ഓം ബിർളയുടെ ഇളയ മകൾ സിവിൽ സർവീസ് വിജയി; പരീക്ഷയെഴുതാതെ ലഭിച്ച പദവിയെന്ന് വിമർശകർ -സത്യമിതാണ്...
text_fieldsലോക്സഭ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളക്കും ഭാര്യ അമിതക്കും രണ്ട് മക്കളാണ്, ആകാംക്ഷയും അഞ്ജലി ബിർളയും. അതിൽ അഞ്ജലി സിവിൽ സർവീസുകാരിയാണ്. ആദ്യ ശ്രമത്തിൽ തന്നെയാണ് അഞ്ജലി സിവിൽ സർവീസ് പരീക്ഷ പാസായത്. ഇപ്പോൾ റെയിൽവേ മന്ത്രാലയത്തിൽ സേവനമനുഷ്ടിക്കുന്നു. 2019ലാണ് അഞ്ജലി യു.പി.എസ്.സി പരീക്ഷ പാസായത്. മെയിൻസിൽ 953 മാർക്കാണ് ലഭിച്ചത്.പേഴ്സണൽ ആൻ്റ് ട്രെയിനിങ് വകുപ്പ് 2020 ആഗസ്റ്റിൽ തയാറാക്കിയ റിസർവ് ലിസ്റ്റിൽ അഞ്ജലി ബിർളയും ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, എസ്.സി എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 89 ഉദ്യോഗാർഥികളും ഉൾപ്പെടുന്നു.
അതേസമയം, ഓം ബിർളയുടെ മകളായതു കൊണ്ടാണ് അഞ്ജലിക്ക് സിവിൽ സർവീസ് ലഭിച്ചതെന്നും അല്ലാതെ അവർ സിവിൽ സർവീസ് പരീക്ഷ പാസാവുകയോ അഭിമുഖങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. അതിനു മറുപടിയായി അഞ്ജലിയും രംഗത്തുവന്നു. ശരിയായ നടപടി ക്രമങ്ങൾ പാലിച്ചുതന്നെയാണ് താൻ സിവിൽ സർവീസ് നേടിയതെന്ന് അഞ്ജലി പറഞ്ഞു.
മാത്രമല്ല അഡ്മിറ്റ് കാർഡിന്റെ കോപ്പിയും അവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വിമർശകരുടെ വായടപ്പിച്ചു. മെറിറ്റ് പട്ടികയിൽ അവരുടെ റോൾ നമ്പർ പരിശോധിച്ചാൽ കാണാൻ സാധിക്കും. പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ എഴുതിയതിനും തെളിവുകൾ അഞ്ജലി നിരത്തി. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും സിവിൽ സർവീസ് നേടിയ ഒരു ഉദ്യോഗാർഥിക്ക് താൻ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് സ്ഥാപിക്കേണ്ടി വരുന്നത്.
ഓം ബിർളയടെ ഇളയ മകളാണ് അഞ്ജലി. കോട്ടയിലെ സോഫിയ സ്കൂളിലായിരുന്നു പഠനം. അതിനു ശേഷം ഡൽഹിയിലെ രാംജാസ് കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഓണേഴ്സ് ബിരുദം നേടി. ഇതേ സമയത്താണ് അവർ യു.പി.എസ്.സി പരീക്ഷക്ക് പരിശീലനം തുടങ്ങിയത്.
ജനങ്ങളോടുള്ള പിതാവിന്റെ പ്രതിബദ്ധത കണ്ടാണ് താനും സേവനത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചതെന്ന് സിവിൽ സർവീസിൽ ഉന്നത വിജയം നേടിയപ്പോൾ അഞ്ജലി പറയുകയുണ്ടായി. പരീക്ഷക്കുള്ള എല്ലാ പ്രചോദനവും പിന്തുണയും നൽകിയത് തന്റെ സഹോദരിയാണെന്നും അവർ കൂട്ടിച്ചേർത്തു. ചാർട്ടേഡ് അക്കൗണ്ടന്റാണ് ആകാംക്ഷ. രണ്ടര വർഷത്തെ കഠിനമായ പഠനത്തിനും സ്വയം പ്രഖ്യാപിത ഏകാന്തതക്കും ലഭിച്ച പ്രതിഫലമാണ് തന്റെ ഉന്നത വിജയമെന്നാണ് അവർ വിമർശകരോട് പറഞ്ഞത്. കഠിനമായ പരിശ്രമത്തിനൊടുവിൽ വിജയത്തിലേക്ക് നടന്നടുത്തപ്പോൾ സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയായിരുന്നുവെന്നും അഞ്ജലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.