വിശ്രമജീവിതത്തിലും ബിരുദം നേടിയ മുരളിയാണ് താരം
text_fieldsമുണ്ടൂർ: യുവക്ഷേത്ര കോളജിൽ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ ബിരുദം സ്വീകരിച്ച ഏറ്റവും മുതിർന്ന താരമായി മുരളി. ജീവിതസായാഹ്നത്തിലും വിശ്രമം മറന്ന് പഠനവഴിയിൽ ബിരുദം നേടിയ നെന്മാറ വിത്തിനശ്ശേരി മുരളിക്ക് വയസ്സ് 63. പഠിക്കാൻ പ്രായവും പ്രാരബ്ധവും തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം.
ബി.എസ്.എൻ.എല്ലിൽ ക്ലാസ് ത്രീ കാറ്റഗറി ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങി. 2021 ജൂലൈയിലാണ് ക്ലാസ് ഫോർ ജീവനക്കാരനായി വിരമിച്ചത്. വിരമിച്ച ദിവസം പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസമായിരുന്നു. 1977ൽ പത്താംതരം പൊതുപരീക്ഷ തോറ്റുവെങ്കിലും പഠനമോഹം കൈവിട്ടില്ല.
1992ൽ സാക്ഷരത മിഷന്റെ എസ്.എസ്.എൽ.സി തുല്യത പരീക്ഷ പാസായി. തുടർന്നാണ് സ്വന്തംനിലക്ക് പ്ലസ് ടു പഠിച്ചത്. മൂന്നുവർഷം മുമ്പാണ് കാലിക്കറ്റ് വാഴ്സിറ്റിക്കു കീഴിൽ ബിരുദ പഠനം തുടങ്ങിയത്. ഒന്ന്, രണ്ട് സെമസ്റ്റർ സംശയ ദൂരീകരണത്തിന് സമാന്തര ട്യൂട്ടോറിയലിൽ ഞായറാഴ്ചകളിൽ ട്യൂഷന് പോയി. ചിറ്റൂർ ഗവ. കോളജിലെ സമ്പർക്ക ക്ലാസുകളിലും ഹാജരായി.
എ േഗ്രഡോടെ ധനശാസ്ത്ര ബിരുദം നേടുമ്പോൾ ഇനിയും ഉയർന്ന് പഠിക്കണമെന്നാണ് ആഗ്രഹമെന്ന് മുരളി ‘മാധ്യമ’ത്തോട് പറഞ്ഞു. വിശ്രമജീവിതത്തിനിടയിൽ പശുവിനെ വളർത്തിയും തീറ്റിയും പകൽ അധ്വാനം. ബാക്കിയുള്ള ഒഴിവുസമയമാണ് പഠനത്തിന് കണ്ടെത്തുന്നത്. വീട്ടമ്മയായ രമണിയാണ് ഭാര്യ. ജർമനിയിൽ നഴ്സായ സൂര്യ വൈഷ്ണവ് മകളും ഡിഗ്രി വിദ്യാർഥിയായ സൂര്യദാസ് മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.