അന്താരാഷ്ട്ര സയന്‍സ് എൻജിനീയറിങ് ഫെയറില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മലയാളികള്‍
text_fieldsകളമശ്ശേരി: അമേരിക്കയിലെ അറ്റ്ലാന്റയില്‍ മേയ് മാസത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മെഗാ ഇവന്റായ റീജെനെറോ ഇന്റര്‍നാഷനല്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ് ഫെയറില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളായ രണ്ട് മലയാളി പെൺകുട്ടികൾ. കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ സാറാ വര്‍ഗീസും, ദേവിക ഗിരീഷുമാണ് നാടിന് അഭിമാനമാകുന്നത്.
ബ്രോഡ്കോമും ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും (ഡി.എസ്.ടി) സംയുക്തമായി സംഘടിപ്പിച്ച ഇനീഷ്യേറ്റിവ് ഫോര്‍ റിസര്‍ച് ആന്‍ഡ് ഇന്നോവേഷന്‍ രാജ്യാന്തര ശാസ്ത്രമേളയില്‍ ഈ വര്‍ഷത്തെ മികച്ച 20 പ്രോജക്ടുകളില്‍ ഒന്നായി ഇവരുടെ പ്രോജക്ട് തെരഞ്ഞെടുത്തിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജി വകുപ്പിലെ പ്രഫ. പ്രശാന്ത് രാഘവന്റെ നേതൃത്വത്തിലാണ് പ്രോജക്ട് തയാറാക്കിയത്. കാറുകളുടെ വിന്‍ഡ് ഷീല്ഡിൽനിന്നും, ചേമ്പില ഉപയോഗിച്ച് ടാക്സി ഡ്രൈവര്‍ എണ്ണതുടച്ചു മാറ്റുന്ന കാഴ്ചയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട്, സമുദ്രത്തിലെ എണ്ണ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന സൂപ്പര്‍ ഹൈഡ്രോ ഫോബിക് ആന്‍ഡ് ഒലിയോഫീലിക് മെബ്രൈന്‍ എന്ന നൂതന ആശയമാണ് പദ്ധതി. ഇലക്ട്രോ സ്പിന്നിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്, കുസാറ്റിലെ മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് നാനോ എൻജിനീയറിങ് ലാബില്‍ വികസിപ്പിച്ചെടുത്ത പോളി മെബ്രൈന്‍, എണ്ണച്ചോര്‍ച്ച മൂലമുണ്ടാകുന്ന അടിയന്തര പ്രശ്നത്തിന് മികച്ച പരിഹാരമാകുമെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.