ലൈബ അബ്ദുൽ ബാസിത്, എഴുത്തിന്റെ അതിശയക്കാഴ്ചകളുമായി ഒരു മലയാളി പെൺകുട്ടി
text_fieldsഇത് ലൈബ അബ്ദുൽ ബാസിത്. കമ്പ്യൂട്ടർ ഗെയിമിന്റെയും മൊബൈൽ ഫോണിന്റെയും ഇത്തിരി വട്ടങ്ങളിൽ സമപ്രായക്കാർ നേരം പോക്കുമ്പോൾ ഈ 13കാരി അദ്ഭുതമാവുകയാണ്. ‘അപാർട്ട് ബട്ട് ടുഗതർ’ എന്ന തന്റെ നാലാമത്തെ പുസ്തകം പ്രകാശിതമായതോടെ അമേരിക്കയിൽ പരിശീലനത്തിൽ പങ്കെടുക്കാനും കെന്നഡി സെന്ററിന്റെ പരിപാടിയിലേക്കുള്ള ക്ഷണവും ഈ മിടുക്കിയെ തേടിയെത്തിയിരിക്കുകയാണ്.
സൗരയൂഥത്തിലെ പുത്തൻ കാഴ്ചകളിൽ ഒലീവിയ, ഒലീവസ്, എവരി, മൈക്ക് എന്നിങ്ങനെ താൻ സൃഷ്ടിച്ച കഥാപാത്രങ്ങളോടൊപ്പം അവരോട് കുശലം പറഞ്ഞും മതി മറന്നും ലൈബ പറക്കുകയാണ്.
ഇംഗീഷിൽ ബുക്ക് സീരീസ് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് ഈ പെൺകുട്ടി. ‘ഓർഡർ ഓഫ്ദി ഗാലക്സി’ എന്ന പേരിലാണ് ബുക് സീരീസ് ഈ മാഹി പെരിങ്ങാടിക്കാരി കൊച്ചു മിടുക്കി പുറത്തിറക്കിയത്. സ്നോ ഫ്ലേക് ഓഫ് ലൈഫ്, ദി വാർ ഓഫ്ദി സ്റ്റോളൻ ബോയ്, ദി ബുക്ക് ഓഫ്ദി ലെജൻഡ്സ് എന്നീ പുസ്തകങ്ങളുടെ സീരീസ് ആണ് ലൈബ പൂർത്തിയാക്കിയത്. നേട്ടത്തിന്റെ വഴിയിൽ പ്രചോദനമായി 2022ൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡും ലൈബയെ തേടിയെത്തിയിരുന്നു. അപ്പോഴേക്കും ഇംഗ്ലീഷ് ഭാഷയിൽ മൂന്നു പുസ്തകങ്ങൾ ലൈബ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.
ബുക്ക് സീരീസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് അധികൃതർ ലൈബയെ തേടിയെത്തിയത്. ചെറുപ്പത്തിൽ തന്നെ എഴുത്ത് തുടങ്ങിയ ലൈബയുടെ ആദ്യപുസ്തകങ്ങൾ പത്താം വയസ്സിലാണ് പ്രസിദ്ധീകരിക്കുന്നത്.
ഓർഡർ ഓഫ് ദി ഗാലക്സി, ദി വാർ ഓഫ്ദി സ്റ്റോളൻ ബോയ് എന്നിവ പ്രസിദ്ധീകരിച്ചത് ആമസോൺ ബുക്സ് ആണ്. ഇപ്പോൾ തന്റെ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് ലൈബ. ഭാവനയും ചിന്തയും സമന്വയിപ്പിച്ച് ലൈബ എഴുതുമ്പോൾ അത് മറ്റുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനമാവുകയാണ്.
ഖത്തറിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തർ അക്കാദമി വർഷം തോറും 50,000 ഖത്തർ റിയാൽ സ്കോളർഷിപ്പോടെ 2030 വരെ അവിടെ പഠിക്കാനുള്ള സുവർണാവസരവും ഈ മിടുക്കിക്ക് നൽകിക്കഴിഞ്ഞു. ഖത്തറിൽ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മാഹി സ്വദേശി അബ്ദുൽ ബാസിത്തിന്റെയും തസ്നിയുടെയും മകളാണ് ലൈബ. നിലവിൽ ഖത്തർ അക്കാദമിയിൽ വിദ്യാർഥിനിയാണ് ലൈബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.