യു.പി.എസ്.സി പരീക്ഷകളിൽ തോറ്റ് തുന്നംപാടിയിരിക്കുമ്പോൾ സുഹൃത്ത് ഐഡിയയുമായെത്തി, ഇപ്പോൾ സമ്പാദിക്കുന്നത് കോടികൾ...
text_fieldsഒരിക്കൽ പോലും പുരസ്കാരങ്ങളും അനുമോദനങ്ങളും ലഭിക്കാത്തവർക്ക് പ്രചോദനമാണ് ചായ് സുട്ട ബാർ സഹസ്ഥാപകൻ അനുഭവ് ദുബെയുടെ ജീവിതം. പലതവണ യു.പി.എസ്.സി സിവിൽ സർവീസിന് ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ ദുബെ ആകെ നിരാശയിലായി. ആശ്വസിപ്പിക്കാനായി സുഹൃത്ത് ആനന്ദ് നായക് പറഞ്ഞ ഐഡിയകളാണ് പിൽക്കാലത്ത് ദുബെയുടെ ജീവിതം മാറ്റിമറിച്ചത്.
''25വയസുവരെ എനിക്ക് ഒരു പുരസ്കാരം പോലും ലഭിച്ചിരുന്നില്ല. ആരിൽ നിന്നും അനുമോദനങ്ങളും കിട്ടിയിരുന്നില്ല. ഒരു ബാക്ക്ബെഞ്ച് വിദ്യാർഥിയായിരുന്നു ഞാൻ.
യു.പി.എസ്.സി പരീക്ഷയിൽ അടിക്കടി പരാജയം നേരിട്ടപ്പോൾ ഞാൻ ആനന്ദുമായി സംസാരിച്ചു. അങ്ങനെയാണ് ഞങ്ങളൊരു സംരംഭം തുടങ്ങാൻ തീരുമാനിച്ചത്.''-അനുഭവ് ദുബെയുടെ വാക്കുകൾ. ചായ് സുട്ട ബാർ എന്ന വലിയം ശൃംഖലയുടെ പിറവിക്കാണ് ആ ചർച്ച തുടക്കമിട്ടത്. അതോടെ അഭിനവ് ദുബെയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. ഒരിക്കൽ പോലും പുരസ്കാരങ്ങളും അംഗീകാരങ്ങളും കിട്ടാത്തതിന്റെ വേദന അലിഞ്ഞില്ലാതായി. ഇപ്പോൾ വലിയൊരു ഷെൽഫ് നിറയെ അഭിനവിനെ തേടിയെത്തിയ പുരസ്കാരങ്ങളാണ്.
പുരസ്കാരങ്ങളും അംഗീകാരങ്ങളുമല്ല ഒരാളുടെ കഴിവിനെ അളക്കുന്നതെന്ന് ഇപ്പോൾ അനുഭവിന് ബോധ്യമുണ്ട്. കഠിനാധ്വാനമുണ്ടെങ്കിൽ ആർക്കും ജീവിതത്തിൽ വിജയം നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. 2016ലാണ് അനുഭവം ആനന്ദും ചേർന്ന് ചായ് സുട്ട ബാർ സ്ഥാപിച്ചത്. വലിയൊരു ശൃംഖലയായി ഇപ്പോഴത് പടർന്നുപിടിച്ചു.
ചായ എന്നത് ഇന്ത്യക്കാർക്ക് വെറുമൊരു പാനീയമല്ല. അത് തിരിച്ചറിഞ്ഞാണ് രണ്ട് യുവാക്കളും ചായക്കട തുടങ്ങിയത്. പാരമ്പര്യങ്ങളും ആധുനികതയും സംയോജിപ്പിച്ചാണ് ഇവരുടെ ടീ മേക്കിങ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് ചായ് സുട്ട ബാറിന്റെ ആദ്യ ഔട്ട്ലെറ്റ് തുടങ്ങിയത്. ഇപ്പോൾ ഒമാനിലും ദുബൈയിലും അന്താരാഷ്ട്ര ഒൗട്ട്ലെറ്റുകളുണ്ടതിന്. മാത്രമല്ല, ഇന്ത്യയിലെ 70 നഗരങ്ങളിലായി ചായ് സുട്ട ബാർ പടർന്നു പന്തലിച്ചു. 2025ൽ ചായ് സുട്ട ബാറിന്റെ വിറ്റുവര് 150 കോടി രൂപയിലെത്തി. പരിസ്ഥിതി സൗഹാർദ മൺകോപ്പകളിലാണ് ഇവിടെ ചായ പകർന്നുതരിക. പേരിൽ ബാർ എന്നു കാണുമെങ്കിലും ഈ ഔട്ട്ലെറ്റുകളിൽ ഒരിക്കലും മദ്യമും കിട്ടില്ല. സിഗരറ്റ് വലിക്കാൻ പോലും കസ്റ്റമർമാരെ അനുവദിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.