ജെ.ഇ.ഇ മെയിനിൽ സംസ്ഥാനതലത്തിൽ ഒന്നാമൻ; ഹാഫിസിന്റേത് കണക്കുതെറ്റാത്ത വിജയം
text_fieldsസ്വന്തം ലേഖകൻ
കോട്ടയം: കണക്കിനെ കണക്കറ്റ് സ്നേഹിക്കുന്ന ഹാഫിസ് റഹ്മാനിലൂടെ അഭിമാനനേട്ടമെന്ന വീട്ടുകാരുടെയും പരിശീലകരുടെയും കണക്കുകൂട്ടൽ തെറ്റിയില്ല. ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിനിലാണ് പെരിന്തൽമണ്ണ പൊന്നിയാംകുറിശ്ശി എലിക്കോട്ടിൽ ഹാഫിസ് റഹ്മാൻ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്.
ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷക്കുള്ള തയാറെടുപ്പിലാണിപ്പോൾ. ഇതിലും ഉന്നതവിജയം നേടി ഐ.ഐ.ടി പ്രവേശനമാണ് ലക്ഷ്യം. ഖത്തറിൽ ഡോക്ടറായ അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും അഞ്ച് മക്കളിൽ നാലാമനാണ്. ആദ്യശ്രമത്തിലാണ് സംസ്ഥാനത്ത് മുന്നിലെത്തിയത്; അഖിലേന്ത്യതലത്തിൽ 197ാം റാങ്ക്. ഖത്തറിൽനിന്ന് അബ്ദുറഹ്മാൻ അവധിക്ക് പാലായിലെ വീട്ടിലെത്തിയതിന്റെ തൊട്ടുപിന്നാലെ വിജയവാർത്തയറിഞ്ഞത് കുടുംബത്തിന് ഇരട്ടി സന്തോഷമായി. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ ടോപ്പറായിരുന്നു ഹാഫിസ്. പാലാ ചാവറ പബ്ലിക് സ്കൂളിലെ പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു പരിശീലനം.
ആദ്യശ്രമത്തിൽതന്നെ സംസ്ഥാനത്ത് ഒന്നാമതായതിൽ ഏറെ സന്തോഷമുണ്ടെന്നും ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷക്കുശേഷമാകും എവിടെ പ്രവേശനം നേടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഹാഫിസ് റഹ്മാൻ പറഞ്ഞു.
അതേസമയം, പെരിന്തൽമണ്ണ എലിക്കോട്ടിൽ വീടിന് എൻട്രൻസ് വിജയം പുതുമയല്ല.
ഹാഫിസിന്റെ മൂത്ത സഹോദരി ആഖിഫ റഹ്മാൻ കോഴിക്കോട് എൻ.ഐ.ടിയിലാണ് പഠിച്ചത്. ഇപ്പോൾ കുടുംബസമേതം ദോഹയിലാണ്. രണ്ടാമത്തെ സഹോദരി അസ്ലമ റഹ്മാൻ മദ്രാസ് ഐ.ഐ.ടിയിലെ പഠനശേഷം യു.എസിൽ ജോലിചെയ്യുന്നു. മറ്റൊരു സഹോദരി ഹംദ ജിപ്മെറിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ഇളയ സഹോദരൻ സാഹിൽ റഹ്മാൻ ചാവറ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.
നേരത്തേ കുടുംബം ഖത്തറിലായിരുന്നു. മകന്റെ പഠനം കണക്കിലെടുത്താണ് താൽക്കാലികമായി പാലാ ചെത്തിമറ്റത്തെ വാടകഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. രണ്ടുവർഷമായി ഇവിടെയാണ് താമസം. ഡോ. അബ്ദുറഹ്മാൻ ഖത്തറിൽതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.