അമ്മയെ കണ്ട് പഠിക്ക് മക്കളേ...; ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ഫുൾ എ പ്ലസ് നേട്ടവുമായി വീട്ടമ്മ
text_fieldsതൊടുപുഴ: പഠിക്കാനിരിക്കുന്ന മക്കൾക്ക് രണ്ടക്ഷരം പറഞ്ഞ് കൊടുക്കാൻ ഹയർ സെക്കൻഡറി പരീക്ഷ എഴുതി സൂപ്പർ അമ്മയായി മാറിയിരിക്കുകയാണ് ബിന്ദുമോൾ. 41ാം വയസ്സിലാണ് ഇടുക്കി ആലിൻചുവട് ഞാറയ്ക്കൽ ടി.പി. ബിന്ദുമോൾ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി മക്കളെത്തന്നെ ഞെട്ടിച്ചത്. കുട്ടികൾ ചെറിയ ക്ലാസിലായിരുന്നപ്പോൾ പാഠങ്ങളൊക്കെ പറഞ്ഞ് നൽകിയിരുന്നു.
എന്നാൽ, അവർ ഹൈസ്കൂളിലേക്കെത്തിയതോടെ പഠിപ്പിക്കൽ വിഷമകരമായി. ഈ സാഹചര്യത്തിലാണ് മുടങ്ങിപ്പോയ പഠനം തുടരാൻ ബിന്ദുമോൾ തീരുമാനിച്ചത്. 96ൽ സെക്കൻഡ് ക്ലാസോടെയാണ് തങ്കമണി സ്കൂളിൽനിന്ന് പത്താം ക്ലാസ് പാസാകുന്നത്. അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. തുടർ പഠനത്തിനായി പാരലൽ കോളജിൽ ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പഠനം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്ന് ബിന്ദുമോൾ പറയുന്നു. പഠനം നിർത്തി കുറച്ചുനാൾക്കകം വിവാഹം കഴിഞ്ഞു.
പിന്നെ ഭർത്താവ് റോണിയും മൂന്ന് പെൺ കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം ജീവിതയാത്ര. രണ്ടുവർഷം മുമ്പ് കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പ്രേരക് ശോഭന ടീച്ചറാണ് സാക്ഷരത മിഷന്‍റെ തുല്യത പരീക്ഷയെക്കുറിച്ച് പറഞ്ഞത്. കുട്ടികളെ പഠിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ടെൻഷനടിച്ച് നടക്കുന്ന സമയമായതിനാൽ ടീച്ചറോട് സമ്മതം അറിയിച്ചു.
പഞ്ചായത്തിന്‍റെയും സാക്ഷരത മിഷന്‍റെയും സഹായത്തോടെയായിരുന്നു പഠനം. കിട്ടുന്ന സമയമെല്ലം പഠിച്ചു. കോവിഡ് കാലത്ത് ഓഫ് ലൈനിലും ഓൺലൈനിലും ക്ലാസുണ്ടായിരുന്നതും ഗുണകരമാായി. ഞായറാഴ്ച ക്ലാസുകളിലും മുടങ്ങാതെ പങ്കെടുത്തു. ഞാൻ പഠിച്ചു തുടങ്ങിയപ്പോൾ മക്കൾക്കും വാശിയായി. പലപ്പോഴും മക്കളോടൊപ്പം വാശിക്ക് പഠിച്ചതിന്‍റെ ഫലംകൂടിയാണ് ഈ വിജയമെന്ന് ബിന്ദുമോൾ പറയുന്നു.
എന്തിനാണ് ഇപ്പോൾ പഠിക്കാൻ പോകുന്നതെന്നൊക്കെ ചോദിച്ചവരുണ്ട്. അതിനുള്ള മറുപടിയാണ് പരീക്ഷയിൽ വാങ്ങിയ 1200ൽ 1174 മാർക്ക്. നാഷനൽ ഹെൽത്ത് മിഷന്‍റെ ജില്ലയിലെ ഓഫിസിൽ താൽക്കാലിക ജോലി ചെയ്യുന്നുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകർ, അധ്യാപകർ, കുടുംബം, സാക്ഷരത മിഷനിലെ ജീവനക്കാർ എന്നിവരുടെ ഒരുകൈ സഹായം തന്‍റെ വിജയത്തിന് പിന്നിലുണ്ടെന്ന് ബിന്ദു പറയുന്നു.
ഇനി ഒരാഗ്രഹം കൂടിയുണ്ട്. അത് വക്കീൽ കോട്ടിടാനാണ്. വീട്ടിലെല്ലാവർക്കും അറിയാം. ഈ പ്രായത്തിൽ ഹയർ സെക്കൻഡറി പരീക്ഷ കടമ്പ കടക്കാമെങ്കിൽ ശ്രമിച്ചാൽ ആ സ്വപ്നവും സ്വന്തമാക്കാൻ കഴിയുമെന്നും ഈ വീട്ടമ്മ ഉറച്ച ശബ്ദത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.