വാർഷിക ശമ്പളം 50 ലക്ഷം; ഐ.ഐ.ടിയിൽ പഠിക്കാത്ത അലംകൃത സാക്ഷിക്ക് ഗൂഗ്ളിൽ ഉയർന്ന ജോലി
text_fieldsപൊട്ടിപ്പൊളിഞ്ഞു താറുമാറായ റോഡുകളുടെയും പാലങ്ങൾ പൊളിയുന്നതിന്റെയും പേരിലാണ് പലപ്പോഴും ബിഹാർ വാർത്തകളിൽ ഇടംപിടിക്കാറുള്ളത്. അതിന്റെ കുത്തൊഴുക്കിനിടയിൽ മറ്റ് വാർത്തകളെല്ലാം ചിലപ്പോൾ അപ്രധാനമായിപ്പോകും. ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ ഏവർക്കും പ്രചോദനം നൽകുന്ന അലംകൃത സാക്ഷി എന്ന പെൺകുട്ടിയെ ആണ് പരിചയപ്പെടുത്തുന്നത്. 60 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ഗൂഗ്ളിൽ നിന്ന് ജോലിവാഗ്ദാനം ലഭിച്ചതോടെയാണ് അലംകൃതയെ കുറിച്ച് പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്.
അലംകൃത ഐ.ഐ.ടിയിലോ ഐ.ഐ.എമ്മിലോ അല്ല പഠിച്ചത്. സാധാരണ ഇത്തരം ജോലികൾ ലഭിക്കുക രാജ്യത്തെ ഉന്നത ടെക് സ്ഥാപനങ്ങളിൽ പഠിച്ചവർക്കാണ്.
ഗൂഗ്ളിൽ സെക്യൂരിറ്റി അനലിസ്റ്റായാണ് അലംകൃത ജോലിക്ക് കയറിയത്. അതിലേക്ക് എത്താൻ സഹായിച്ചവരെ നന്ദിപൂർവം സ്മരിച്ചുകൊണ്ട് ഈ മിടുക്കി ലിങ്ക്ഡ് ഇനിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഭഗൽപൂരിലെ സിംറ എന്ന ഗ്രാമത്തിൽ നിന്നാണ് അലംകൃത വരുന്നത്. പിതാവ് ശങ്കർ മിശ്രക്ക് വർഷങ്ങളായി ഝാർഖണ്ഡിലാണ് ജോലി. അതിനാൽ കുടുംബവും അവിടെയാണ്. അമ്മ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ്.
ഝാർഖണ്ഡിലായിരുന്നു അലംകൃതയുടെ സ്കൂൾ വിദ്യാഭ്യാസം. ഹസരിബാഗിലെ യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ബി.ടെക്കും കരസ്ഥമാക്കി. കാംപസ് പ്ലേസ്മെന്റ് വഴി ഈ പെൺകുട്ടിക്ക് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ(വിപ്രോ) ജോലി ലഭിച്ചു.
എന്നാൽ ഗൂഗ്ൾ ആയിരുന്നു അലംകൃതയുടെ സ്വപ്നം. ലക്ഷ്യം നേടാനുള്ള ശ്രമങ്ങളും തുടങ്ങി. ഗൂഗ്ളിലേക്ക് അപേക്ഷകൾ അയക്കാനും തുടങ്ങി. ഒടുവിൽ തെരഞ്ഞെടുത്തതായി കാണിച്ച് ഗൂഗ്ളിൽനിന്ന് അറിയിപ്പും വന്നു.രണ്ടുമാസം മുമ്പാണ് അലംകൃത ഗൂഗ്ളിൽ സെക്യൂരിറ്റി അനലിസ്റ്റായി ജോലിക്ക് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.