റിസർവ് ബാങ്കിൽ ജോലി, ലഞ്ച് ബ്രേക്കിനിടെ പഠിച്ച് ആദ്യ ശ്രമത്തിൽ ഐ.എ.എസ് നേടിയ ഡൽഹി പെൺകുട്ടി
text_fieldsപഠിക്കുന്ന കാലത്ത് പെട്ടെന്ന് ഒരു ജോലി നേടണം എന്നായിരിക്കും മിക്കവരും സ്വപ്നം കാണുക. ജോലി കിട്ടിക്കഴിഞ്ഞാൽ അതിനേക്കാൾ മികച്ചത് അന്വേഷിച്ചുകൊണ്ടിരിക്കും ചിലർ. മറ്റു ചിലർ കിട്ടിയ ജോലിയിൽ തന്നെ ചടഞ്ഞുകൂടും. ആദ്യം പറഞ്ഞ വിഭാഗത്തിൽ പെട്ടതാണ് ഡൽഹി സ്വദേശിയായ സൃഷ്ടി ദബാസ്. ആദ്യ ശ്രമത്തിൽ തന്നെ ആറാംറാങ്കിന്റെ തിളക്കവുമായാണ് സൃഷ്‍ടി ഐ.എ.എസ് സ്വന്തമാക്കിയത്. എഴുത്തുപരീക്ഷയിൽ 862 മാർക്കായിരുന്നു ഈ മിടുക്കിക്ക് ലഭിച്ചത്. പേഴ്സണാലിറ്റി പരീക്ഷയിൽ 186 മാർക്കും ലഭിച്ചു. ആകെ 1048 മാർക്ക് നേടിയാണ് സൃഷ്ടി ലക്ഷങ്ങൾ എഴുതുന്ന രാജ്യത്തെ ഏറ്റവും വിഷമം പിടിച്ച മത്സര പരീക്ഷയിൽ ആറാംറാങ്ക് എത്തിപ്പിടിച്ചത്.
മുംബൈയിലെ റിസർവ് ബാങ്കിൽ ജോലി ചെയ്യവെയാണ് സൃഷ്ടി സിവിൽ സർവീസിനായി പരിശ്രമിക്കുന്നത്. ഡൽഹിയിലായിരുന്നു സ്കൂൾ, കോളജ് വിദ്യാഭ്യാസം. ബിരുദ ശേഷം കേന്ദ്ര സാമൂഹിക ക്ഷേമ ശാക്തീകരണ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അതിനു ശേഷം റിസർവ് ബാങ്കിലെ ഹ്യൂമൺ റിസോഴ്സ് വിഭാഗത്തിൽ ജോലി ചെയ്തു. ജോലിത്തിരക്കിനിടയിലായിരുന്നു സിവിൽ സർവീസ് പരീക്ഷ പരിശീലനമെങ്കിലും ഒരു വിട്ടുവീഴ്ചക്കും സൃഷ്ടി തയാറായിരുന്നില്ല. പഠനത്തിനായി ജോലി ഉപേക്ഷിച്ചില്ല, മാത്രമല്ല ലീവെടുത്തുള്ള തയാറെടുപ്പും ഒഴിവാക്കി. ഉച്ചഭക്ഷണത്തിന് കിട്ടുന്ന ഒരു മണിക്കൂർ സമയമായിരുന്നു പരീക്ഷക്ക് തയാറെടുക്കാൻ കൂടുതലായും വിനിയോഗിച്ചത്.
ഡൽഹി പൊലീസിലായിരുന്നു സൃഷ്ടിയുടെ അച്ഛന് ജോലി. ഗംഗ ഇന്റർനാഷനൽ സ്കൂളിലാണ് പഠിച്ചത്. 96 ശതമാനം മാർട്ട് നേടിയാണ് 12ാം ക്ലാസ്‍ വിജയിച്ചത്. അതിനു ശേഷം ഡൽഹി യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേർന്നു. പൊളിറ്റിക്കൽ സയൻസായിരുന്നു സബ്ജക്റ്റ്. ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.ജിയും പൂർത്തിയാക്കി.
അതിനു ശേഷമാണ് റിസർവ് ബാങ്കിൽ ജോലി ലഭിക്കാൻ പരീക്ഷയെഴുതിയത്. സിവിൽ സർവീസ് അഭിമുഖത്തിനിടെ ജോലിയും പഠനവും എങ്ങനെ ബാലൻസ് ചെയ്തു കൊണ്ടുപോയി എന്ന ചോദ്യവും സൃഷ്ടി നേരിട്ടു. വലിയ വെല്ലുവിളിയായിരുന്നു ആ പഠനകാലമെന്ന് സൃഷ്ടി ഓർക്കുന്നു. റിസർവ് ബാങ്ക് ലൈബ്രറിയെയാണ് പഠനത്തിനായി ആശ്രയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.