വയസ്സ് മൂന്നര, ഓർമ്മശക്തിയിൽ മിടുക്ക് കാട്ടി ഫാത്തിമ സഹ്റ
text_fieldsഫാത്തിമ സഹ്റക്ക് മൂന്നര വയസ്സേയുള്ളൂ. പക്ഷേ, സംസാരിച്ചുതുടങ്ങിയാൽ ഓർമ്മശക്തി കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തും ഈ മിടുക്കി. മൂന്ന് മിനിറ്റ് 32 സെക്കൻഡ് കൊണ്ട് 193 രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞ് പറയാനറിയാം ഫാത്തിമ സഹ്റക്ക്. ഇന്ത്യയുടെ 28 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും പറയാൻ വെറും 56 സെക്കൻഡ് മതി. 80 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഏഴ് മിനിറ്റ് എട്ട് സെക്കൻഡിനുള്ളിൽ ഉത്തരം പറയും.
ഗ്രഹങ്ങളുടെ പേര്, 14 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പേര്, 16 ഇംഗ്ലീഷ് നഴ്സറി റൈമുകൾ, 15 ഖുർആൻ അധ്യായങ്ങൾ എന്നിവയെല്ലാം മനഃപാഠമാണ്. മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, പഴങ്ങൾ, പച്ചക്കറികൾ, മനുഷ്യ ശരീരഭാഗങ്ങൾ, നിറങ്ങൾ എന്നിവയുടെയെല്ലാം ഇംഗ്ലീഷ് പേരുകളും ഞൊടിയിട കൊണ്ട് പറയും. അസാധാരണമായ ഗ്രാഹ്യശേഷിയുടെ പേരിൽ കലാംസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് ഫാത്തിമ സഹ്റ.
പെരുമ്പടപ്പ് കോടത്തൂർ സ്വദേശി ഒ.വി. ഫാരിസിന്‍റെയും സറീനയുടെയും മകളാണ്. മാതാവ് സറീന ഖുർആൻ പരായണം ചെയ്യുന്നത് നിമിഷങ്ങൾക്കുള്ളിൽ മനഃപാഠമാക്കി തിരിച്ചു ചൊല്ലി തുടങ്ങിയത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് വീട്ടുകാർ ഫാത്തിമ സഹ്റയുടെ കഴിവുകൾ തിരിച്ചറിയുന്നതും പരിശീലനം നൽകി തുടങ്ങിയതും. പതാകക്കൊപ്പം അതത് രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേരും പറയുന്നതിനുള്ള പരിശീലനത്തിലാണിപ്പോൾ. 50ലധികം രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേര് ഇതിനകം പഠിച്ചുകഴിഞ്ഞു. ഓർമ്മശക്തിയുടെ മികവിന് അംഗീകാരം നേടിയ ഫാത്തിമ സഹ്റയെ അഭിനന്ദിച്ച് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.