ഈ ഡോക്ടറേറ്റിൽ കാലത്തിന്‍റെ കൈയ്യൊപ്പുണ്ട്; ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി അധ്യാപിക
text_fieldsപ്രതിസന്ധികളെ അതിജീവിച്ച് നേടുന്ന വിജയങ്ങളിലൊക്കെയും കാലം ചാർത്തിയ കൈയ്യൊപ്പുണ്ടായിരിക്കും. കടന്നുവന്ന വഴികളിലെ കയ്പുകൾ മുഴുവൻ മധുരമായി മുന്നിലെത്തുന്ന ഒരു ദിനമായിരിക്കുമത്. അത്തരത്തിലൊരു ജീവിതവിജയത്തിന്‍റെ കഥ പറയുകയാണ് കാസർകോട് ഗവ. കോളജിലെ മലയാളം വിഭാഗം അധ്യാപിക ഡോ. ദിവ്യ മാധവി. കഴിഞ്ഞ ദിവസമാണ് ദിവ്യ മാധവിക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് അവാർഡ് ചെയ്തത്. തന്‍റെ ജീവിത-ഗവേഷണാനുഭവങ്ങൾ വിവരിച്ച് ദിവ്യ മാധവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായത്.
അമ്മ മാത്രം താങ്ങും തണലുമായി നിന്ന കാലത്തെ കുറിച്ചും, പെൺകുട്ടികൾ സമൂഹത്തിലും അക്കാദമിക ലോകത്തും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വീണുപോകുമെന്നു കരുതിയ നിമിഷങ്ങളിൽ പോലും ഇച്ഛാശക്തിയാൽ ലക്ഷ്യത്തിലേക്ക് നടന്നതിനെ കുറിച്ചുമെല്ലാം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ജീവിതം ദു:ഖഭരിതമാക്കിയവരുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ കഴിഞ്ഞെങ്കിൽ എന്നതായിരുന്നു എക്കാലത്തെയും സ്വപ്നം. അതാണ് ഇപ്പോൾ പൂർത്തിയായതെന്ന് ഡോ. ദിവ്യ മാധവി പറയുന്നു.
ഡോ. ദിവ്യ മാധവിയുടെ കുറിപ്പ് വായിക്കാം...
ഇന്ന് Doctor of Philosophy ബിരുദം അവാർഡ് ചെയ്തതായി അറിയിച്ചു കൊണ്ടുള്ള യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ചു. സെപ്റ്റംബർ 28 നായിരുന്നു ഓപ്പൺ വൈവ. ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ ദിവസമായിരുന്നെങ്കിലും അന്ന് എന്തെങ്കിലും അതിനെക്കുറിച്ച് എഴുതാനുള്ള ശേഷിയില്ലായിരുന്നു. പക്ഷെ പറയാൻ ഒരുപാടുണ്ട്. എന്നെപ്പോലുള്ള ഒരാൾ പി.എച്ച്.ഡി പോലുള്ള ഒരു ഉന്നത ബിരുദം നേടുന്നതിൽ കാലത്തിന്‍റെ കയ്യൊപ്പുണ്ടെന്ന് ഞാൻ കരുതുന്നു...
