വളക്കച്ചവടക്കാരനിൽനിന്ന് സിവിൽ സർവിസിലേക്ക്; രമേശ് ഗോലാപിന്‍റെ അതിജീവന കഥ അറിയാം
text_fieldsമുംബൈ: മഹാരാഷ്ട്ര സോലപൂർ ജില്ലയിലെ മഹാഗാവ് ഗ്രാമവാസിയാണ് രമേശ് ഗോലാപ്. കുടുംബത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനും സ്വയം അതിജീവനത്തിനുമായി കുട്ടിക്കാലത്തുതന്നെ വളക്കച്ചവടം തെരഞ്ഞെടുത്തയാൾ. വളക്കച്ചവടം ഉപജീവന മാർഗം മാത്രമായിരുന്നു രമേശിന്. തന്‍റെ പാതയിലേക്കുള്ള ഒരു സഹായി.
വർഷങ്ങൾക്കിപ്പുറം 2012ൽ ജാർഖണ്ഡ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രമേശ്. പോളിയോ രോഗം തളർത്തിയ ഒരു കാലും ദാരിദ്ര്യവും സിവിൽ സർവിസ് കടമ്പ കടക്കാൻ രമേശിന് തടസമായിരുന്നില്ല. തന്‍റെ കഠിനാധ്വാനത്തിന്‍റെയും പ്രയത്നത്തിന്‍റെയും പാഠങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുനൽകുകയും ചെയ്യുന്നുണ്ട് ഈ ഐ.എ.എസ് ഉദ്യോഗസ്ഥൻ.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്കും അവരുടെ കഴിവുകൾക്ക് തുല്യഅവസരങ്ങളും പ്ലാറ്റ്ഫോമുകളും ആവശ്യമാണെന്ന് ഗോലാപ് പറയുന്നുേ. മഹാഗാവ് ഗ്രാമവാസികളുടെ പ്രിയപ്പെട്ട രാമുവാണ് ഗോലാപ്. ബൈസൈക്കിൾ റിപ്പയർ കട നടത്തുന്ന ഗോരഖ് ഗോലാപാണ് രാമുവിന്‍റെ പിതാവ്. ഈ കടയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് നാലുപേരടങ്ങുന്ന കുടുംബം കഴിഞ്ഞുപോന്നത്. സ്ഥിര മദ്യപാനിയായിരുന്ന ഗോരഖിന്‍റെ ആരോഗ്യനില മോശമായതോടെ കട നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ രമേശിന്‍റെയും അമ്മയുടെയും ചുമലിലെത്തി കുടുംബത്തിന്‍റെ ഭാരം.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തിനായി അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും അതിനെ അതിജീവിച്ചുവേണം വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനെന്നും ഗോലാപ് പറയുന്നു. ഇടതുകാലിന് പോളിയോ ബാധിച്ച ഗോലാപിന് എളുപ്പത്തിൽ ജോലി നേടാനുള്ള മാർഗം ഡിപ്ലോമ പഠനമായിരുന്നു. പഠനത്തിന് ശേഷം ജോലിയും ലഭിച്ചു. എന്നാൽ കൂടുതൽ മികച്ചതും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുമായിരുന്നു അപ്പോഴും ഗോലാപിന്‍റെ ആഗ്രഹം. ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം സ്വീകരിച്ചു. ഇതിനിടെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഏതു ജോലിയും ചെയ്യാൻ അദ്ദേഹം തയാറായിരുന്നു. അമ്മ വളക്കച്ചവടത്തിന് ഇറങ്ങും. അമ്മക്കൊപ്പം ഞാനും ഇറങ്ങും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉറക്കെ വിളിച്ചുപറഞ്ഞ് വള വിൽക്കും -അദ്ദേഹം പറയുന്നു.
ഇന്ദിര ആവാസ് യോജന പ്രകാരം വീട് ലഭ്യമാക്കാനായിരുന്നു അമ്മയുടെ ശ്രമം. വീട് ലഭിക്കാനും പണിയാനും രേഖകൾ സമർപ്പിക്കാനായി ഓടിനടന്നു. പാവങ്ങളെ സഹായിക്കുന്നതിന് പകരം അവരുടെ അവകാശം നൽകാതിരിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. റേഷൻ കാർഡ് നൽകുന്നതും വീട് നൽകുന്നതും തഹസിൽദാറാണെന്ന് അറിയാം. അതിനാൽ പാവങ്ങൾക്ക് സഹായം ലഭ്യമാക്കാൻ തഹസിൽദാറാകാനായിരുന്നു ആദ്യ ആഗ്രഹം. പിന്നീട് സിവിൽ സർവിസിൽ ചേരാമെന്ന് തീരുമാനിച്ചു. നിശ്ചയദാർഡ്യം പുണെയിലെത്തിച്ചു. അവിടെവെച്ചാണ് യു.പി.എസ്.സി പരീക്ഷെയക്കുറിച്ച് അറിയുന്നതും. എന്നാൽ കോച്ചിങ് ക്ലാസിൽ ചേരാനുള്ള സാഹചര്യം ഗോലാപിന് ഉണ്ടായിരുന്നില്ല.
'ആറുമാസത്തെ അവധിയെടുത്ത് പുണെയിലെത്തി. സിവിൽ സർവിസ് പരീക്ഷക്കായി തയാറെടുത്തു. കഠിനമായ പഠനം ആവശ്യമായിരുന്നു. ഇതോടെ സിവിൽ സർവിസിനായി ജോലി രാജിവെച്ചു. 2012ൽ അഭിമാനകരമായ പരീക്ഷ വിജയിച്ചു' -വിദ്യാർഥികളോടായി അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സഹായിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഒരു സർക്കാർ ജോലിക്കാരനോ രാഷ്ട്രീയക്കാരനോ ആകണം. ഇരുക്കൂട്ടരുടെയും ലക്ഷ്യം ജനസേവനമാകുകയും വേണം. നിശ്ചയദാർഡ്യമുണ്ടെങ്കിൽ ഏതൊരാൾക്കും നല്ല സമൂഹത്തിനെയും രാജ്യത്തെയും സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.