ഡോ. ഗൗതം ചന്ദ്രയ്ക്ക് ഏഴു കോടിയുടെ ഐ.സി.എം.ആര്‍ ഗ്രാന്‍റ്; എം.ജി സര്‍വകലാശാലക്ക് അഭിമാനനേട്ടം
text_fieldsകോട്ടയം: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐ.സി.എം.ആര്‍) ഫസ്റ്റ് ഇന്‍ ദ വേള്‍ഡ് ചലഞ്ച് ഗ്രാന്‍റിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗൗതം ചന്ദ്ര അര്‍ഹനായി.
4ഡി ബയോ പ്രിന്‍റിങ്ങിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നാഡീ കോശങ്ങള്‍ പുനര്‍സൃഷ്ടിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഏഴു കോടി രൂപയുടെ ഗ്രാന്‍റ്. തലച്ചോറിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പരിക്കുകളുടെ ചികിത്സയില്‍ ഏറെ നിര്‍ണായകമാകുന്ന പഠനമാണിത്.
ചന്ദ്രയാന്‍ 3 പദ്ധതിയുടെ ചുവടുപിടിച്ച് ആരോഗ്യ ഗവേഷണ മേഖലയിലും ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്ന പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞര്‍ക്കായി ഫസ്റ്റ് ഇന്‍ ദ വേള്‍ഡ് ചലഞ്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിസങ്കീര്‍ണമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ക്കാണ് മുന്‍ഗണന. ഡോ. ഗൗതം ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രാഥമിക പഠനം വിജയകരമായാല്‍ വിപുലമായ ഗവേഷണത്തിലൂടെ നാഡിവ്യൂഹ ചികിത്സയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഡോ. ഗൗതം ചന്ദ്ര.
കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പ്രസഞ്ജിത് സഹ, സെന്‍റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഡോ. സിബി പി. ഇട്ടിയവിര, ഐ.യു.സി.ബി.ആര്‍ ഡയറക്ടര്‍ ഡോ. കെ.പി. മോഹനകുമാര്‍, ഐ.യു.സി.ബി.ആറിലെ ഡോ. രാജേഷ് എ ഷേണായ്, ഡോ. ഉഷ രാജമ്മ, ഡോ. ശ്രീതമ സെന്‍ എന്നിവര്‍ ഈ പഠനത്തില്‍ സഹഗവേഷകരാണ്. ഗവേഷണ വിദ്യാര്‍ഥികളായ ജിംന മുഹമ്മദ് അമീര്‍, ആനന്ദ് കൃഷ്ണന്‍ എന്നിവരും പദ്ധതിയുടെ ഭാഗമാണ്.
ദേശീയ തലത്തില്‍ ഗ്രാന്‍റിന് തെരഞ്ഞെടുക്കപ്പെട്ട 27 ശാസ്ത്രജ്ഞരില്‍ ഡോ. ഗൗതം ചന്ദ്ര ഇടം നേടിയത് മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് അഭിമാനകരമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.