'Single parent എന്നതിന് തുല്യമായ മലയാള പദം അറിയില്ല. ഞാനൊരു single parent child ആണ്. പുരുഷ കേന്ദ്രീകൃത സാമൂഹികവ്യവസ്ഥയുടെ അനേകം ഇരകളിൽ ഒരാളാണ് എന്‍റെ അമ്മ. ഒറ്റയ്ക്കായ ഒരുവളെ കൂടുതൽ ഒറ്റയ്ക്കാക്കുന്ന പരിതസ്ഥിതിയിൽ നിന്നു കൊണ്ടാണ് അമ്മ എന്നെ വളർത്തിയത്. ഒരു പുരുഷന്‍റെ അധീനത ഇല്ലാഞ്ഞാൽ ഒരു പെണ്ണിന് ജീവിക്കാൻ കഴിയില്ല എന്ന് ഒറ്റയ്ക്ക് ജീവിതം തുഴഞ്ഞു മുന്നേറിയിട്ടും ബോധ്യം വരാത്ത ഒരുവൾ. അതുകൊണ്ട് ഒരു പെൺകുട്ടിക്ക് വേണ്ടത് വിദ്യാഭ്യാസമോ ജോലിയോ ആണെന്ന് അമ്മ ഒരിക്കലും കരുതിയിട്ടില്ല. പക്ഷെ പഠിക്കണമെന്ന എന്‍റെ ആഗ്രഹത്തെ തടഞ്ഞുമില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകൾ പലപ്പോഴും വഴി മുട്ടിച്ചിട്ടുണ്ട്. പക്ഷെ ആഗ്രഹം ശക്തമായിരുന്നതുകൊണ്ട് വഴികൾ തെളിഞ്ഞു വന്നു. "കഴിവില്ലാത്തവർ ഇതിനൊന്നും മെനക്കെടാതിരിക്കുന്നതാണ് നല്ലത്'' എന്ന ഉപദേശം അമ്മ നിസ്സഹായയായി കേൾക്കുന്നത് തല കുനിച്ച് അതേ നിസ്സഹായതയോടെ ഞാനും കേട്ടു... പലവട്ടം... പല തരത്തിൽ... എത്രയും പെട്ടെന്ന് ഒരു വരുമാനമുണ്ടാകണം. അതിനു വേണ്ട വഴിയിലൂടെ പോകൂ എന്ന് പ്രായോഗിക ബുദ്ധിയും അഭ്യുദയാകാംക്ഷികളും ഉപദേശിച്ചു. പ്രായോഗിക ബുദ്ധി കുറവായതു കൊണ്ട് അതവഗണിക്കുകയാണുണ്ടായത്. സയൻസ് ഗ്രൂപ്പെടുക്കാതിരുന്നത്.. ടി.ടി.സിക്ക് പോവാതിരുന്നത്.. മലയാളം ഐച്ഛികമായെടുത്തത്.. പ്രായോഗികമതികളുടെ കണ്ണിൽ എല്ലാം കുറ്റമായവ.. ഇഷ്ടമുള്ള വഴിയിലൂടെ മാത്രം പോയി.
ഒരുപക്ഷെ ജെ.ആർ.എഫ് എന്നൊരു ഫെല്ലോഷിപ്പ് കിട്ടിയില്ലായിരുന്നെങ്കിൽ പി എച്ച് ഡി ചെയ്യാനാവുമായിരുന്നില്ല... കെട്ടിച്ചയക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളായിരിക്കാം പഠിക്കുവാനുള്ള എന്‍റെ ആഗ്രഹത്തിന് സമ്മതം മൂളാൻ ആദ്യഘട്ടത്തിൽ അമ്മയെ പ്രേരിപ്പിച്ചത്.. പക്ഷെ പിന്നീട് പഠിപ്പിച്ചത് ഏറിപ്പോയോ.. മകൾ വഴി തെറ്റിപ്പോയോ എന്നൊക്കെ അമ്മ ആശങ്കപ്പെടുന്നതിനും സാക്ഷിയായി. എന്‍റെ ചിന്തകളുടെ വളർച്ച അമ്മയുടെ നെഞ്ചിടിപ്പ് കൂട്ടി എന്നർഥം. എങ്കിലും എന്‍റെ പി എച്ച് ഡി പൂർത്തിയാക്കിക്കാണാനുള്ള അമ്മയുടെ ആഗ്രഹം പത്രത്താളുകളിൽ പി എച്ച് ഡി അവാർഡ് ഫോട്ടോകൾ കാണുമ്പോൾ നിന്‍റെ ഫോട്ടോ ഇതു പോലെ വരുന്നതെന്നാ എന്ന ചോദ്യത്തിലൂടെ പുറത്തു വരാറുണ്ട്.. ദേശീയതയെ മുൻനിർത്തിയായിരുന്നു എന്‍റെ ഗവേഷണം. ദേശീയതയ്ക്കകത്ത് സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനം കുറേകൂടി ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. അമ്മ ഒരാളുടെ ജീവിതത്തിൽ ഇല്ലെങ്കിൽ അത് വൈകാരികമായ നഷ്ടമായാണ് അത് അനുഭവിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. എന്നാൽ ഒരാളുടെ ജീവിതത്തിൽ അച്ഛനില്ലെങ്കിൽ അത് ഭരണകൂടത്തിന്‍റെ കൂടി ചോദ്യമായായിത്തീരുന്നു. (മരണപ്പെട്ടതാണെങ്കിൽ അത് വേറെ) രക്ഷകർതൃ സ്ഥാനത്ത് ഒരിക്കലും അമ്മയായ സ്ത്രീക്കുള്ള സ്ഥാനം പഞ്ചായത്തോഫിസും വില്ലേജോഫിസും സ്കൂളും ഒന്നും അംഗീകരിക്കില്ല. അവർക്ക് അച്ഛന്‍റെ പേരും തൊഴിലും വിലാസവും വേണം. കൂടെയില്ലെന്നു പറഞ്ഞാൽ അയാളുള്ളയിടത്തു നിന്നുള്ള സർട്ടിഫിക്കറ്റ് വേണം. അമ്മയാണ് രക്ഷിതാവ് എന്ന് പഞ്ചായത്ത് മെമ്പറും വില്ലേജോഫിസറും സാക്ഷ്യപ്പെടുത്തണം. എത്രയോ തവണ സർക്കാർ ഓഫിസുകളിൽ നിന്ന് ഇതിന്‍റെ പേരിൽ കണ്ണീരൊഴുക്കി ഇറങ്ങിപ്പോരേണ്ടി വന്നു. പിതൃത്വം ഭാരമായി അപ്പോഴൊക്കെ പിന്നാലെ കൂടി... തുച്ഛമായ ശമ്പളത്തിൽ ഇടയ്ക്കിടെ മൂന്ന് മാസം കാലാവധിയിൽ അങ്കൻവാടി ഹെൽപർ വർക്ക് ചെയ്തിരുന്നു അമ്മ. (ഇന്നും ഏറ്റവും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ് അങ്കൻവാടി ജീവനക്കാർ) അല്ലാത്ത സമയങ്ങളിൽ സാധാരണ കൂലിപ്പണികളും. ആസ്തമ രോഗം അലട്ടുന്ന ഒരാളായതിനാൽ അത് മൂർച്ഛിക്കുന്ന ഘട്ടത്തിൽ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതിന് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്. നല്ലൊരു ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കാനാവാത്തതിൽ വേദനിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരാൺകുട്ടിയായിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ടായിരുന്നു.
അമ്മയുടെ സ്ഥിരനിയമനം ലഭിക്കുന്നത് 2010ലാണ്. റിസർച്ച് ഫെല്ലോഷിപ്പ് കിട്ടാൻ തുടങ്ങിയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു വിധം പരിഹരിക്കപ്പെട്ടു. അപ്പോഴും കുടുംബ സാഹചര്യങ്ങൾ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. വായിക്കാൻ, പഠിക്കാൻ, ചിന്തിക്കാൻ സ്വന്തമായൊരിടം ഇല്ലാതെ പോയതിന്‍റെ പരിമിതികളും അതിനെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ചുറ്റുപാടുള്ളവരും... അപ്പോഴൊക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസും ഹോസ്റ്റൽ റൂമുമായിരുന്നു അഭയം. പെൺകുട്ടികൾക്ക് സ്വന്തമായി താമസിക്കാൻ ഹോസ്റ്റലുകൾ പോലുളള സംവിധാനങ്ങൾ സർക്കാർ തലത്തിൽ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. അവർക്ക് പഠനത്തിന് സാമ്പത്തികപിന്തുണ നൽകുന്ന പദ്ധതികൾ ഉണ്ടാവേണ്ടതുണ്ട്. അവർക്ക് സ്വപ്നം കാണാനും ജീവിതം നെയ്തെടുക്കാനും കഴിയുന്ന സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉണ്ടാവട്ടെ.
