ദിവസവും 16 മണിക്കൂർ പഠിച്ചില്ല, കോട്ടയിൽ കോച്ചിങ്ങിന് പോയില്ല; സ്വന്തം നിലക്ക് തയാറെടുത്ത് ജെ.ഇ.ഇ മെയിൻസിൽ കൽപിത് കുറിച്ചത് റെക്കോഡ് വിജയം
text_fieldsകൽപിത് വീർവെൽ
2017ലാണ് ജെ.ഇ.ഇ മെയിൻസിൽ 360ൽ 360 മാർക്ക് നേടി കൽപിത് വീർവൽ ചരിത്രം കുറിച്ചത്. ജെ.ഇ.ഇ മെയിൻസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാർഥി മുഴുവൻ മാർക്കും നേടുന്നത്. നേട്ടവുമായി കൽപിത് വാർവാൾ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുകയും ചെയ്തു. വലിയ മാർക്ക് നേടിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കി ലക്ഷങ്ങൾ കിട്ടുന്ന ശമ്പളങ്ങൾ കിട്ടുന്ന ജോലിക്കു പിറകെ പോവാനായിരുന്നില്ല ഈ മിടുക്കന്റെ ആഗ്രഹം. സ്വന്തം നിലക്ക് സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യം.
അധികം വൈകാതെ തന്നെ കൽപിതിന്റെ സ്റ്റാർട്ടപ്പ് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠന ആശ്രയമായി മാറി. ജനിച്ചത് ഉദയ്പൂരിലെ സാധാരണ കുടുംബത്തിലാണ് കൽപിത് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഉദയ്പൂരിലെ മഹാറാണ ഭൂപാൽ ഗവ. ആശുപത്രിയിലെ കമ്പോണ്ടർ ആയിരുന്നു. അമ്മ പുഷ്പ വീർവൽ സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ നല്ല വിദ്യാഭ്യാസം നേടണമെന്ന് ആ മാതാപിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ആ അനുകൂല സാഹചര്യം മുതലെടുത്ത് കൽപിത് നന്നായി പഠിച്ചു. ജെ.ഇ.ഇ പരീക്ഷയെഴുതുന്ന ഭൂരിഭാഗം വിദ്യാർഥികളെയും പോലെ രാജസ്ഥാനിലെ കോട്ടയിൽ കോച്ചിങ്ങിനു പോകാൻ കൽപിത് ഇഷ്ടപ്പെട്ടില്ല. സ്കൂൾ പഠനത്തിനൊപ്പം സ്വന്തം നിലക്കും തയാറെടുത്താണ് ഈ മിടുക്കൻ ജെ.ഇ.ഇ പരീക്ഷയെഴുതിയത്. അതുപോലെ ദിവസം 16മണിക്കൂർ കുത്തിയിരുന്ന് പഠിക്കുന്ന ശീലവും കൽപിതിന് ഉണ്ടായിരുന്നില്ല. എന്നാൽ പഠിക്കാനായി ഇരിക്കുന്ന സമയം പരിപൂർണമായി വിനിയോഗിക്കാൻ കൽപിത് ശ്രദ്ധിച്ചു. നീണ്ട മണിക്കൂറുകൾ പഠിക്കുന്നതിനേക്കാൾ നല്ലത് അതാണെന്നും കൽപിത് പറയുന്നു. ഇക്കാര്യം എല്ലാ അഭിമുഖങ്ങളിലും കൽപിത് തുറന്നുപറയുകയും ചെയ്തു.
നാഷനൽ ഒളിമ്പ്യാഡ്, കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, നാഷനൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ എന്നീ സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയി കൂടിയാണ് കൽപിത്. ജെ.ഇ.ഇ മെയിൻസിലെ റെക്കോഡ് വിജയത്തിന് ശേഷം കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥിയായി ബോംബെ ഐ.ഐ.ടിയിൽ ജോയിൻ ചെയ്തു. അവിടെ എല്ലാവരും ബിരുദം പൂർത്തിയാക്കുന്നതിന്റെയും ക്യാംപസ് പ്ലേസ്മെന്റുകളുടെയും ആറക്ക ശമ്പളം കിട്ടുന്ന ജോലികളുടെയും പിറകെയായിരുന്നു. അവിടെയും കൽപിത് വ്യത്യസ്തനായിരുന്നു.
മേൽപറഞ്ഞ കാര്യങ്ങളിലൊന്നും കൽപിതിന് താൽപര്യം തോന്നിയില്ല. ബോംബെ ഐ.ഐ.ടിയിൽ രണ്ടാംവർ ബിരുദ വിദ്യാർഥിയായിരിക്കെ കൽപിത് ഒരു യൂട്യൂബ് ചാനൽ തുടങ്ങി. തന്റെ പഠന ടിപ്സുകൾ പങ്കുവെച്ചായിരുന്നു തുടക്കം. കൽപിതിന്റെ പഠന രീതികൾക്ക് ആരാധകൾ ഒരുപാടുണ്ടായി. യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിക്കാൻ അധിക കാലം വേണ്ടിവന്നില്ല. 2019ൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയപ്പോൾ യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടനും ലഭിച്ചു. അതോടെ കൽപിതിന്റെ ആത്മവിശ്വാസം കുതിച്ചുയർന്നു. യൂട്യൂബ് ചാനലിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാൻ കൽപിത് പഠനം ഉപേക്ഷിക്കാനും തയാറായി.
ബിരുദം നേടാൻ ഒരു സെമസ്റ്റർ മാത്രം ശേഷിക്കെയായിരുന്നു ഈ കടുത്ത തീരുമാനം. നാലാംവർഷ ബിരുദ വിദ്യാർഥിയായിരിക്കെ കൽപിതിന്റെ അക്കാദ്ബൂസ്റ്റ് ലാഭത്തിലായി. അതിന്റെ അനന്തസാധ്യതകൾ മനസിലാക്കിയാണ് കൽപിത് പഠനം നിർത്താൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.