അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കാൻ കിഴൂർ എ.യു.പി സ്‌കൂളിലെ കൊച്ചുമിടുക്കി
text_fieldsതിക്കോടി: കുടുംബശ്രീ-ബാലസഭയുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കാനൊരുങ്ങി തിക്കോടി പള്ളിക്കര സ്വദേശി സി.എം. ഉമ്മു ഹബീബ. കിഴൂർ എ.യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. 'മാലിന്യമുക്ത നവകേരളം – പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തിലായിരുന്നു കുടുംബശ്രീ-ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിഷയം. നാട്ടിലെ വിഷയങ്ങള്‍ അവതരിപ്പിക്കാനായിരുന്നു കുട്ടികള്‍ക്ക് കിട്ടിയ നിര്‍ദേശം. നാട്ടിലെ നീന്തൽ കുളത്തിലെ ജല മലിനീകരണവും അമീബിക് മസ്തിഷ്ക ജ്വരവുമായിരുന്നു ഉമ്മു പ്രബന്ധത്തിനായി തെരഞ്ഞെടുത്ത വിഷയം. ഇതിനായി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി നേടിയ കുട്ടിയുമായി അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ഉമ്മുവിന്റെ ഈ പ്രബന്ധമാണ് ഉച്ചകോടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ നിന്നും 140 വിദ്യാർഥികളാണ് പ്രബന്ധം അവതരിപ്പിച്ചത്. അതില്‍ നിന്നും 58 പേരാണ് ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കുക. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഉമ്മു ഹബീബ അടക്കം അഞ്ച് പേരാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. മാത്രല്ല 140 കുട്ടികളുടെയും പ്രബന്ധങ്ങള്‍ ഒരു പുസ്തകമാക്കാനും കുടുംബശ്രീ ബാലസഭയ്ക്ക് പദ്ധതിയുണ്ട്. നവംബര്‍ മാസം അവസാനമോ, ഡിസംബര്‍ ആദ്യവാരമോ ഡൽഹിയിൽ ആയിരിക്കും ഉച്ചകോടി നടക്കുക.
പള്ളിക്കര മടിയേരി താഴേകുനി ഉമ്മൂസ് ഹൗസില്‍ സി.എം. ഷഹാനയാണ് ഉമ്മു ഹബീബയുടെ മാതാവ്. പഠനത്തോടൊപ്പം കലാരംഗത്തും ഒരുപോലെ മിടുക്കിയാണ് ഉമ്മു. പയ്യോളി മുനിസിപ്പല്‍ കലാമേളയില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ഫസ്റ്റ് എ ഗ്രേഡ്, അറബി ഗാനത്തില്‍ ഫസ്റ്റ് എഗ്രേഡ്, സംഘഗാനം (അറബിക്) – സെക്കന്റ് എ ഗ്രേഡ്, കഥ പറയല്‍ (അറബിക്) – സെക്കന്റ് എ ഗ്രേഡ്, അറബിക് പദ്യം (ജനറല്‍)- തേര്‍ഡ് എ ഗ്രേഡ്, പ്രസംഗം (മലയാളം) – സെക്കന്റ് എ ഗ്രേഡ് എന്നിങ്ങനെ തിളങ്ങുന്ന വിജയമാണ് ഉമ്മു നേടിയത്. മേലടി ഉപജില്ല മേളയില്‍ മലയാള പ്രസംഗത്തില്‍ ഫസ്റ്റ് എ ഗ്രേഡും ഈ കൊച്ചു മിടുക്കിക്കായിരുന്നു. ഒപ്പം കഥ (അറബിക്), അറബി ഗാനം, അറബിക് പദ്യം, ഖുര്‍ ആന്‍ പാരായണം, മലയാളം പ്രസംഗം എന്നീ ഇനങ്ങളിലും മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.