രണ്ട് ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി പരീക്ഷയെഴുതി വിജയിച്ച് ഗോത്രവർഗ വിഭാഗത്തിലെ ആദ്യ വനിത ജഡ്ജിയായി ശ്രീപതി
text_fieldsചെന്നൈ: സ്വപ്നം കാണാൻ എല്ലാവർക്കും കഴിയും. എന്നാൽ പരമ്പരാഗത വാർപ്പുമാതൃകകൾ പൊളിച്ചുമാറ്റി ചരിത്രം കുറിക്കാൻ കുറച്ചുപേർക്കു മാത്രമേ സാധിക്കുകയുള്ളൂ. അവരുടെ പേരുകൾ തങ്കലിപികളിൽ തിളങ്ങിനിൽക്കും എക്കാലവും. അങ്ങനെയൊരു കഥയാണ് ശ്രീപതിയുടേത്. ഗോത്രവർഗ വിഭാഗത്തിലെ ആദ്യ വനിത സിവിൽ ജഡ്ജിയായതിന്റെ സന്തോഷത്തിലാണ് ശ്രീപതി. തമിഴ്നാട്ടിലെ മലായ് വെള്ളലർ ഗോത്രവർഗ വിഭാഗക്കാരിയാണ് ഈ 23കാരി. ടി.എൻ.പി.എസ്.സി നടത്തിയ സിവിൽ ജഡ്ജ് പരീക്ഷ പാസായതോടെയാണ് ശ്രീപതി ചരിത്രനേട്ടം കൈവരിച്ചത്.
തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെ പുളിയാറിലാണ് ശ്രീപതി ജനിച്ചത്. തന്റെ ഗോത്രവർഗത്തിൽ സ്കൂളിൽ പോകാൻ അവസരം ലഭിച്ച അപൂർവം പെൺകുട്ടികളിലൊരാണ് ശ്രീപതി. പഠിക്കാൻ സമർഥയായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷം നിയമം പഠിക്കാനാണ് ശ്രീപതി തീരുമാനിച്ചത്. ഗോത്രവർഗക്കാർ വളരെ നേരത്തേ വിവാഹം കഴിക്കും. അത് ശ്രീപതിയുടെ കാര്യത്തിലും സംഭവിച്ചു. ഭാഗ്യവശാൽ ശ്രീപതി പഠനം തുടരുന്നത് പ്രോത്സാഹിപ്പിക്കുന്ന ഒരാളായിരുന്നു ഭർത്താവ്.
ഭർത്താവിന്റെയും അമ്മയുടേയും പിന്തുണയോടെ ശ്രീപതി എൽ.എൽ.ബി പാസായി. അതിനു ശേഷം തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷക്ക് അപേക്ഷനൽകി. പ്രസവതീയതിയും പി.എസ്.സി പരീക്ഷ തീയതിയും ഒരുമിച്ചു വന്നതോടെ ആശങ്കയിലായിരുന്നു ശ്രീപതി. അവസരങ്ങൾ നമ്മെ കാത്തിരിക്കില്ലെന്ന് ഉത്തമബോധ്യമുള്ള ശ്രീപതി പരീക്ഷ എഴുതാൻ തന്നെ തീരുമാനിച്ചു. പരീക്ഷ നടക്കുന്നതിന് രണ്ടുദിവസം മുമ്പാണ് ശ്രീപതി പെൺകുഞ്ഞിന് ജൻമം നൽകിയത്. രണ്ടുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവുമായി കിലോമീറ്ററുകൾ താണ്ടിയാണ് അവർ ചെന്നൈയിലെ പരീക്ഷ കേന്ദ്രത്തിലെത്തിയത്. കഠിനമായി പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്.
കാളിയപ്പന്റെയും മല്ലികയുടെയും മൂത്തമകളാണ് ശ്രീപതി. ഗോത്രവർഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടി കൈവരിച്ച നേട്ടത്തിൽ വലിയ സന്തോഷം തോന്നുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുമോദന സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാസമ്പന്നരായവർക്ക് തൊഴിലുറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ശ്രീപതിയെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.