സമ്പർക്കവിലക്കിൽ കഴിയവേ പി.പി.ഇ കിറ്റിലെത്തി പരീക്ഷയെഴുതി; എം.ജിയിൽ ഫാത്തിമ മറിയത്തിന് ഒന്നാം റാങ്ക്
text_fieldsകോട്ടയം: എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ പെരുമ്പാവൂർ മാർ തോമ കോളജ് വിദ്യാർഥി ഫാത്തിമ മറിയം ഒന്നാം റാങ്ക് നേടിയപ്പോൾ നിശ്ചയദാർഢ്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞത് കോവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ. സമ്പർക്കവിലക്കിൽ കഴിയവേ പി.പി.ഇ കിറ്റിലെത്തി പരീക്ഷയെഴുതിയാണ് ഫാത്തിമ മറിയം ഈ നേട്ടം കൊയ്തത്.
മാർ തോമ കോളജിലെ ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി വിഭാഗം വിദ്യാർഥിയാണ് ഫാത്തിമ മറിയം. പ്രാദേശിക ചരിത്ര രചനാ മത്സരങ്ങളിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഫാത്തിമക്ക് പക്ഷെ അവസാന വർഷ ഡിഗ്രി പഠനവും പരീക്ഷാകാലവും തികഞ്ഞ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കൊറോണയും ഗർഭകാലവും ഒരുമിച്ച് പ്രതിസന്ധി തീർത്ത സവിശേഷ സാഹചര്യത്തിലും ഒട്ടും പതറാതെ പി.പി.ഇ കിറ്റിന്‍റെ പരിരക്ഷയിൽ പരീക്ഷക്കെത്തിയാണ് ഫാത്തിമ അതിജീവനത്തിന്‍റെ റാങ്ക് തിളക്കത്തിലേക്ക് നടന്നു കയറിയത്.
അഞ്ചാം സെമസ്റ്ററിലെ എല്ലാ പരീക്ഷകളും പി.പി.ഇ കിറ്റ് ധരിച്ചെത്തി, സമ്പർക്കവിലക്കിൽ കഴിഞ്ഞാണ് ഫാത്തിമ പൂർത്തിയാക്കിയത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആറാം സെമസ്റ്റർ പരീക്ഷ എഴുതാൻ ഫാത്തിമ മറിയം കാണിച്ച നിശ്ചയദാർഢ്യവും ശ്ലാഘനീയം.
ഇസ്മായിൽ പള്ളിപ്രത്തിന്‍റെയും സാജിദയുടെയും മകളാണ് ഫാത്തിമ മറിയം. അമൽ റാസിഖാണ് ഭർത്താവ്. ഒട്ടേറെ പ്രതികൂലസാഹചര്യങ്ങൾ നിലനിന്നപ്പോഴും ചരിത്രവിഭാഗം അധ്യാപകരും കോളജ് സമൂഹവും നൽകിയ കരുതലും പിന്തുണയും ഏറെ സഹായകമായെന്ന് ഫാത്തിമ പറയുന്നു. കഴിഞ്ഞ വർഷം ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകൾ പായൽ കുമാരി നേട്ടം കൊയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.