21ാം വയസിൽ ഒരു ഗ്രാമം ദത്തെടുത്ത ബി.ടെക് ബിരുദധാരി; അതാണ് ഐ.എ.എസ്, ഐ.പി.എസ്, ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും മാനേജ്മെന്റ് പഠിപ്പിക്കുന്ന നവീൻ കൃഷ്ണ റായി
text_fieldsതൊട്ടതെല്ലാം പൊന്നാക്കിയ ഒരു യുവാവിനെ കുറിച്ചാണ് ഈ കുറിപ്പ്. കഴിവും ക്രിയാത്മകമായ സമീപനവുമുപയോഗിച്ച് ജീവിതം എങ്ങനെ മാറ്റിയെടുക്കാമെന്ന് തെളിയിച്ച നവീൻ കൃഷ്ണ റായിയെ കുറിച്ച്. ജനാധിപത്യത്തിന്റെ നാലു തൂണുകൾ എന്നറിയപ്പെടുന്ന എക്സിക്യുട്ടീവ്, ലെജിസ്ലേചർ, ജുഡീഷ്യറി, മീഡിയ മേഖലകളിൽ ജോലി ചെയ്ത അനുഭവസമ്പത്താണ് 30 വയസിനിടെ നവീൻ ആർജിച്ചെടുത്തത്. കഷ്ടപ്പാടുകളിലൂടെയായിരുന്നു നവീന്റെ ബാല്യം.
യു.പിയിലെ ഗാസിപൂർ ജില്ലയിലെ ബിർപൂരിലാണ് ജനിച്ചത്. നവീൻ ജനിക്കുന്നതിനു മാസങ്ങൾക്കു മുമ്പേ പിതാവ് മരിച്ചു. പിന്നീട് അമ്മയായിരുന്നു നവീന് എല്ലാം. ജീവിതത്തിൽ താൻ കൈവരിച്ച വിജയങ്ങളുടെ ക്രെഡിറ്റ് അമ്മക്കാണ് ഈ മകൻ നൽകുന്നത്. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലൂടെ ആ കുടുംബം ജീവിതം മുന്നോട്ടു നയിച്ചത്.
അമ്മ കഷ്ടപ്പെടുമ്പോൾ നന്നായി പഠിക്കുക എന്നതാണ് തന്റെ കടമയെന്ന് മകൻ തിരിച്ചറിഞ്ഞു. പ്രയാഗ് രാജിലെ ജവഹർ നവോദയ വിദ്യാലയത്തിലായിരുന്നു 12ം ക്ലാസ് വരെ നവീൻ പഠിച്ചത്. അതിനു ശേഷം ഗൊരഖ്പൂരിലെ മദൻ മോഹൻ മാളവ്യ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ബി.ടെക് ബിരുദം നേടി.
കുട്ടിക്കാലം തൊട്ടേ ആളുകളോട് സംസാരിക്കാൻ നവീന് ഇഷ്ടമായിരുന്നു. വിദ്യാർഥിയായിരിക്കെ അവനിലെ നേതൃപാടവം അധ്യാപകർ കണ്ടറിഞ്ഞു.ബി.ടെക് പഠനത്തിനിടെ സാമൂഹിക സേവനത്തിലും മുഴുകി. ബിരുദപഠനം പൂർത്തിയാക്കിയ ഉടൻ മനസുവെച്ചാൽ നല്ലൊരുകമ്പനിയിൽ ജോലി ലഭിക്കുമായിരുന്നു. അത് വേണ്ടെന്ന് വെച്ചാണ് നവീൻ നക്സൽബാധിത മേഖലയിൽ ബ്യൂറോക്രാറ്റുകളുമൊത്ത് സാമൂഹിക സേവനത്തിനിറങ്ങിയത്.
2015ൽ ഗോരഖ്പൂരിലെ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന രഞ്ജൻ കുമാർ ഐ.എ.എസിന്റെ മാർഗനിർദേശ പ്രകാരം നവീൻ ഗോരഖ്പൂരിലെ ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങൾക്കായി ഗ്രാമീണ യുവജന നേതൃത്വ പരിപാടി ആരംഭിച്ചു.
പരിപാടിയുടെ സഹായത്തോടെ, ഗ്രാമീണ വാസസ്ഥലങ്ങളിൽ നിന്നുള്ള യുവാക്കളെ നേതൃഗുണങ്ങൾ വികസിപ്പിക്കുന്നതിന് സഹായിക്കാൻ കഴിഞ്ഞു. 21ാം വയസ്സിൽ നവീനും ഗൊരഖ്പൂരിലെ കമ്മീഷണർ പി. ഗുരുപ്രസാദും കൂടി കോർബബാർ ബ്ലോക്കിലെ 'മോതിരം അദ്ദ' ഗ്രാമം ദത്തെടുത്തു. അതുവഴി ആ ഗ്രാമത്തെ യുവാക്കളിൽ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം വളർത്താൻ അവർക്ക് സാധിച്ചു.
മാനേജ്മെന്റ് മേഖലയിൽ ബിരുദമില്ലാത്ത നവീൻ വിവിധ സർക്കാർ ഓഫിസർമാരെ മാനേജ്മെന്റും പഠിപ്പിച്ചു. വിഷയത്തിലെ അവഗാഹമാണ് നവീനെ തുണച്ചത്. അർധസൈനിക സേന, പൊലീസ്, അഡ്മിനിസ്ട്രേറ്റീവ്, ജുഡീഷ്യൽ സർവീസ് പരിശീലന അക്കാദമിക് ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവർക്ക് മാനേജ്മെന്റ് വിഷയങ്ങളിൽ പരിശീലനം നൽകാൻ ഈ ചെറുപ്പക്കാരന് നിരന്തരം വിളികൾ വരും. സംസ്ഥാന പൊലീസ് സർവീസ്, ഇന്റേണൽ റവന്യൂ സർവീസ് (ഐ.ആർ.എസ്), അഡ്മിനിസ്ട്രേറ്റീവ് സർവീസ്, സെൻട്രൽ റിസർവ് ഫോഴ്സ് എന്നിവയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ നവീൻ പരിശീലിപ്പിച്ചിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിലെ സർക്കാർ കമ്മിറ്റികളിൽ അംഗമായ നവീൻ നിലവിൽ ഇൻഡോർ ഐ.ഐ.എമ്മിലെ സർക്കാർ കാര്യ മാനേജറായി പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.