ഐ.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ
text_fieldsപരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ലാത്ത ഒരാളാണ് എഡ്-ടെക് യുനികോൺ ഫിസിക്സ് വാലയുടെ സി.ഇ.ഒ അലഖ് പാണ്ഡെ. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ എഡ് ടെക് പ്ലാറ്റ്ഫോമുകളിലൊന്നാണിത്. 2023 സാമ്പത്തിക വർഷത്തിൽ 4.6 കോടി രൂപയാണ് അലഖ് പാണ്ഡെയും വാർഷിക ശമ്പളം. അതിനു മുമ്പുള്ള വർഷങ്ങളിൽ വാർഷിക ശമ്പളം 9.6 കോടിയായിരുന്നു.
കഴിഞ്ഞ കുറെ കാലമായി ഇന്ത്യയിൽ ട്യൂഷൻ മേഖല കാര്യമായ നേട്ടമുണ്ടാക്കുന്നുണ്ട്. പ്രമുഖ ഐ.ഐ.ടിയിൽ പഠിക്കണം എന്നായിരുന്നു അലഹാബാദ് സ്വദേശിയായ അലഖിന്റെ ആഗ്രഹം. എന്നാൽ എൻട്രൻസ് പരീക്ഷയിൽ അദ്ദേഹം എട്ടുനിലയിൽ പൊട്ടി. പിന്നീട് ജീവിക്കാനായി ട്യൂഷൻ എടുത്തുതുടങ്ങി. 5000 രൂപയായിരുന്നു ആദ്യ ശമ്പളം.
പാവപ്പെട്ട കുടുംബത്തിലാണ് അലഖ് ജനിച്ചത്. ബോളിവുഡ് നടനാകണമെന്നും അലഖ് സ്വപ്നം കണ്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി തടസ്സമായി. അലഖിന്റെയും സഹോദരി അതിഥിയുടെയും വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വീട് വിറ്റു. എട്ടാംക്ലാസ് മുതൽ കുടുംബത്തെ സഹായിക്കാൻ ട്യൂഷനെടുത്തു തുടങ്ങി. കഷ്ടപ്പാടിനിടയിലും 10ലും 12ലും യഥാക്രമം 91 ശതമാനം, 93.5ശതമാനം മാർക്ക് വാങ്ങിയാണ് വിജയിച്ചത്.
ഐ.ഐ.ടിയിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ കാൺപൂരിലെ ഹാർകോർട്ട് ബട്‍ലർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠനം തുടങ്ങി. എന്നാൽ കോഴ്സ് പൂർത്തിയാക്കിയില്ല.
2016 മുതൽ പഠന സംബന്ധമായ വിഡിയോകൾ നിർമിച്ച് സ്വന്തം യൂട്യൂബ് ചാനൽ വഴി പുറത്തുവിടാൻ തുടങ്ങി. അതാണ് ഫിസിക്സ് വാലായുടെ തുടക്കം എന്ന് പറയാം. കോവിഡ് കാലത്ത് ഉത്തർപ്രദേശിലെ ചെറിയ മുറിയിൽ വെച്ചായിരുന്നു യൂട്യൂബ് വിഡിയോകൾ ചെയ്തിരുന്നത്. വിഡിയോകൾ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചു പറ്റി. പിന്നീട് എഡ് ടെക് കമ്പനി സ്ഥാപിച്ചു.
ഇപ്പോൾ അലഖിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ 500ലേറെ അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. 100 സാങ്കേതിക വിദഗ്ധരും. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 100 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 2000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 9000 കോടി മൂല്യമുണ്ട് ഫിസിക്സ് വാലക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യം മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരെയാണ് ചാനൽ വഴി ലക്ഷ്യമിട്ടത്. പിന്നീട് നിരവധി കോഴ്സുകൾ ചാനൽ വഴി പഠിപ്പിക്കാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.