Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകുടുംബ ജീവിതവും...

കുടുംബ ജീവിതവും കോർപറേറ്റ് ജോലിയും ഒരുമിച്ചുകൊണ്ടുപോയി, ഒഴിവു കിട്ടുന്ന വേളയിൽ സിവിൽ സർവീസിന് തയാറെടുത്തു; കാജൽ ജ്വാല കലക്ടറായത് ഇങ്ങനെ...

text_fields
bookmark_border
കുടുംബ ജീവിതവും കോർപറേറ്റ് ജോലിയും ഒരുമിച്ചുകൊണ്ടുപോയി, ഒഴിവു കിട്ടുന്ന വേളയിൽ സിവിൽ സർവീസിന് തയാറെടുത്തു; കാജൽ ജ്വാല കലക്ടറായത് ഇങ്ങനെ...
cancel

വിവാഹം കഴിഞ്ഞ് കുട്ടികളായാൽ പഠനത്തിനും ജോലിക്കും അവധി കൊടുക്കുന്നവരാണ് പല സ്ത്രീകളും. കുടുംബവും ജോലിയുടെ തിരക്കുകളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് അതിന് പറയുന്ന വാദം. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സ്ത്രീകൾ നല്ല കഷ്ടപ്പാട് സഹിക്കേണ്ടി വരും എന്നത് സത്യമാണ്.

കുടുംബ ജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോയി അതിനിടക്ക് കിട്ടുന്ന കുറച്ചു സമയത്ത് സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുത്ത് വിജയിച്ച ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. കാജൽ ജ്വാല ഐ.എ.എസിനെ കുറിച്ച്.

കാജൽ ജ്വാല

സൂര്യനുദിക്കാൻ തുടങ്ങുന്നതിനെ മുമ്പേ കാജലിന്റെ ഒരു ദിവസം തുടങ്ങും. വീട്ടിലെ ജോലികൾ മുഴുവൻ തീർത്തുകഴിഞ്ഞ് രാവിലെ എട്ടുമണിയോടെ കാജൽ കോർപറേറ്റ് കമ്പനിയിലേക്ക് പോകും. ഓഫിസിലെത്താൻ ഒന്നര മണിക്കൂർ എങ്കിലും വേണം. ഡൽഹിയിലെ ഗതാഗതത്തിരക്കിനെ കുറിച്ച് പറയേണ്ടതില്ലല്ലോ...വൈകീട്ട് ഓഫിസിൽ നിന്ന് വീട്ടിലെത്തിയാലും കാജലിന് വിശ്രമിക്കാൻ സമയമുണ്ടാകില്ല. രാത്രി എല്ലാവരും ഉറങ്ങുന്ന നേരം ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷക്ക് തയാറെടുക്കാനുള്ളതാണ് ഈ യുവതിക്ക്. ഇങ്ങനെ രാത്രികൾ ഉറങ്ങാതെയിരുന്ന് കഷ്ടപ്പെട്ട് പഠിച്ചാണ് കാജൽ കുട്ടിക്കാലം മുതലേ സ്വപ്നം കണ്ട പദവിയിലെത്തിയത്.

2018ലെ യു.പി.എസ്.സി പരീക്ഷയിൽ 28ാം റാങ്ക് നേടിയാണ് കാജൽ ഐ.എ.എസ് നേടിയത്. വിവാഹം കഴിഞ്ഞയുടനെയായിരുന്നു കാജൽ യു.പി.എസ്.സിക്ക് തയാറെടുത്തത്. ജോലിത്തിരക്കും കുടുംബത്തിലെ ഉത്തരവാദിത്തവും യു.പി.എസ്.സി പഠനവും കൂടിയായി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കാജൽ കടന്നുപോയത്.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആണ് കാജൽ പഠിച്ചത്. പഠനം കഴിഞ്ഞയുടൻ ജോലിയും ലഭിച്ചു. ഒമ്പതു വർഷം ഗുരുഗ്രാമിലെ വിവിധ മൾട്ടിനാഷനൽ കമ്പനികളിൽ മാറി മാറി ജോലി നോക്കി. ജോലിസ്ഥിരതയുണ്ടായിരുന്നില്ലെങ്കിലും സാമ്പത്തികമായി മെച്ചമുണ്ടായിരുന്നു. വിദ്യാഭ്യാസ ​വായ്പയെടുത്തായിരുന്നു കാജൽ പഠിച്ചത്. അതിനാൽ​ കോർപറേറ്റ് ജോലി കാജലിന് ഒരു കരിയർ മാത്രമായിരുന്നില്ല, ഐ.എ.എസ് പോലുള്ള ഉന്നത പദവികൾ സ്വപ്നം കാണാനുള്ള മാർഗരേഖ കൂടിയായിരുന്നു.

24ാം വയസിൽ 2012ലാണ് കാജൽ യു.പി.എസ്.പിക്കായി പരിശ്രമം തുടങ്ങിയത്. ആദ്യശ്രമത്തിൽ പിന്തള്ളപ്പെട്ടു. 2014ലും 2016ലും ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ കാലത്ത് ജോലിയിൽനിന്ന് രാജിവെച്ചായിരുന്നു കാജലിന്റെ പഠനം. വിവാഹം കഴിക്കുന്നതും അതേ സമയത്താണ്.

