സൈക്കിളിൽ ഗ്രാമങ്ങൾ തോറും വസ്ത്രങ്ങൾ വിറ്റ് മകനെ പഠിപ്പിച്ചു; അച്ഛന് അഭിമാനിക്കാവുന്ന നേട്ടം പ്രതിഫലമായി നൽകി മകൻ
text_fieldsഏതുമേഖലയിലായാലും കഠിനാധ്വാനം ചെയ്താൽ ഫലം ഉറപ്പാണ്. നിങ്ങൾക്ക് ലക്ഷ്യമുണ്ടെങ്കിൽ അത് നേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ വിജയത്തിലേക്കുള്ള താക്കോൽ ആണ് കഠിനാധ്വാനം.
ദുർഘടമായ പാത പിന്നിട്ട് സിവിൽ സർവീസിൽ വിജയം നേടിയ ഒരാളുടെ കഥയാണ് പറയാൻ പോകുന്നത്. എല്ലാതരത്തിലുള്ള സങ്കൽപങ്ങളും മാറ്റിമറിച്ചാണ് അനിൽ ബസക് ഐ.എ.എസ് എന്ന് തന്റെ പേരിനു മുന്നിൽ എഴുതിച്ചേർത്തത്.
തെരുവുകച്ചവടക്കാരന്റെ മകനായ അനിലിന്റെ കുട്ടിക്കാലം ഒട്ടും ശോഭ നിറഞ്ഞതായിരുന്നില്ല. എന്നാൽ അചഞ്ചലമായ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും കൊണ്ടാണ് ഈ ബിഹാർ സ്വദേശി നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് നടന്നുകയറിയത്.
സൈക്കിളിൽ ഗ്രാമങ്ങൾ തോറും വസ്ത്രങ്ങൾ വിൽക്കുന്ന ജോലിയായിരുന്നു അനിലിന്റെ പിതാവ് ബിനോദ് ബസകിന്.
വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു നാലുമക്കളടങ്ങുന്ന കുടുംബത്തിന്. ജീവിതം വലിയ ദാരിദ്ര്യത്തിലാണെങ്കിലും പഠിക്കാൻ അതിസമർഥനായിരുന്നു അനിൽ. മകൻ ആഗ്രഹിക്കുന്ന കാലം വരെ പഠിപ്പിക്കുമെന്ന് ബിനോദും ഉറപ്പിച്ചു. പിതാവിന്റെ കഷ്ടപ്പാടുകൾക്ക് എന്നെങ്കിലും അവസാനമുണ്ടാകുമെന്ന് അനിൽ ഉറച്ചുവിശ്വസിച്ചു. നാലാംക്ലാസ് വരെയെ ബിനോദ് പഠിച്ചിരുന്നുള്ളൂ. എന്നാൽ തന്റെ നാലുമക്കൾക്കും ഉന്നത വിദ്യാഭ്യാസം നൽകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ഉയർന്ന മാർക്കോടെയാണ് അനിൽ 10, 12 ക്ലാസുകൾ വിജയിച്ചത്. അതിനു ശേഷം ജെ.ഇ.ഇ പാസായി ഡൽഹി ഐ.ഐ.ടിയിൽ ചേർന്നു. ഐ.ഐ.ടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയാലോ എന്ന് അനിൽ ആലോചിച്ചത്. കുട്ടിക്കാലം മുതലേ ഐ.എ.എസ് ഓഫിസറാകുന്നത് സ്വപ്നം കണ്ടിരുന്നു ആ മിടുക്കൻ. എന്നാൽ അത്രയെളുപ്പമല്ല അ കടമ്പ എന്ന് ആദ്യശ്രമത്തിൽ തന്നെ മനസിലായി. ആദ്യശ്രമത്തിൽ പ്രിലിംസ് കടക്കാൻ സാധിച്ചില്ല.
''ആദ്യശ്രമത്തിൽ നന്നായി തയാറെടുത്താണ് പരീക്ഷ എഴുതിയത്. എന്നാൽ പ്രിലിംസ് പോലും കടക്കാനായില്ല. ബുദ്ധിമുട്ടേറിയ ജെ.ഇ.ഇ പരീക്ഷ പാസായ ആളായതിനാൽ സിവിൽ സർവീസ് പരീക്ഷയും പാസാകാൻ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്.''-അനിൽ ബസക് പറയുന്നു.
പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തന്റെ പഠനരീതി തന്നെ അനിൽ അഴിച്ചുപണിതു. രണ്ടാംശ്രമത്തിൽ കുറച്ചധികം തന്നെ മിനക്കെട്ടു. അതിനു ഫലവും കണ്ടു. ഫലം വന്നപ്പോൾ അഖിലേന്ത്യ തലത്തിൽ 616ാം റാങ്ക് ലഭിച്ചു. ഇന്ത്യൻ റവന്യൂ സർവീസിലായിരുന്നു നിയമനം. അപ്പോഴും ഐ.എ.എസ് എന്ന മോഹം ഉള്ളിൽ തിളച്ചുമറിഞ്ഞു. അതിനാൽ ഐ.ആർ.എസിലൊതുങ്ങാൻ അനിലിന് കഴിയുമായിരുന്നില്ല. മൂന്നാംശ്രമത്തിൽ അഖിലേന്ത്യ തലത്തിൽ 45ാം റാങ്കാണ് ഈ കഠിനാധ്വാനിയെ തേടിയെത്തിയത്. അങ്ങനെ ഐ.എ.എസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അനിലിന് സാധിച്ചു.
''എന്റെ കുടുംബം വളരെയധികം കഷ്ടപ്പാടിലൂടെയാണ് ജീവിച്ചത്. എന്നാൽ ഓരോ തവണ ജീവിതം പരീക്ഷിക്കുമ്പോഴും അതെനിക്ക് പോരാടാനുള്ള പുതിയ ഊർജം നൽകി. എന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയ ഒരു കാര്യം എത്തിപ്പിടിക്കാനുള്ള ഊർജം.''-അനിൽ പറഞ്ഞു. തന്റെ വിജയങ്ങൾക്ക് പിന്നിൽ എല്ലാ ക്രെഡിറ്റും തന്റെ പിതാവിനും പ്രൈമറി സ്കൂൾ അധ്യാപകനുമാണ് അനിൽ ബസക് നൽകുന്നത്. യു.പി.എസ്.സി പരീക്ഷയിൽ വിജയിക്കാൻ മികച്ച സ്കൂളുകളോ ജോലിയോ മറ്റ് ആഡംബര സൗകര്യങ്ങളോ ആവശ്യമില്ല. പകരം വേണ്ടത് ആത്മവിശ്വാസവും കഠിനാധ്വാനവുമാണെന്നും അനിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.