിരുന്നു ഫീസ്. ഇത് നൽകാൻ കുടുംബത്തിന് കഴിയുമായിരുന്നില്ല. അതിനാൽ അത്യാവശ്യമുള്ള വിഷയങ്ങൾ മാത്രം പഠിക്കാൻ സൗകര്യം നൽകാൻ അപേക്ഷ നൽകി. 65000 രൂപ ഫീസിൽ പഠിപ്പിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സമ്മതിച്ചു. ആ തുക തകാർസി അടച്ചു.
2021ൽ പ്ലസ്ടു കഴിഞ്ഞ റിതു 2022ലാണ് ആദ്യമായി നീറ്റ് പരീക്ഷ എഴുതിയത്. അന്ന് 720 ൽ 515 മാർക്കാണ് ലഭിച്ചത്. കരീന 2019ലാണ് പ്ലസ്ടു വിജയിച്ചത്. 2020ൽ നീറ്റ് പരീക്ഷ എഴുതിയപ്പോൾ 440 മാർക്കും 2021ൽ റിപീറ്റ് ചെയ്തപ്പോർ 545ഉം 2022ൽ ശ്രമിച്ചപ്പോൾ 559 മാർക്കുമാണ് ലഭിച്ചത്. എന്നാൽ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടാൻ ഈ മാർക്ക് മതിയായിരുന്നില്ല. സ്വകാര്യ കോളജിൽ പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. അതിനാൽ രണ്ടുപേരും ഒരുവട്ടം കൂടി ശ്രമിക്കാൻ തീരുമാനിച്ചു. ഇത്തവണ ഫലം വന്നപ്പോൾ ഇരുവർക്കും സന്തോഷം അടക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.