ആസ്തി 120 കോടി രൂപ; എന്നിട്ടും ഈ മനുഷ്യൻ ഉബർ ഓടിക്കാൻ ഒരു കാരണമുണ്ട്!
text_fieldsസ്റ്റാർട്ടപ്പ് സ്ഥാപകനായ കെ. വിനീത് താൻ യു.എസിൽ അടുത്തിടെ കണ്ടുമുട്ടിയ ഉബർ ഡ്രൈവറെ കുറിച്ച് വളരെ രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഏതാണ്ട് 120 കോടിയിലേറെ ആസ്തിയുള്ള ആ മനുഷ്യൻ ഉബർ ഓടിക്കുന്നത് എന്തിനാണെന്ന് വിവരിച്ചായിരുന്നു ഡീൽസ് ധമാക്കയുടെ സ്ഥാപകനായ വിനീതിന്റെ കുറിപ്പ്.
സീനിയർ സി സ്യൂട്ട് എക്സിക്യൂട്ടീവ് ആയിരുന്നു ആ ഉബർ ഡ്രൈവർ. പശ്ചിമേഷ്യയിലെ പ്രമുഖ എണ്ണ കമ്പനിയിലായിരുന്നു ജോലി. ആവശ്യത്തിലേറെ പണം സമ്പാദിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു. യു.എസിൽ 15 ലക്ഷം ഡോളർ വില മതിക്കുന്ന വീടുകളുണ്ട്. കൂടാതെ 35ലക്ഷം യൂറോ മതിപ്പു വിലയുള്ള വീട് ബൾഗേറിയയിലുമുണ്ട്. മൂന്നു മക്കളും നല്ല നിലയിലാണ്. ഒരാൾ ലണ്ടനിൽ അഭിഭാഷകനായി ജോലി നോക്കുന്നു. മറ്റ് രണ്ടുപേർ യൂറോപ്യൻ ടീമിലെ പ്രഫഷനൽ ഫുട്ബോൾ താരങ്ങളാണ്.
ഭാര്യക്ക് ജോലിയുണ്ട് എന്നതിനാലാണ് അദ്ദേഹം യു.എസിൽ കഴിയുന്നത്. എന്നാൽ ഇത്രയും ആസ്തിയുണ്ടെങ്കിലും വെറുതെയിരിക്കാൻ അദ്ദേഹം തയാറുമല്ല. ബോറഡി മാറ്റാനായി കണ്ടുപിടിച്ച വഴിയാണ് ഉബർ ഓടിക്കുക എന്നത്.
-എന്നാണ് സ്റ്റാർട്ടപ്പ് സംരംഭകന്റെ കുറിപ്പിലുള്ളത്.
80,000 ത്തിലധികം ആളുകളാണ് പോസ്റ്റ് വായിച്ചത്. പലരും കഥ വായിച്ച് അത്ഭുതം കൂറി. അതേസമയം, ഇദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ചില സംശയങ്ങളും ചിലർ പങ്കുവെച്ചിട്ടുണ്ട്. ആരെങ്കിലും തീർത്തും അപരിചിതനായ മറ്റൊരു വ്യക്തിയോട് തന്റെ സ്വത്തുവിവരങ്ങൾ തുറന്നുപറയുമോ എന്നായിരുന്നു അതിലൊന്ന്. അതിനു മറുപടിയായി എല്ലാം തുടങ്ങിയത് വസ്തു നികുതിയിൽ നിന്നാണ് എന്നായിരുന്നു വിനീതിന്റെ മറുപടി. ബൾഗേറിയയിലെ വീടിന് മാത്രമായി ഇദ്ദേഹം 300 ഡോളർ നികുതി അടക്കുന്നുണ്ടെന്നായിരുന്നു വിനീത് പറഞ്ഞത്. യു.എസിലെ വീടിന് പ്രതിവർഷം 31000 ഡോളറും നികുതിയടക്കുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് സംഭാഷണം തുടങ്ങിയതെന്നും വിനീത് പറയുന്നു.
ബാങ്ക് അക്കൗണ്ടിൽ 10 മില്യൺ ഡോളറുള്ള പഞ്ചാബിക്കാരനെ കണ്ടുമുട്ടിയ കഥ മറ്റൊരു യൂസറും പങ്കുവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.