12ൽ തോൽക്കുന്നത് പ്രചോദനമായേക്കാം, എന്നാൽ മിന്നുന്ന വിജയം മധുരമാർന്ന ഓർമയാണ്; യു.പി.എസ്.സി പരീക്ഷയിൽ നാലാം റാങ്ക് നേടിയ സ്മിത സബർവാൾ
text_fields23ാം വയസിലാണ് സ്മിത സബർവാൾ യു.പി.എസ്.സി പരീക്ഷ ഉയർന്ന മാർക്കിൽ വിജയിച്ചത്. അതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. എല്ലാവർഷവും ആയിരക്കണക്കിന് ആളുകളാണ് സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്. അതിൽ വളരെ ചുരുക്കം പേർക്കാണ് സെലക്ഷൻ ലഭിക്കുന്നത്. കഠിന പരിശ്രമത്തിനൊടുവിലാണ് സ്മിതയും സിവിൽ സർവീസ് നേടിയത്.
പശ്ചിമബംഗാളിലെ ഡാർജിലിങിലാണ് സ്മിത ജനിച്ചത്. കേണൽ പ്രണഭ് ദാസ്, പുരഭി ദാസ് എന്നിവർ മാതാപിതാക്കൾ. സെക്കൻഡറാബാദിലായിരുന്നു സ്മിതയുടെ പഠനം. ഇപ്പോൾ തന്റെ 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സ്മിത. '12ാം ക്ലാസ് തോൽക്കുന്നത് ഒരു പ്രചോദനമാണ്. എന്നാൽ 12ാം ക്ലാസിൽ തിളക്കമാർന്ന വിജയം നേടുന്നത് മധുരമായ ഓർമയാണ്. ആ പരീക്ഷ ഫലം വലിയ സ്വപ്നങ്ങൾ കാണാൻ എനിക്ക് കരുത്തായി. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്കായി ഈ മാർക്ക്‍ലിസ്റ്റ് സമർപ്പിക്കുന്നു. നന്നായി കഠിനാധ്വാനം ചെയ്യുക.'-എന്നാണ് മാർക്ക് ലിസ്റ്റ് പങ്കുവെച്ചുകൊണ്ട് സ്മിത എക്സിൽ കുറിച്ചത്. 12ാം ക്ലാസിൽ പരാജയപ്പെട്ടതിനു ശേഷം പിന്നീട് ഐ.പി.എസ് നേടിയ മനോജ് ശർമയെ കുറിച്ചുള്ള അനുഭവം കൂടിയാണ് സ്മിത പങ്കുവെച്ചത്.
ആദ്യശ്രമത്തിൽ യു.പി.എസ്.സി പരീക്ഷയിൽ സ്മിതക്ക് തിരിച്ചടിയാണ് ലഭിച്ചത്. സൈന്യത്തിൽ ചേരുന്നതിനെ കുറിച്ചും അവർ ആലോചിച്ചിരുന്നു. ഒരുപാട് പരിശ്രമത്തിന് ശേഷം 2000ത്തിൽ നാലാം റാങ്കോടെ യു.പി.എസ്.സി പരീക്ഷയെന്ന കടമ്പ കടന്നപ്പോൾ, ഐ.എ.എസ് തിരഞ്ഞെടുക്കാൻ സ്മിതക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതയാകുന്ന ആദ്യ വനിത ഐ.എ.എസ് ഉദ്യോഗസ്ഥയും സ്മിതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.