പ്രതിസന്ധികളെ അതിജീവിച്ച് ഫാത്തിമ മറിയം നേടിയത് ഒന്നാംറാങ്ക്; അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷ എഴുതിയത് പി.പി.ഇ കിറ്റ് ധരിച്ച്
text_fieldsപെരുമ്പാവൂര്‍: പ്രതിസന്ധികളെ അതിജീവിച്ച് ഫാത്തിമ മറിയം നേടിയത് തിളക്കമാർന്ന നേട്ടം. എം.ജി സർവകലാശാല നടത്തിയ മൂന്നാം വര്‍ഷ ബിരുദ പരീക്ഷയില്‍ ബി.എ ഹിസ്റ്ററി ആൻഡ് ആര്‍ക്കിയോളജിയിൽ ഒന്നാംറാങ്കാണ് ഫാത്തിമ മറിയംസ്വന്തമാക്കിയത്. പെരുമ്പാവൂര്‍ മാര്‍തോമ കോളജിലെ വിദ്യാർഥിയാണ്.
പ്രാദേശിക ചരിത്രരചനയില്‍ പഠനം നടത്തുന്ന ഇസ്മായില്‍ പള്ളിപ്രത്തിെൻറയും സാജിദയുടെയും മകളാണ്. ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ കണ്ടന്തറ സ്വദേശി ഇഞ്ചക്കുടി വീട്ടില്‍ അമല്‍ റാസിഖുമായി വിവാഹം നടന്നു.
കോവിഡും ഗര്‍ഭകാലവും ഒരുമിച്ച് പ്രതിസന്ധി തീര്‍ത്ത സാഹചര്യത്തിലും പതറാതെ പി.പി.ഇ കിറ്റിെൻറ സംരക്ഷണത്തില്‍ പരീക്ഷയെഴുതിയാണ് നേട്ടം കൈവരിച്ചത്. അഞ്ചാം സെമസ്റ്ററിലെ പരീക്ഷകളെല്ലാം പി.പി.ഇ കിറ്റ് ധരിച്ചെത്തി ഐസൊലേഷനില്‍ ഇരുന്നാണ് പൂര്‍ത്തിയാക്കിയത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതി.
സ്‌കൂള്‍തലത്തില്‍ പ്രാദേശിക ചരിത്രരചന മത്സരങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. യൂത്ത് ഫോര്‍ റെഡ്ക്രോസ് കണ്‍വീനറായും കോളജ് യൂനിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി എന്ന നിലയിലും പ്രാഗത്ഭ്യത്തോടെ പഠനകാലത്ത് പ്രവര്‍ത്തിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ ചരിത്രവിഭാഗം മേധാവി ഡോ. ബിബിന്‍ കുര്യാക്കോസ്, അധ്യാപകരായ ഡോ. വിനോദ് വി., ജിസ്‌മോന്‍ തോമസ് എന്നിവർ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
പെരുമ്പാവൂര്‍ മാര്‍തോമ കോളജിലെ ബി.എ ഹിസ്റ്ററി ആൻഡ് ആര്‍ക്കിയോളജി വിഭാഗം ഇത്തവണയും മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ തവണയും ഒന്നാം റാങ്ക് കോളജിനായിരുന്നു. ഇത്തവണ സർവകലാശാലതലത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഒന്ന്, നാല്, ഒമ്പത് റാങ്കുകള്‍ കോളജിനാണ്. നാലും ഒമ്പതും റാങ്കുകള്‍ പി.എന്‍. അനുപമ, ആല്‍ഫിയ സുബൈര്‍ എന്നിവര്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.