സിവിൽ സർവീസിന് തയാറെടുക്കുമ്പോൾ അമ്മക്ക് അർബുദം ബാധിച്ചു; രോഗങ്ങളോടും പരാജയങ്ങളോടും പടവെട്ടി പല്ലവി സ്വപ്നം സാക്ഷാത്കരിച്ചു
text_fieldsഐ.എസ്.എസ് ഉദ്യോഗസ്ഥരാകുക എന്നാൽ കുറച്ചേറെ അധ്വാനവും നിശ്ചയദാർഢ്യവും വേണ്ട ജോലിയാണ്. കാരണം ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷയാണ് യു.പി.എസ്.സി സിവിൽ സർവീസ്.
സാധാരണ ചുറ്റുപാടിൽ വളർന്ന് സിവിൽ സർവീസ് നേടിയ ഒരു പെൺകുട്ടിയെ കുറിച്ചാണ് പറയാൻ പോകുന്നത്. പല്ലവി എന്നി ഇൻഡോറുകാരിയെ കുറിച്ച്. യൂനിവേഴ്സിറ്റിയുടെ ചുവരുകൾ പോലും കാണാത്തവരായിരുന്നു പല്ലവിയുടെ അച്ഛനും അമ്മയും. എന്നാൽ മകളെ നന്നായി പഠിപ്പിക്കാൻ അവർ പ്രയത്നിച്ചു. ബയോടെക്നോളജിയിൽ ബിരുദം നേടിയതിനു ശേഷം പല്ലവി ചെന്നെയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിക്ക് കയറി. എന്നാൽ സിവിൽ സർവീസ് മോഹം തലക്കു പിടിച്ചപ്പോൾ 2013ൽ ജോലി വിട്ടു. എന്നാൽ പരീക്ഷയിൽ വിജയിക്കുന്നത് എന്നത് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. ആദ്യ മൂന്നുതവണ പ്രിലിംസ് പോലും കടന്നുകൂടാൻ പല്ലവിക്ക് സാധിച്ചില്ല. മൂന്നുതവണ ഇന്റർവ്യൂവിലും പരാജയപ്പെട്ടു. ഒടുവിൽ ഏഴാമത്തെ ശ്രമത്തിൽ 2020ലാണ് തന്റെ സ്വപ്ന നേട്ടം പല്ലവി എത്തിപ്പിടിച്ചത്.
ആ സമയത്ത് ജീവിതത്തിലെ കഠിനമായ പരീക്ഷണത്തിലൂടെ കടന്നുപോവുകയായിരുന്നു ആ പെൺകുട്ടി. തുണയായി എപ്പോഴും കൂടെ നിന്ന അമ്മ അർബുദബാധിതയായി. കീമോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അമ്മയെ നോക്കേണ്ട ചുമതലക്കൊപ്പം പഠനത്തിനും പല്ലവി ഇടവേള കൊടുത്തില്ല. ഏറെ പ്രയാസപ്പെട്ടിട്ടാണെങ്കിലും രണ്ടും ഒന്നിച്ചുകൊണ്ടുപോയി. ഒരുഘട്ടത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്നായപ്പോൾ പഠനം നിർത്താൻ പല്ലവി തീരുമാനിച്ചു. ബന്ധുക്കളുടെ പലവിധത്തിലുള്ള ചോദ്യങ്ങളും ആ പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചു. എന്നാൽ മാതാപിതാക്കൾ കൂടെ തന്നെ ഉണ്ടായിരുന്നു. ആളുകൾ പറയുന്നത് കണക്കിലെടുക്കരുതെന്ന് അവർ മകളോട് പറഞ്ഞു.
ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത് 2013ലായിരുന്നു. അന്ന് ഒരുപാട് തെറ്റുകൾ വരുത്തിയാണ് പരീക്ഷാഹാളിൽ നിന്നിറങ്ങിയത്. പരീക്ഷ എങ്ങനെ എഴുതണമെന്നു പോലും അന്ന് ധാരണയുണ്ടായിരുന്നില്ല.എന്നാൽ 2020ലെത്തിയപ്പോഴേക്കും തന്റെ പിഴവുകൾ കൃത്യമായി മനസിലാക്കാൻ പല്ലവിക്ക് സാധിച്ചിരുന്നു. എഴുതിത്തെളിയും എന്ന് പറയാറില്ലേ അതായിരുന്നു അത്. തന്റെ പ്രശ്നങ്ങൾ എവിടെയെന്ന് തിരിച്ചറിഞ്ഞപ്പോൾ അത് പരിഹരിക്കാനുള്ള ശ്രമമായി. ലൈബ്രറികളിൽ മണിക്കൂറുകളോളം ചെലവഴിച്ച് തനിക്ക് വേണ്ടത് കണ്ടെത്തി. ഒടുവിൽ സിവിൽ സർവീസ് പരീക്ഷ ഫലം വന്നപ്പോൾ 340ാം റാങ്ക് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.