മൂന്നുവർഷം മൊബൈൽ ഫോൺ തൊട്ടില്ല; കഠിന പരിശ്രമത്തിനൊടുവിൽ നേഹ നേടിയെടുത്തു ഐ.എ.എസ്
text_fieldsകുറച്ചു നേരത്തേക്ക് പോലും മൊബൈൽ ഫോൺ മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലുമാകാത്തവരാണ് നമ്മളിൽ ഏറെയും. ശരീരത്തിന്റെ ഒരു അവയവം പോലെയാണ് പലരും മൊബൈലിനെ കൊണ്ടുനടക്കുന്നത്. എന്നാൽ നമ്മുടെ സമയം വളരെയേറെ കവരുന്ന ഒരു ഉപകരണമാണ് മൊബൈൽ. പരീക്ഷക്ക് മാർക്ക് ലഭിക്കാതായാൽ ഉള്ളസമയം മൊബൈലിൽ കളിച്ചിട്ടല്ലേ എന്ന് കുറ്റപ്പെടുത്തലും സാധാരണമാണ്.
മികച്ച കരിയറിനു വേണ്ടി മൂന്നുവർഷം മൊബൈൽ ഫോൺ മാറ്റിവെച്ച ഒരാളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. നേഹ ബെയ്ദ്വാൾ ഐ.എ.എസിനെ കുറിച്ച്. രാജസ്ഥാനിലെ ജെയ്പൂരിലാണ് ജനിച്ചതെങ്കിലും സ്കൂൾ പഠനം ഭോപാലിലായിരുന്നു. സർക്കാർ ജോലിക്കാരനായിരുന്നു നേഹയുടെ പിതാവ് ശ്രാവൺ കുമാർ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിതാവിന് സ്ഥലംമാറ്റം കിട്ടുന്നതനുസരിച്ച് നേഹയുടെ സ്കൂളും മാറിക്കൊണ്ടിരുന്നു. പിതാവിന്റെ ജോലി കണ്ടാകണം, ചെറുപ്പംതൊട്ടേ കേന്ദ്രസർവീസിൽ ജോലി നേടണമെന്ന് നേഹയും ആഗ്രഹിച്ചു. ഛത്തീസ്ഗഡിലെ ഡി.ബി ഗേൾസ് കോളജിൽ നിന്ന് ഏറ്റവും മികച്ച മാർക്കോടെയാണ് നേഹ കോളജ് പഠനം പൂർത്തിയാക്കിയത്. ബിരുദം പൂർത്തിയാക്കിയ ശേഷം യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കാൻ തുടങ്ങി. എന്നാൽ തിരിച്ചടികളായിരുന്നു ഫലം. മൂന്നുതവണ ശ്രമിച്ചിട്ടും വിജയിക്കാൻ സാധിച്ചില്ല.
പരാജയപ്പെട്ടപ്പോൾ അതിന്റെ കാരണം കണ്ടെത്താൻ നേഹ ശ്രമിച്ചു. സോഷ്യൽ മീഡിയയും മൊബൈൽ ഫോണുമാണ് ശ്രദ്ധ മാറ്റിയതെന്ന് മനസിലാക്കി. അടുത്ത തവണ യു.പി.എസ്.സിക്കായി തയാറെടുക്കുമ്പോൾ ഫോൺ പാടെ ഒഴിവാക്കാൻ നേഹ തീരുമാനിച്ചു. അങ്ങനെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും പരീക്ഷക്കു വേണ്ടി പഠിച്ച് നേഹ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടുകയും ചെയ്തു. അക്കാലത്ത് സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെ കാണാൻ പോലും ശ്രമിച്ചില്ല.
ഒടുവിൽ നാലാമത്തെ ശ്രമത്തിൽ വിജയം നേഹയെ കടാക്ഷിച്ചു. 2021ൽ 569ാം റാങ്ക് നേടി നേഹ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ആ സമയത്ത് 24 വയസായിരുന്നു നേഹക്ക്. 960 മാർക്കാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ലഭിച്ചത്. സംവരണമുള്ളതിനാൽ താരതമ്യേന റാങ്ക് കുറഞ്ഞിട്ടും ഐ.എ.എസ് തന്നെ ലഭിച്ചു. ഉന്നത വിജയത്തിനു ശേഷം നേഹ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി. ഇൻസ്റ്റഗ്രാമിൽ 28,000 ആളുകളാണ് നേഹയെ പിന്തുടരുന്നത്. പരീക്ഷ നേരിടാനുള്ള ടിപ്സുകളും അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.