എസ്.എസ്.എൽ.സി: ഹോപ് പദ്ധതിയിൽ പരീക്ഷ എഴുതിയ കുട്ടികൾക്ക് മികച്ച വിജയം
text_fieldsതിരുവനന്തപുരം: പൊലീസിെൻറ നേതൃത്വത്തിൽ വിവിധ സർക്കാർ-സർക്കാറിതര സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ് പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.
പദ്ധതിയിലൂടെ പരിശീലനം ലഭിച്ച് പരീക്ഷ എഴുതിയ 394 കുട്ടികളിൽ 365 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഐ.ജി പി. വിജയൻ അറിയിച്ചു. ഹോപ് മാനുവൽ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ് സെൻററിലും അധ്യാപകരുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പരിശീലനമൊരുക്കിയത്.
വിവിധ ഓൺലൈൻ മാധ്യമങ്ങൾ വഴിയായിരുന്നു പരിശീലനം. 2500ഓളം കുട്ടികൾ ഇതുവരെ ഇതിലൂടെ വിജയം കൈവരിച്ചിട്ടുണ്ട്.
പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക പരിശീലകരുടെ പട്ടിക തയാറാക്കും. നിലവിൽ വിജയം കൈവരിച്ച കുട്ടികൾക്ക് ഉന്നതപഠനത്തിന് സൗകര്യമൊരുക്കും. വിവിധ ഏജൻസികളുടെ സഹായത്തോടെ കുട്ടികൾക്ക് തൊഴിൽപരമായ നിപുണതകൾ പകർന്നുനൽകാൻ നടപടി സ്വീകരിക്കുമെന്നും ഐ.ജി പറഞ്ഞു.
പലവിധ മാനസികാരോഗ്യ പ്രശ്നങ്ങളാലും സാമൂഹിക വെല്ലുവിളികൾ മൂലവും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് ഹോപ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.