പത്താംക്ലാസിൽ 44.7 ശതമാനം മാർക്ക്, യു.പി.എസ്.സി പരീക്ഷയിൽ 77ാം റാങ്ക്; കൊതിപ്പിക്കുന്ന വിജയവുമായി അവനീഷ് ശരൺ
text_fieldsഐ.എ.എസ് എന്ന ആരും കൊതിക്കുന്ന മൂന്നക്ഷരങ്ങൾ പേരിനു മുന്നിൽ അലങ്കരിക്കാനുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല. സ്ഥിരോത്സാഹമുണ്ടെങ്കിൽ ഏതു തടസ്സങ്ങളെയും ചെറുത്തു തോൽപിച്ച് ആരും കൊതിക്കുന്ന വിജയം സ്വന്തമാക്കാൻ കഴിയും എന്നതിന് തെളിവാണ് അവനീഷ് ശരണിന്റെ ജീവിതം.
ബിഹാർ സ്വദേശിയായ അവനീഷിന്റെ വിദ്യാഭ്യാസം സർക്കാർ വിദ്യാലയത്തിലായിരുന്നു. വെറുമൊരു ശരാശരി വിദ്യാർഥി. പത്താംക്ലാസിൽ 44.7 ശതമാനം മാർക്കാണ് അവനീഷിന് ലഭിച്ചത്. 700ൽ 314 മാർക്ക്. പ്ലസ്ടുവെത്തിയപ്പോഴേക്കും പഠന നിലവാരം കുറച്ചു കൂടി മെച്ചപ്പെടുത്താൻ അവനീഷിന് സാധിച്ചു. 12ാം ക്ലാസിൽ 65 ശതമാനം മാർക്ക് നേടിയ അവനീഷ് ബിരുദവും ഫസ്റ്റ് ക്ലാസിൽ വിജയിച്ചു. അക്കാലത്ത് പഠനം കഴിഞ്ഞ് എന്തെങ്കിലുമൊരു ജോലി വേണമെന്നായിരുന്നു മനസിൽ. സിവിൽ സർവീസ് പരീക്ഷയെ കുറിച്ചൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. പതിവായി പി.എസ്.സി പരീക്ഷ എഴുതുമായിരുന്നു. കാര്യമായ തയാറെടുപ്പുകൾ ഇല്ലാതിരുന്നതിനാൽ പരാജയമായിരുന്നു ഫലം. ആരോ പറഞ്ഞതനുസരിച്ചാണ് ശ്രദ്ധ സിവിൽ സർവീസിലേക്ക് കേന്ദ്രീകരിച്ചത്. ആദ്യത്തെ ശ്രമത്തിൽ ഇന്റർവ്യൂ വരെയെത്താൻ സാധിച്ചത് വലിയ പ്രചോദനമായി. രണ്ടാംശ്രമത്തിൽ 77ാം റാങ്ക് നേടി 2009ലെ ഐ.എ.എസ് ബാച്ചുകാരനായി നാടിന് അഭിമാനമായി മാറി ഈ മിടുക്കൻ. ഇപ്പോൾ ഛത്തീസ്ഗഢിലാണ് സേവനമനുഷ്ടിക്കുന്നത്.
വ്യക്തിഗതമായ നേട്ടമായല്ല തന്റെ വിജയത്തെ അവനീഷ് വിലയിരുത്തുന്നത്. കടന്നു വന്ന വഴികളിൽ ഒരുപാട് പേർ പ്രചോദനം നൽകി.വലിയ അക്കാദമിക് മികവില്ലെങ്കിലും നന്നായി പരിശ്രമിച്ചാൽ സിവിൽ സർവീസ് നേടാൻ സാധിക്കുമെന്ന് കാണിക്കാനായി 2022ൽ അവനീഷ് തന്റെ 10ാം ക്ലാസ് പരീക്ഷയിലെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.