ഡോ. കെ.എം. അനിൽ മാഷിന്‍റെ കൂടെയാണ് ഗവേഷണം ചെയ്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മലയാള വിഭാഗത്തിൽ. 2008ൽ എം.എയ്ക്ക് മാഷിന്‍റെ ക്ലാസിലിരിക്കുമ്പോൾ പി.ജി പ്രോജക്ട് മാഷെ കൂടെചെയ്യാൻ ആഗ്രഹിച്ചിരുന്നു. മാഷതറിയില്ല. ഞാൻ പറഞ്ഞിട്ടുമില്ല.. മാഷിന്‍റെ കൂടെ ചെയ്തവർക്ക് കൂട്ടായി വെക്കേഷൻ കാലത്തും ഹോസ്റ്റലിലിരുന്നതും ആ സമയം അത്യാവശ്യം പുസ്തകങ്ങൾ വായിച്ചു തീർത്തതും അപ്രാവശ്യത്തെ ജെ.ആർ.എഫ് നേടാൻ സഹായിച്ചിരിക്കണം. 2009ൽ ജെ.ആർ.എഫ് നേടിയപ്പോൾ അങ്ങോട്ട് ആവശ്യപ്പെടാതെത്തന്നെ മാഷെന്നെ ശിഷ്യയായി സ്വീകരിച്ചു. 2011ൽ ഗവേഷണത്തിന് ജോയിൻ ചെയ്തു. 2019ൽ സമർപ്പിച്ചു. അതിനിടയിൽ ഹൈസ്കൂളിലും പിന്നീട് കോളജിലും അധ്യാപികയായി.
ആത്മവിശ്വാസം ഒട്ടുമില്ലാത്ത ഒരാളായിരുന്നു ഞാൻ. ഇന്നുമതേ. ഈ ലോകം എനിക്കു വേണ്ടിയുള്ളതല്ല എന്ന് ഞാൻ വിചാരിച്ചിരുന്നു. ഞാനിവിടെ ഒരു അധികപറ്റാണ് എന്നാണ് പലപ്പോഴും തോന്നിയിരുന്നത്.
ഒരിടത്തും ഇടിച്ചു കയറാനോ ആരോടെങ്കിലും എന്തെങ്കിലും ആവശ്യപ്പെടാനോ സ്വന്തം അഭിപ്രായം ഉറച്ച് വ്യക്തമാക്കാനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് എപ്പോഴും എല്ലായിടത്തും പിൻനിരയിൽ മാത്രം നിന്നു. ആളുകൾ നിഷ്പ്രയാസം എന്നെ തള്ളിമാറ്റി. എന്നെ വിളിക്കൂ ഞാനും നിങ്ങൾക്കൊപ്പമുണ്ട്. എനിക്ക് അല്പം കൂടി പരിഗണന തരൂ എന്നൊക്കെ എന്‍റെ ഉള്ള് ഉറക്കെ പറഞ്ഞു.. എപ്പോഴും ഒരു കൈത്താങ്ങ് ആഗ്രഹിച്ചു. നീട്ടി നിന്ന എന്‍റെ കൈകൾ ആരും കണ്ടില്ല. അല്ലെങ്കിലും ആലംബമില്ലാത്ത അനേകം കൈകൾ അഭയത്തിനായി തങ്ങളുടെ നേരെ ഉയരുന്നുണ്ടെന്ന് ചുറ്റുമുള്ളവർ മനസ്സിലാക്കാറുണ്ടോ?! ഏതായാലും അത് എന്നെ നിരാശയും വിഷാദഭരിതയുമാക്കി.. എല്ലാറ്റിൽ നിന്നും പിൻതിരിഞ്ഞ് ഓടിയൊളിക്കാൻ ശ്രമിച്ചു... തുടർച്ചയായി അലട്ടിയ കർണരോഗങ്ങളും കൂടിയായപ്പോൾ ജീവിതം എനിക്ക് ഇരുണ്ടു പോകുന്നതായിത്തീർന്നു.. ഇത്തരം നിരാലംബതകളിൽപെട്ട് ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരുമെന്ന് പല ഘട്ടങ്ങളിലും കരുതിയിരുന്നു.ജീവിതം ദുഃഖഭരിതമാക്കിയവരുടെ മുമ്പിൽ അഭിമാനത്തോടെ മുഖമുയർത്തി നിൽക്കാൻ കഴിഞ്ഞെങ്കിൽ എന്നതായിരുന്നു എക്കാലത്തെയും സ്വപ്നം. അതാണ് 2017 ൽ എച്ച് എസ് എയും 2018 ൽ കോളേജിയേറ്റും കിട്ടിയതോടെ പൂർത്തീകരിച്ചത്... 