ദിവസവും ഒരു ചപ്പാത്തി മാത്രം കഴിച്ച് വിശപ്പകറ്റി; ദാരിദ്ര്യത്തെ തോൽപിച്ച് ഓട്ടോറിക്ഷ ഡ്രൈവറുടെ മകൾ നേടിയത് എയിംസ് പ്രവേശനം
text_fieldsരാജ്യത്തെ മെഡിക്കൽ സർവകലാശാലകളിൽ പ്രവേശനം നേടാനുള്ള പരീക്ഷയാണ് നീറ്റ് യു.ജി. ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും നീറ്റ് പരീക്ഷ എഴുതാറുള്ളത്. എന്നാൽ വളരെ കുറച്ചു പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എയിംസിൽ പ്രവേശനം നേടി ഡോക്ടറാകാൻ ഒരുങ്ങുന്ന മിടുക്കിയെ കുറിച്ചാണ് പറയാൻ പോകുന്നത്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ പ്രേരണ സിങ്ങിനെ കുറിച്ച്. 2023ലെ നീറ്റ് പരീക്ഷയിൽ 720 ൽ 686 മാർക്കാണ് പ്രേരണക്ക് ലഭിച്ചത്. കഠിനാധ്വാനം ഒന്ന് മാത്രമാണ് ഈ വിജയത്തിന് പിന്നിൽ.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു പ്രേരണയുടെ അച്ഛൻ ബ്രിജ്രാജ് സിങ്. അദ്ദേഹം ഓട്ടോ ഓടിച്ചു കിട്ടുന്നതായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. 2018ൽ ബ്രിജ്‍രാജിന് കാൻസർ ബാധിച്ചുമരിച്ചതോടെ നാലു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് അത്താണി നഷ്ടമായി. ആ കുടുംബം മാനസികമായും സാമ്പത്തികമായും തകർന്നു. മൂത്ത കുട്ടിയായിരുന്നു പ്രേരണ.
ബ്രിജ്രാജ് സിങ് എടുത്ത 27 ലക്ഷം രൂപ വായ്പയുടെ ഉത്തരവാദിത്തം സ്വാഭാവികമായും അമ്മയുടെയും പ്രേരണയുടെയും തലയിലായി. 12ാം ക്ലാസ് കഴിഞ്ഞു നീറ്റ് പരീക്ഷയെഴുതി ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടുകയായിരുന്നു പ്രേരണയുടെ ലക്ഷ്യം. എന്നാൽ കോച്ചിങ് സെന്ററിൽ അയക്കാനുള്ള പണം അമ്മയുടെ കൈവശമുണ്ടായിരുന്നില്ല.
കുടുംബ ബന്ധുക്കളിൽ ചിലർ അമ്മയെയും മകളെയും സാമ്പത്തികമായി സഹായിച്ചു. അങ്ങനെ നീറ്റ് കോച്ചിങ്ങിന് ചേർന്നു. അപ്പോഴും തന്നെ കൊണ്ട് സാധിക്കുന്നവിധം ചെലവ് ചുരുക്കാൻ പ്രേരണ ശ്രദ്ധിച്ചു. ഭക്ഷണം ഒരു നേരം മാത്രമാക്കി. ഒരു ദിവസത്തെ ഭക്ഷണം പലപ്പോഴും ഒരു ചപ്പാത്തിയിലും ചട്നിയിലുമൊതുങ്ങി. ബാക്കി സമയം വെള്ളം കുടിച്ച് വയറു നിറച്ചു.
എങ്കിലും പഠനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. 12 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. പഠിക്കാനിരിക്കുമ്പോൾ ഒരു ബുദ്ധിമുട്ടുകളെ കുറിച്ചും പ്രേരണ ചിന്തിച്ചില്ല. ഫലം വന്നപ്പോൾ ഉയർന്ന റാങ്ക് നേടി പ്രേരണ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അകാലത്തിൽ മരണം കൊണ്ടുപോയ അച്ഛന്റെ വലിയ സ്വപ്നമായിരുന്നു മകൾ ഉന്നത സ്ഥാനത്ത് എത്തുക എന്നത്. എന്തുബുദ്ധിമുട്ടുണ്ടെങ്കിലും നന്നായി പഠിക്കണമെന്ന് അദ്ദേഹം എപ്പോഴും മകളെ ഉപദേശിച്ചു. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ കോളജുകളിലൊന്നിൽ പഠിക്കുകയാണ് പ്രേരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.