പ്രതിസന്ധികൾ മറികടന്ന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടി എസ്. വിൻഷ്യ
text_fieldsമണ്ണഞ്ചേരി: പരിമിതമായ ജീവിതസാഹചര്യങ്ങളെ മറികടന്ന് മോഹിനിയാട്ടത്തിൽ കലാമണ്ഡലത്തിൽനിന്ന് ഡോക്ടറേറ്റ് നേടി എസ്. വിൻഷ്യ (36). മണ്ണഞ്ചേരി പഞ്ചായത്ത് 17 ാം വാർഡ് അമ്പനാകുളങ്ങര വെളിയിൽ പരേതനായ ചന്ദ്രെൻറയും സരളയുടെ മകളാണ്. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലും എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ കേരള കലാമണ്ഡലത്തിലായിരുന്നു പഠനം.
കാലടി ശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടവും, തഞ്ചാവൂർ തമിഴ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ ഭരതനാട്യവും, കേരള കലാമണ്ഡലത്തിൽനിന്ന് എം. ഫിലും, പി.എച്ച്.ഡിയും നേടി 2018 ൽ യു.ജി.സി നെറ്റും വിജയിച്ചു. എന്നാൽ ഇതുവരെ സ്ഥിരമായ ഒരു ജോലി ലഭിക്കാത്തത് വിൻഷ്യയെ ഏറെ നിരാശയിലാക്കുകയാണ്.
2017 ൽ പ്രസിദ്ധീകരിച്ച മോഹിനിയാട്ടം ജൂനിയർ ലെക്ചറർ ലിസ്റ്റിൽ നാലാം റാങ്ക് നേടിയെങ്കിലും ജോലി ലഭിച്ചില്ല. ആർ.എൽ.വിയിൽ ഗെസ്റ്റ് ലെക്ചർ ആയി മൂന്ന് വർഷം ജോലി ചെയ്തു. നിലവിൽ ജവഹർ ബാലഭവനിൽ നൃത്ത അധ്യാപികയായി ജോലി ചെയ്യുകയാണ്. ജില്ല പഞ്ചായത്തിന്റെ കമ്യൂണിറ്റി ആർട്ട് പ്രോഗ്രാമിലും ഈ കലാകാരി സഹായിക്കുന്നുണ്ട്.
ദൂരദർശന്‍റ ബി.ഗ്രേഡ് ആർട്ടിസ്റ്റാണ് വിൻഷ്യ. ഏറെ പ്രയാസങ്ങൾ തരണം ചെയ്താണ് പഠനം പൂർത്തിയാക്കിയതും ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതും. സ്ഥിരമായി ഒരു ജോലി കിട്ടണമെന്നാണ് ആഗ്രഹം. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസിന്റെ നേതൃത്വത്തിൽ വിൻഷ്യയെ വീട്ടിലെത്തി ആദരിച്ചു. എ.എം. ഹനീഫ്, ശ്രീഹരി, കിഷോർ ചാറ്റർജി, സുനിൽ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.