2004ൽ ഡിഗ്രി ക്ലാസിൽ രമാദേവി ടീച്ചറിൽ നിന്നാണ് നെറ്റിനെക്കുറിച്ച് ആദ്യം കേൾക്കുന്നത്. നിങ്ങൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾത്തന്നെ നെറ്റ് നേടണമെന്ന് ടീച്ചർ ഇടക്കിടെ പറയാറുണ്ടായിരുന്നു. ജീവിതത്തിന്‍റെ പലഘട്ടങ്ങളിലായി ടീച്ചറെപ്പോലുള്ള അധ്യാപകരുടെ ഇടപെടൽ വലിയ താങ്ങായിട്ടുണ്ട്.... യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിൽ എം.എയ്ക്ക് ജോയിൻ ചെയ്തപ്പോൾ സുഹൃത്തായ ഷഹാനയാണ് ജെ.ആർ.എഫിനെക്കുറിച്ച് പറയുന്നത്. അന്നൊക്കെ അത് കിട്ടാക്കനികളായാണ് കണക്കാക്കിയിരുന്നത്. കിട്ടിയ ആരും പരിചയത്തിലില്ലായിരുന്നു. അതുകൊണ്ടു തന്നെ ജെ.ആർ.എഫ് കിട്ടിയപ്പോൾ അക്ഷരാർഥത്തിൽ അന്തിച്ചു പോയിരുന്നു. ജെ.ആർ.എഫ് ലഭിച്ചത്, ഡോ. കെ.എം. അനിൽ മാഷിന്‍റെ കൂടെഗവേഷണത്തിന് ചേർന്നത്, കോളജ് അധ്യാപികയായത്, ഇഷ്ടപെട്ടയാൾക്കൊപ്പം ജീവിക്കാൻ സാധിച്ചത്... ജീവിതത്തിന്‍റെ ആകസ്മികതകളാണ്... വിസ്മയങ്ങളാണ്.. ഇപ്പോൾ അധ്യാപികയായപ്പോൾ മുമ്പിൽ വരുന്നത് അധികവും പെൺകുട്ടികളാണ്. എത്ര മിടുക്കികൾ. പക്ഷെ പലപ്പോഴും സ്വന്തം സ്വപ്നങ്ങളെ അറിയാനോ സ്നേഹിക്കാനോ കഴിയാത്തവർ. അവർക്കു വേണ്ടി മറ്റാരൊക്കെയോ തീരുമാനങ്ങളെടുക്കുന്നു. ആരോ തെളിച്ച വഴിയിലൂടെ അവർ സഞ്ചരിക്കുന്നു. കഠിനവ്യഥകളെ താണ്ടി തന്നെ പോവണം. അപ്പോഴെ എവിടെയെങ്കിലുമെത്തൂ എന്ന് അവരോട് പറയണമെന്ന് തോന്നാറുണ്ട്. അതിന് പരമാവധി ശ്രമിക്കാറുണ്ട്. സാമ്പത്തിക പരാധീനതയാൽ, ഇഷ്ടമില്ലാത്ത വിവാഹാലോചനയാൽ, ദൂരെ പോയി പഠിക്കാൻ അനുവാദമില്ലാത്തതിനാൽ അങ്ങനെയങ്ങനെ പല കാരണങ്ങളാൽ പഠനത്തിൽ നിന്നും മാറിപ്പോവുന്നവരാണ് മിക്ക കുട്ടികളും. അഡ്മിഷൻ സമയങ്ങളിൽ അത് ബോധ്യപ്പെടാറുണ്ട്. അപ്പോഴെല്ലാം കടന്നു വന്ന വഴികളെ ഓർക്കാറുണ്ട്. നിന്നു പോവേണ്ടുന്ന പല ഘട്ടങ്ങളിലും മുന്നോട്ടു നയിച്ച ഇച്ഛയെ ഓർക്കാറുണ്ട്. ഒരു സാമ്പ്രദായിക സന്തുഷ്ട കുടുംബത്തിൽ ജനിച്ചു വളർന്നിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇവിടെയെത്തുമായിരുന്നില്ല. ഡിഗ്രി കാലത്തേ കല്യാണം കഴിഞ്ഞ് മക്കളുമായി വീട്ടമ്മയായി ജീവിച്ചേനെ. അല്ലെങ്കിൽ പല പ്രയാസങ്ങൾക്കിടയിൽ താൽക്കാലിക ജോലികൾ ചെയ്ത് മുന്നോട്ടു പോയേനെ...
