മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച്, കോച്ചിങ് ക്ലാസിനു പോകാതെ അൻഷുമാൻ രാജ് നേടി സിവിൽ സർവീസ്
text_fieldsകഠിനാധ്വാനം എന്നത് വിജയത്തിന്റെ പര്യായമാണ്. കഠിന പരിശ്രമത്തിനൊടുവിൽ ഐ.എ.എസുകാരനായ അൻഷുമാൻ രാജിന്റെ ജീവിത കഥയാണ് പറയാൻ പോകുന്നത്. ബിഹാറിലെ ബുക്സർ ജില്ലയിലാണ് അൻഷുമാൻ ജനിച്ചത്. ജവഹർ നവോദയ സ്കൂളിലായിരുന്നു ആദ്യകാല പഠനം. റാഞ്ചിയിലെ നവോദയ സ്കൂളിൽ നിന്ന് പ്ലസ്ടു കഴിഞ്ഞ ശേഷം ബിരുദ പഠനത്തിന് ചേർന്നു.
വളരെ ദരിദ്രമായ പശ്ചാത്തലമായിരുന്നു അൻഷുമാന്റെത്. വീട്ടിൽ കറന്റുണ്ടായിരുന്നെങ്കിലും വോൾട്ടേജ് കുറവായിരിക്കും.അതിനാൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. 2019ലെ യു.പി.എസ്.സി പരീക്ഷയിൽ ഈ മിടുക്കൻ 107 ാം റാങ്കാണ് നേടിയെടുത്തത്.
ബിരുദ പഠനശേഷം ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിയിൽ അൻഷുമാൻ മറൈൻ എൻജിനീയറായും ജോലി നോക്കി. ഇന്റർനെറ്റ് പോലും ലഭിക്കാതെ ആറുമാസം കടലിൽ കഴിയുന്ന ആ ജോലി അൻഷുമാന് വലിയ പ്രയാസമായിരുന്നു. മൂന്നുമാസത്തെ ലീവെടുത്ത് അൻഷുമാൻ പഠിക്കാൻ തുടങ്ങി. 30 അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു അത്. അൻഷുമാന് പഠിക്കാനുള്ള മുറിയൊന്നും അവിടെയുണ്ടായിരുന്നില്ല.
സിവിൽ സർവീസ് നേടണം എന്ന് ആഗ്രഹിച്ചെങ്കിലും പരിശീലനത്തിനായി അൻഷുമാൻ ഡൽഹിയിലേക്ക് പോയില്ല. അതിനുള്ള കാശുണ്ടായിരുന്നില്ല എന്നത് തന്നെ കാരണം.
സ്വന്തം ഗ്രാമത്തിൽ താമസിച്ചായിരുന്നു പഠനം. സ്വന്തം നിലക്കുള്ള തയാറെടുപ്പ്. ആദ്യ രണ്ടുതവണയും പരാജയമായിരുന്നു ഫലം. പിൻമാറാതെ ഒരിക്കൽ കൂടി ശ്രമിച്ചപ്പോൾ ഇന്ത്യൻ റവന്യൂ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐ.എ.എസ് ആയിരുന്നു ലക്ഷ്യം എന്നതിനാൽ ഒരിക്കൽ കൂടി പരീക്ഷയെഴുതാൻ തീരുമാനിച്ചു. നാലാമത്തെ ശ്രമത്തിൽ 2019ൽ ആ സ്വപ്നം സഫലമാവുകയും ചെയ്തു.
സിവിൽ സർവീസിനായി തയാറെടുക്കാനായി ഒരിക്കലും ഡൽഹിയിലേക്ക് പോകേണ്ടതില്ല എന്നാണ് അൻഷുമാന്റെ അഭിപ്രായം. ഇൻർനെറ്റിന്റെ സഹായത്തോടെ ആർക്കും എവിടെ നിന്നും പഠിക്കാൻ സാധിക്കും. അൻഷുമാന്റെ വിജയത്തിന് അടിത്തറ പാകിയത് നവോദയ വിദ്യാലയത്തിലെ പ്രാഥമികവിദ്യാഭ്യാസമാണെന്ന് നിസ്സംശയം പറയാം. കഷ്ടപ്പാടാണെങ്കിലും അച്ഛനുമമ്മയും മികച്ച പിന്തുണയും നൽകി. ജോലിക്ക് പോയി കുടുംബം നോക്കാൻ അവർ ഒരിക്കലും മകനോട് ആവശ്യപ്പെട്ടില്ല. മകന്റെ ആഗ്രഹം നിറവേറ്റുക എന്നതായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും പ്രധാനം.
അംഗനവാടി ടീച്ചറായിരുന്നു അമ്മ. 1500 രൂപ പ്രതിമാസം വരുമാനമായി ലഭിക്കും. അതോടൊപ്പം ഒരു ബ്യൂട്ടി പാർലറും നടത്തിയിരുന്നു. അരിമില്ല് നടത്തിയായിരുന്നു പിതാവ് കുടുംബം പോറ്റിയിരുന്നത്. എന്നാൽ വലിയ നഷ്ടമായതോടെ 2012ൽ അരിമില്ല് വിറ്റു. വൈകാതെ അദ്ദേഹത്തിന് ലിവർ സീറോസിസും സ്ഥിരീകരിച്ചു. ജോലിക്കു പോകാൻ പറ്റാത്ത സാഹചര്യം വന്നതോടെ, അമ്മയായിരുന്നു കുടുംബത്തിന്റെ അത്താണി. കുടുംബത്തിലെ മൂത്ത മകനായിരുന്നു അൻഷുമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.