വെടിയൊച്ചകൾക്കിടെ പഠിച്ച് റുവേദ സലാം ആദ്യം ഡോക്ടറായി; പിന്നീട് കശ്മീരിലെ ആദ്യ വനിത ഐ.എ.എസ് ഓഫിസറും
text_fieldsപ്രകൃതി സൗന്ദര്യം കൊണ്ട് ഭൂമിയിലെ സ്വർഗം എന്നാണ് കശ്മീർ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ വർഷവും കശ്മീരിൽ എത്തുന്നത്. എന്നാൽ എന്നാൽ പുറമെ കാണുന്ന ഭംഗി അതിന്റെ ഉള്ളിലില്ല. കശ്മീരിൽ ജീവിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഭീകരാക്രമങ്ങൾ, രാഷ്ട്രീയ കലാപം, കർഫ്യൂകൾ എന്നിവയാണ് പ്രദേശവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. അശാന്തിയുടെ താഴ്വര.
ദിവസവും അത്തരം വെല്ലുവിളികൾ നേരിട്ടാണ് റുവേദ സലാം എന്ന പെൺകുട്ടി വളർന്നത്. നന്നായി പഠിച്ച് നാടിനും വീടിനും അഭിമാനമാവുക എന്ന സ്വപ്നം ഉള്ളിൽ പേറി നടന്നു ആ പെൺകുട്ടി. സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുകയായിരുന്നു റുവേദയുടെ ലക്ഷ്യം. നല്ലൊരു കോച്ചിങ് സെന്ററോ പഠന സാമഗ്രികളോ ഇല്ലാതെ ആ പെൺകുട്ടി സിവിൽ സർവീസ് പരീക്ഷക്ക് പഠനം തുടങ്ങി. ഒരു തവണയല്ല, രണ്ടുതവണ പരീക്ഷയിൽ മികച്ച വിജയം നേടാൻ ആ മിടുക്കിക്ക് കഴിഞ്ഞു. അങ്ങനെ കശ്മീരിലെ ആദ്യ വനിത ഐ.എ.എസ് ഉദ്യോഗസ്ഥയാകാനും.
വെടിയൊച്ചകൾ നിലക്കാത്ത ജമ്മുകശ്മീരിലെ കുപ്‍വാര ജില്ലയാണ് റുവേദയുടെ സ്വദേശം. എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം ആതുര സേവനരംഗത്തേക്ക് പോകാൻ റുവേദക്ക് താൽപര്യമുണ്ടായില്ല. സമൂഹത്തിന് കൂടുതൽ ഗുണമുണ്ടാകുന്ന മറ്റെന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തിൽ സിവിൽ സർവീസിന് പിന്നാലെ പോകാനാണ് തീരുമാനിച്ചത്.
രാഷ്ട്രീയ കലാപവും കർഫ്യൂവും ഉറക്കം കെടുത്തിയ നാളുകളിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ റുവേദ നന്നേ പണിപ്പെട്ടു. സിവിൽ സർവീസ് പരീക്ഷക്കൊരുങ്ങുമ്പോൾ വേണ്ട അവശ്യ പഠന സാമഗ്രികൾ പോലും ലഭിച്ചില്ല. പരന്ന വായനയും അവഗാഹവുമാണ് പരീക്ഷയെഴുതുന്നവർക്ക് വേണ്ടത്. എല്ലാ പിന്തുണയുമായി പിതാവ് ഒപ്പം നിന്നത് റിവേദക്ക് ആശ്വാസം പകർന്നു. 2013ലാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അന്ന് ഐ.പി.എസ് ആണ് ലഭിച്ചത്. ചെന്നെയിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായി ജോലിയും തുടങ്ങി. ജോലിക്കിടെ ഒരിക്കൽ കൂടി പരീക്ഷയെഴുതി സ്വപ്നമായ ഐ.എ.എസ് സ്വന്തമാക്കുകയും ചെയ്തു ഈ മിടുക്കി. 2015ലായിരുന്നു അത്.
2009ലാണ് റുവേദ എം.ബി.ബി.എസ് പൂർത്തിയാക്കിയത്. അക്കാലത്ത് എഴുതിയ സംസ്ഥാന സർക്കാരിന്റെ പി.എസ്.സി പരീക്ഷയിലും റുവേദ മികച്ച റാങ്ക് നേടിയിരുന്നു. കുറച്ചു കാലം ജോലി ചെയ്ത ശേഷം മെഡിക്കൽ രംഗം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ കശ്മീരി പെൺകുട്ടികളുടെ റോൾ മോഡലാണ് റുവേദ. മത്സര പരീക്ഷകൾ എഴുതുന്ന പെൺകുട്ടികൾക്ക് പ്രചോദനമായി കൂടെയുണ്ട് ഈ ഐ.എ.എസുകാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.