ഗൂഗ്ളിലെ 2.2 കോടിയുടെ ശമ്പളമുള്ള ജോലി വിട്ട് ജെ.പി മോർഗനിൽ; 29ാം വയസിൽ റിട്ടയർ ചെയ്ത് സ്വന്തം ബിസിനസ് തുടങ്ങിയ ദാനിയൽ ജോർജ്
text_fieldsഇരുപതുകളുടെ അവസാനത്തിൽ കരിയറിലെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും ഭാവിജീവിതം സുസ്ഥിരമാക്കാനുമുള്ള ഓട്ടത്തിലായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ ചിലയാളുകൾ സാമ്പത്തിക സുസ്ഥിരത ഉൾപ്പെടെയുള്ള ദീർഘകാല ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്ന സമയം കൂടിയാണിത്. കരിയർ അനുവദിച്ചാൽ നേരത്തേ വിരമിക്കുന്നത് ഉൾപ്പെടെ അവർ ചിട്ടപ്പെടുത്തി വെക്കും. അത്തരത്തിലൊരാളാണ് ബോംബെ ഐ.ഐ.ടി ബിരുദധാരിയായ ദാനിയൽ ജോർജ്.
29 വയസാവുമ്പോഴേക്കും വലിയ സമ്പാദ്യമൊന്നുമുണ്ടാക്കാൻ ഭൂരിഭാഗം യുവാക്കൾക്കും കഴിയണമെന്നില്ല. മാത്രമല്ല, ചിലർക്ക് ജോലി കിട്ടിത്തുടങ്ങിയിട്ടേ ഉണ്ടാവുകയുള്ളൂ ആ പ്രായത്തിൽ. അവിടെയാണ് ദാനിയൽ വേറിട്ടു നിൽക്കുന്നത്. ഗൂഗ്ളിലാണ് അദ്ദേഹം ജോലി തുടങ്ങിയത്. 2018ൽ ഇന്റേൺഷിപ്പ് കഴിഞ്ഞയുടൻ 2.2 കോടി രൂപയുടെ വാർഷിക ശമ്പള പാക്കേജിലാണ് ദാനിയലിന് ഗൂഗ്ളിൽ ജോലി ലഭിച്ചത്.
ബോംബെ ഐ.ഐ.ടിയിൽ എൻജിനീയറിങ് ഫിസിക്സ് ആയിരുന്നു ദാനിയൽ പഠിച്ചത്. കുറഞ്ഞ കാലം വിദേശത്ത് ജോലിചെയ്ത് നാട്ടിലേക്ക് തിരിച്ചുവരാനുള്ള ആശയം പഠനകാലത്തേ ദാനിയലിന്റെ മനസിലുണ്ടായിരുന്നു. അങ്ങനെ 24ാം വയസിൽതന്നെ നേരത്തേ വിരമിക്കുന്നതിനെകുറിച്ച് ദാനിയൽ ആലോചിക്കാൻ തുടങ്ങി.
20കളിൽപണം ഏതൊക്കെ രീതിയിൽ നിക്ഷേപിക്കണം എന്നതിനെ കുറിച്ചും ദാനിയലിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഗൂഗ്ൾ അദ്ദേഹത്തിന്റെ സ്വപ്ന ഇടമായിരുന്നു. പല സൗകര്യങ്ങളും ഗൂഗ്ളിൽ ലഭിച്ചു. ഇഷ്ടം പോലെ ഭക്ഷണം, പിങ് പോങ് ടേബിളുകൾ, വിഡിയോ ഗെയിം മുറികൾ, സോക്കർ ഫീൽഡ്സ്, ഇ ജിം, ടെന്നീസ് കോർട്ട്, ഓഫിസിൽ തന്നെ സൗജന്യമായി മസാജിങ് സെന്റർ....അങ്ങനെയങ്ങനെ. ഒരു വർഷം ജോലി ചെയ്തപ്പോഴേക്കും ചെലവുചുരുക്കലിനെ കുറിച്ച് ദാനിയൽ നന്നായി മനസിലാക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ ഫിനാൻസും ടാക്സുമായി ഇഷ്ടവിഷയങ്ങൾ. തന്റെ വരുമാനത്തിൽ പകുതിയും നികുതിയിലേക്കാണ് പോകുന്നതെന്നും ദാനിയലിന് ബോധ്യം വന്നു. നികുതി ഭാരം കുറക്കാനായി റിട്ടയർമെന്റ് അക്കൗണ്ടുകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. ശമ്പളത്തിന്റെ 10 ശതമാനം മാത്രം ചെലവിനായി മാറ്റി വെച്ചു. ആഡംബര ജീവിതം ഒഴിവാക്കി. ജോലി സ്ഥലത്തേക്ക് കാൽനടയായോ ബൈക്കിലോ സഞ്ചരിച്ചു. വാടക കുറക്കുന്നതിന്റെ ഭാഗമായി അപാർട്മെന്റ് മറ്റുള്ളവരുമായി പങ്കുവെച്ചു. ഗൂഗ്ളിൽ സൗജന്യമായി ലഭിക്കുന്ന ഭക്ഷണം മാത്രം കഴിച്ചു. അങ്ങനെ നല്ലൊരു തുക സമ്പാദിക്കാൻ സാധിച്ചു. ബോറായി ആളുകൾക്ക് തോന്നാമെങ്കിലും ഒരു എ.ഐ വിദഗ്ധൻ കൂടിയായ ദാനിയലിന് ഒട്ടും ബോറടിച്ചതേ ഇല്ല ആ കാലം.
ഗൂഗ്ളിലെ എ.ഐ സയന്റിസ്റ്റായിരുന്നു ദാനിയലിന്റെ പ്രതിശ്രുത വധു. കുറച്ചു കാലം യു.എസിൽ തുടരാൻ തീരുമാനിച്ച ദാനിയൽ സമ്പത്ത് വർധിപ്പിക്കുന്നതിലും ജാഗ്രത കാണിച്ചു. 2020ൽ ദാനിയൽ ഗൂഗ്ൾ വിട്ട് അമേരിക്കയിലെ വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ജെ.പി മോർഗനിൽ ചേർന്നു. അതോടെ വരുമാനം ഇരട്ടിച്ചു. എങ്കിലും ആഡംബരത്തിൽ താൽപര്യം കാണിക്കാതെ ലളിത ജീവിതം തുടർന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ തന്റെ 29ാം വയസിൽ ദാനിയൽ ജോലി വിട്ട് സ്റ്റാർട്ടപ്പ് തുടങ്ങാൻ തീരുമാനമെടുത്തു. ഭാര്യക്കും മക്കൾക്കുമൊപ്പം ആയുഷ്‍കാലം കഴിയാനുള്ള സമ്പത്ത് ഇപ്പോൾ ദാനിയലിന്റെ കൈയിലുണ്ട്. ആയതിനാൽ കുടുംബം വലുതാക്കുക എന്നതാണ് ദാനിയലിന്റെ ഇപ്പോഴത്തെ പ്ലാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.