വിവാഹമായിരുന്നു സത്യം പറഞ്ഞാൽ കാജലിന്റെ ജീവിതത്തിലെ വഴിത്തിരിവ്. യു.പി.എസ്.സി എഴുതാൻ ശ്രമിച്ചതിനെ കുറിച്ച് ഭർത്താവിനോട് പറഞ്ഞു. തിരിച്ചടികളിൽ തളരാതെ വീണ്ടും പരീക്ഷയെഴുതാനായിരുന്നു ഭർത്താവിന്റെ നിർദേശം. അതുൾക്കൊണ്ട് പഠിച്ചപ്പോൾ ഉദ്ദേശിച്ച ഫലവും കൈവന്നു. ജോലിക്ക് തിരികെ കയറിയിരുന്നു അപ്പോഴേക്കും.

സമയം കൃത്യമായി വിനിയോഗിച്ചതാണ് തന്റെ വിജയത്തിന്റെ പ്രധാന സൂത്രവാക്യമെന്ന് കാജൽ പറയുന്നു. പഠിക്കാനുള്ള എല്ലാ അവസരവും നന്നായി പ്രയോജനപ്പെടുത്തി. യാത്രക്കിടെ ആയാൽ പോലും വായിക്കാൻ ശ്രമിച്ചു. പത്രങ്ങൾ സ്ഥിരമായി വായിച്ചു. കറന്റ് അഫയേഴ്സ് മനസിലുറപ്പിക്കാൻ ക്വിസ് മത്സരങ്ങളിൽ പ​ങ്കെടുത്തു. തന്റെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ നിന്ന് പരമാവധി അകന്നുനിന്നു. ശ്രദ്ധ പഠനത്തിൽ മാത്രമായി ഫോക്കസ് ചെയ്തു. ജോലിത്തിരക്കിനിടയിലും പരീക്ഷക്ക് ഉപയോഗപ്രദമാകുന്ന കാര്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ആഴ്ചയിലെ അവധിദിവസം പഠനത്തിനായി മാറ്റിവെച്ചു.

ഭർത്താവിനും ജോലിയുണ്ടായിരുന്നു. വീട്ടു ജോലികളും ഭക്ഷണം തയാറാക്കുന്നതും ഭാര്യയും ഭർത്താവും ഒന്നിച്ചു ചെയ്തു. പലപ്പോഴും ഭക്ഷണം കിച്ചടിയിലും സലാഡിലും ഒതുക്കി. കാരണം ഭക്ഷണമുണ്ടാക്കാനായി ഒരുപാട് സമയം മാറ്റിവെക്കാനില്ലായിരുന്നു. വീട് ശുചിയാക്കുന്നതിനെ കുറിച്ച് മനപൂർവം ആലോചിക്കാതിരുന്നു. ​ഒരു ക്ലോക്കിനെ പോലെയായിരുന്നു ജീവിതം. ഓരോന്നിനും പ്രത്യേകം പ്രത്യേകം അലാം സെറ്റ് ചെയ്തുവെച്ചു. കോഫി ബ്രേക്ക് എടുക്കാൻ പോലും അലാം സെറ്റാക്കിവെച്ചു.

കോർപറേറ്റ് കമ്പനി ജോലിക്കിടെ ലഭിക്കുന്ന വാർഷികാവധികളും പഠിക്കാനായി ഫലപ്രദമായി വിനിയോഗിച്ചു. പ്രിലിംസിന് തൊട്ടുമുമ്പുള്ള ഒരാഴ്ച ലീവെടുത്തു. ആദ്യഘട്ടം കടന്നപ്പോൾ മെയിൻസിന്റെ തയാറെടുപ്പായി. മെയ്ൻസിന് മുമ്പായി 45 ദിവസം അവധിയെടുത്തു. ഒരുമിനിറ്റ് പോലും കളയാതെ കാജൽ ആ സമയം മുഴുവൻ നന്നായി വിനിയോഗിച്ചു. ഒടുവിൽ മെയിൻസ് എന്ന കടമ്പയും കടന്നു. പിന്നീട് അഭിമുഖത്തിന് ഒരാഴ്ചയും ജോലിക്ക് അവധി കൊടുത്തു. ഫലം വന്നിട്ടും കോർപറേറ്റ് കമ്പനിയിലെ ജോലി കളയാൻ കാജൽ തയാറായില്ല. ​പരിശീലനത്തിന് ചേരുന്നതിന് 10 ദിവസം മുമ്പാണ് ജോലി രാജിവെച്ചത്.

ഓൺലൈൻ സ്റ്റഡി ഗ്രൂപ്പിലും കാജൽ അംഗമായിരുന്നു. നോട്സുകൾ തയാറാക്കാനും അറിയാത്ത ഭാഗങ്ങൾ മനസിലാക്കാനും ഇത് സഹായിച്ചു. ഉത്തരങ്ങൾ നിരന്തരം എഴുതിത്തന്നെ കാജൽ പരിശീലിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:success stories
News Summary - How She Balanced Marriage, a Full-Time Job and UPSC Studies to Become an IAS Officer
Next Story