ക്രിക്കറ്റ് കണ്ടും നോവൽ വായിച്ചും സമ്മർദം കുറച്ചു; സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ അനന്യ മൂന്നാം റാങ്ക് നേടിയത് ഇങ്ങനെ...
text_fieldsഅനന്യ റെഡ്ഡി ഐ.എ.എസ്
ആദ്യശ്രമത്തിലായായാലും, ഒന്നിലേറെ തവണ ശ്രമിച്ചിട്ടായാലും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയെടുക്കുക എന്നത് നിസ്സാര കാര്യമല്ല. ഒരുപാട് തവണ ശ്രമിച്ചിട്ട് അവസാന ശ്രമത്തിൽ റാങ്ക് നേടുന്നവരുടെ വാർത്തക്കു താഴെ അവരുടെ പരിശ്രമങ്ങളെ വിലകുറച്ച് കാണിക്കുന്ന ചില പ്രതികരണങ്ങൾ കാണാറുണ്ട്. ആദ്യശ്രമങ്ങളിലെ തെറ്റുകൾ തിരുത്തി പഠിച്ചു പഠിച്ചാണ് അവർ ഉയരങ്ങളിലെത്തിയിരിക്കുന്നത് എന്നതാണ് വസ്തുത. വെറുതെ പ്രതികരിക്കുന്ന നമ്മളിൽ എത്ര പേർക്ക് അങ്ങനെ സ്ഥിരോത്സാഹത്തോടെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പഠിക്കാൻ സാധിക്കും എന്നോർത്താൽ മാത്രം മതി.
സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽ മൂന്നാംറാങ്ക് കരസ്ഥമാക്കിയ തെലങ്കാന സ്വദേശി ദൊനുരു അനന്യ റെഡ്ഡിയുടെ വിജയവഴികളെ കുറിച്ചാണ് പറയാൻ പോകുന്നത്. 2023ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിലാണ് അനന്യ മികച്ച വിജയം നേടിയത്.
ഡൽഹിയിലെ മിറാന്ദ ഹൗസിൽ നിന്നാണ് അനന്യ റെഡ്ഡി ബിരുദം നേടിയത്. ജിയോഗ്രഫിയായിരുന്നു മെയിൻ. ബിരുദപഠനം അവസാനിക്കാറായപ്പോഴാണ് അനന്യ സിവിൽ സർവീസ് പരീക്ഷയിൽ ശ്രദ്ധ പതിപ്പിച്ചത്. ആന്ത്രോപ്പോളജിയായിരുന്നു(നരവംശ ശാസ്ത്രം) ഓപ്ഷണൽ സബ്ജക്ട് ആയിരി തെരഞ്ഞെടുത്തത്. സ്വന്തം നിലക്ക് പഠിക്കുന്നതിന് പുറമെ ഒരു കോച്ചിങ് സെന്ററും അനന്യ തെരഞ്ഞെടുത്തു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഡൽഹിയിലേക്ക് താമസവും മാറ്റി.
പരീക്ഷക്ക് തയാറെടുക്കുമ്പോൾ മാതാപിതാക്കൾ, സുഹൃത്തുക്കൾ,ബന്ധുക്കൾ എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും അനന്യ റെഡ്ഡി എടുത്തു പറഞ്ഞു.
തെലങ്കാനയിലെ ഗീതം സ്കൂളിലായിരുന്നു 10ാ ം ക്ലാസ് പഠനം. 2018ൽ 97ശതമാനം മാർക്കോടെ പ്ലസ്ടുവും പൂർത്തിയാക്കി. കർഷകനാണ് അനന്യയുടെ പിതാവ്. അമ്മ വീട്ടമ്മയും. അവരുടെ കുടുംബത്തിൽ നിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യത്തെയാളാണ് അനന്യ.
കുട്ടിക്കാലം തൊട്ടേ അനന്യക്ക് സിവിൽ സർവീസിൽ താൽപര്യം തോന്നിയിരുന്നു. സമൂഹത്തെ സേവിക്കാനുള്ള താൽപര്യമായിരുന്നു പിന്നിൽ. മുത്തശ്ശനാണ് കുട്ടിക്കാലത്ത് അനന്യയുടെ മനസിൽ സിവിൽ സർവീസ് എന്ന വിത്ത് പാകിയത്. ബിരുദ പഠന കാലത്താണ് പരീക്ഷയെ കുറിച്ച് കൂടുതലായി മനസിലാക്കുന്നത്.
ആദ്യശ്രമത്തിൽ വളരെ എളുപ്പത്തിലാണ് അനന്യ സിവിൽ സർവീസ് നേടിയെടുത്തത് എന്നൊന്നും ചിന്തിക്കരുത്. മറ്റൊന്നിനും പോകാതെ ഒരു പാട് കാലം മണിക്കൂറുകൾ പഠനത്തിനായി മാറ്റിവെക്കുക എന്നത് അത്ര എളുപ്പമല്ല. മടുപ്പ് വരും. കഷ്ടപ്പെട്ടിട്ടും വിജയിക്കാൻ കഴിയുമോ എന്ന് ടെൻഷനുണ്ടാകുന്നതും സ്വാഭാവികമാണ്. ക്രിക്കറ്റ് കണ്ടും നോവലുകൾ വായിച്ചുമാണ് അനന്യ ആ മടുപ്പും സ്ട്രസ്സും മാറ്റിയത്. വിരാട് കോഹ്‍ലിയായിരുന്നു ക്രിക്കറ്റിലെ ഇഷ്ടതാരം. ''വിരാട് കോഹ്‌ലി എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്. ഒരിക്കലും തളരാത്ത മനോഭാവമാണ് അദ്ദേഹത്തിന്. അത് വലിയ പ്രചോദനമാണ്. മാത്രമല്ല കോഹ്‍ലിയുടെ അച്ചടക്കവും മാതൃകയാണ്''-ഒരിക്കൽ ഒരു പ്രാദേശിക വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ അനന്യ പറഞ്ഞു.
തയാറെടുപ്പ് ഇങ്ങനെ:
പ്രിലിമിനറി തലത്തിൽ ഒരു പാട് മെറ്റീരിയലുകൾ ശേഖരിച്ച് വിശാലമായ രീതിയിൽ പഠിക്കാൻ തുടങ്ങി. റിവിഷൻ ആയിരുന്നു പ്രധാനം. പഴയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ശീലിച്ചു. ആദ്യഘട്ടത്തിൽ കടുകട്ടിയായ പ്ലാൻ ഒന്നുമുണ്ടായിരുന്നില്ല. പരീക്ഷ അടുത്തുവരുമ്പോഴാണ് പഠനത്തിന് മാത്രമായി മണിക്കൂറുകൾ നീക്കിവെക്കാൻ തുടങ്ങിയത്. ഉചിതമായ മെറ്റീരിയലുകൾ തെരഞ്ഞെടുത്തതും പരീക്ഷയുടെ ഫോർമാറ്റ് മനസിലാക്കിയതുമാണ് തന്റെ വിജയത്തിന്റെ അടിത്തറയെന്ന് അനന്യ അടിവരയിടുന്നു.
ദിവസവും 12മുതൽ 14 മണിക്കൂർ വരെ പഠിക്കാനായി മാറ്റിവെച്ചു. ഓപ്ഷണൽ സബ്ജക്ടിന് മാത്രമായിരുന്നു കോച്ചിങ്. മറ്റുള്ള വിഷയങ്ങൾ സ്വന്തം നിലക്കാണ് പഠിച്ചത്.
മെയിൻ എത്തിയപ്പോൾ ഉത്തരങ്ങൾ കൃത്യമായി എഴുതുന്നതിനെ കുറിച്ച് പഠിച്ചു. അനന്യക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു അഭിമുഖം. ആത്മവിശ്വാസത്തെ കൂടി പരീക്ഷിക്കുന്ന ഒന്നായി അത് മാറി. നിരവധി മോക് അഭിമുഖങ്ങളുടെ ഭാഗമായത് ഗുണകരമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.