ഓരോവട്ടവും ഇത്തരം ആകുലതകളുടെ ഭാരവുമായി ചെല്ലുമ്പോൾ അനിൽ മാഷ് എന്നിലെ അത്തരം ഭാരങ്ങളെ ഞാൻ പോലും അറിയാതെ ഉരുക്കിക്കളഞ്ഞ് ഒരപ്പൂപ്പൻ താടിയാക്കി പറത്തി വിട്ടു. ഓരോ വട്ടവും ഞാൻ വീണ്ടും എഴുത്തുകളിലേക്കും വായനകളിലേക്കും തിരിച്ചുവന്നു. തീർച്ചയായും തകരുന്ന ഘട്ടങ്ങളിൽ കൂട്ടായ വേറെയും ചില വെളിച്ചങ്ങൾ ഉണ്ടായിരുന്നു. ആരെയും പേരെടുത്ത് പറയുന്നില്ല. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് തന്നെ നിരാലംബതകളെ ഉരുക്കിക്കളയുന്ന വലിയൊരു തണൽ മരമാണ്. അവിടത്തെ സെമിനാറുകൾ, പ്രഭാഷണങ്ങൾ, വിവിധ കൂട്ടായ്മകൾ, ചർച്ചകൾ, സമരങ്ങൾ, ചായകുടി സായാഹ്നങ്ങൾ, പല കാല സൗഹൃദങ്ങൾ ...
ഇപ്പോഴും അമ്മ ആധികളിൽ തന്നെയാണ്. നാട്ടുനടപ്പുകൾ മറന്ന് ജാതി മറന്ന് കല്യാണം കഴിച്ചതിന്... അമ്മ കണ്ട പെണ്ണുങ്ങളെ പോലെയൊന്നുമല്ലാത്തതിന്... മതാചാരങ്ങളെ പിൻപറ്റാത്തതിന്... അങ്ങനെ നിരവധി കാരണങ്ങൾക്ക്.. ഞങ്ങൾ കലഹിച്ചു കൊണ്ടേയിരിക്കുന്നു...
എന്‍റെ ബന്ധുക്കൾ മിടുക്കികളായ പെൺമക്കളെ പതിനെട്ടു പൂർത്തീകരിക്കുമ്പോഴേ കെട്ടിച്ചയ്ക്കാൻ ധൃതിവയ്ക്കുന്നു. അവർക്ക് എന്നെപ്പോലെ ഒരു മകളെ വേണ്ട... ജാതി മറക്കരുത്, മതം മറക്കരുത്, ജീവിത സ്വപ്നങ്ങൾ ഉണ്ടാവുകയേ അരുത്... ഉത്തമകുടുംബ വിളക്കുകൾ മാത്രം ഉണ്ടാവട്ടെയെന്ന്...
സ്വകാര്യാനുഭവങ്ങളാണിവയെങ്കിലും അവ സ്വകാര്യം മാത്രമല്ല എന്ന തിരിച്ചറിവു കൊണ്ടാണ് ഇത്രയും ദീർഘമായെഴുതിയത്. The Personal is Political എന്നാണല്ലൊ...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.