അന്ന് ബാലവിവാഹത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു; ഇന്ന് ആന്ധ്രയിലെ സ്കൂൾ ടോപ്പർ, നിർമലയുടെ ജീവിതം ഒരു പോരാട്ടം
text_fields'ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ അതിന്റെ സഫലീകരണത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊത്ത് ഒരു ഗൂഢാലോചനയിൽ ഏർപ്പെടും' -പൗലോ കൊയ്‍ലോയുടെ പ്രശസ്ത നോവലായ ആൽക്കെമിസ്റ്റിലെ വരികളെ അന്വർഥമാക്കുന്ന ജീവിതമാണ് ആന്ധ്രപ്രദേശുകാരിയായ ജി. നിർമല എന്ന പെൺകുട്ടിയുടേത്. പട്ടിണിയോടും ദാരിദ്രത്തോടും പടവെട്ടി, ബാലവിവാഹത്തിൽ നിന്ന് ഇച്ഛാശക്തിയാൽ മാത്രം രക്ഷപ്പെട്ട നിർമല ഇന്ന് ആന്ധ്രയിലെ ഇന്‍റർമീഡിയറ്റ് സ്കൂൾ പരീക്ഷയിലെ ടോപ്പറാണ്. അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ നിർമലക്ക് പറയാനുള്ളത് പോരാട്ടത്തിന്‍റെ കഥയാണ്.
ആന്ധ്രയിലെ കുർണൂൽ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു നിർമലയുടെ വീട്. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതസാഹചര്യത്തിലും പഠനത്തിൽ ഏറെ മിടുക്കിയായി നിർമല വളർന്നുവന്നു. പഠിച്ച് ഉയരങ്ങളിലെത്തുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. എന്നാൽ, സ്കൂൾ പഠനകാലത്ത് തന്നെ നിർമലയെ വിവാഹം ചെയ്തയക്കാനായിരുന്നു രക്ഷിതാക്കളുടെയും കുടുംബത്തിന്‍റെയും താൽപര്യം. പെൺകുട്ടികൾ അത്രമാത്രം പഠിച്ചാൽ മതിയെന്നായിരുന്നു അവളുടെ ഗ്രാമത്തിലെ കാഴ്ചപ്പാട്. നിർമലയുടെ മുതിർന്ന മൂന്ന് സഹോദരിമാരെയും ഇത്തരത്തിൽ പഠനകാലത്ത് തന്നെ വിവാഹം ചെയ്തയച്ചിരുന്നു.
വിവാഹത്തോടെ തന്‍റെ പഠനം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും സ്വപ്നങ്ങളെല്ലാം വെറുതെയാകുമെന്നും നിർമലക്ക് നന്നായി അറിയാമായിരുന്നു. വിവാഹം ഇപ്പോൾ വേണ്ടെന്ന് കരഞ്ഞുപറഞ്ഞിട്ടും കുടുംബം പിന്മാറിയില്ല. ഇതോടെ നിർമല കടുത്ത തീരുമാനമെടുത്തു.
സ്കൂൾ പഠനകാലത്തെ വിവാഹം നിയമപരമല്ലെന്ന് നിർമലക്ക് അറിയാമായിരുന്നു. സ്ഥലം എം.എൽ.എയായ വൈ. ശിവപ്രസാദ് റെഡ്ഡിയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത നിർമല, തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ചു. എം.എൽ.എ നിർമലയുടെ കാര്യങ്ങൾ ജില്ല കലക്ടറായ ജി. സ്രുജനയെ അറിയിച്ചു. നിർമലയുടെ ജീവിതകഥയും പഠിക്കാനുള്ള അതിയായ താൽപര്യവും മനസ്സിലാക്കിയ കലക്ടർ സ്രുജന അവളെ സഹായിക്കാൻ രംഗത്തെത്തി. കലക്ടർ ഇടപെട്ട് നിർമലയെ ബാലവിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തി.
ജില്ല ഭരണകൂടം പിന്നീട് നിർമലയെ ഏറ്റെടുക്കുകയായിരുന്നു. സർക്കാറിന് കീഴിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയയിൽ അവൾക്ക് താമസിച്ച് പഠിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി. നിർമലക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി.
ഒന്നാംവർഷ ഇന്‍റർമീഡിയേറ്റ് പരീക്ഷയുടെ ഫലം വന്നപ്പോൾ നിർമലക്ക് 440ൽ 421 മാർക്ക്. സംസ്ഥാനത്തെ ടോപ്പർ. താൻ സ്വപ്നംകണ്ട ജീവിതത്തിലേക്ക് ഒന്നുകൂടി അടുക്കുകയായിരുന്നു നിർമല. നിർമലയെ തേടി അഭിനന്ദനപ്രവാഹമാണിപ്പോൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർമലയെ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. സിവിൽ സർവിസ് പരീക്ഷ പാസ്സായി ഐ.പി.എസ്സുകാരിയാവുക എന്നതാണ് നിർമലയുടെ ലക്ഷ്യം. ഒരുനാൾ ആ ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്ന് നിർമല ആത്മവിശ്വാസത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.