കാഴ്ച പരിമിതികളെ വിട: നമിത എപ്ലസ് തിളക്കത്തിലാണ്...
text_fieldsകോട്ടക്കൽ: അകക്കണ്ണിന്‍റെ കുറവുകളെ ആത്മവിശ്വാസത്തിലൂടെ കീഴടക്കിയ കെ.എസ്. നമിത ഹയർസെക്കൻഡറി പരീക്ഷയിലും മിന്നും ജയം നേടി. പ്ലസ് ടു ഫലം വന്നപ്പോൾ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ മിടുക്കിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടം. സ്കൂളിൽനിന്ന് സമ്പൂർണ എ പ്ലസ് കരസ്ഥമാക്കിയ 97 കുട്ടികളിൽ നമിതയുടെ വിജയത്തിന് ഇരട്ടി മധുരമാണ്. 80 ശതമാനം കാഴ്ചപരിമിതിയുള്ള നമിത പത്താം ക്ലാസിലും ഇതേ സ്കൂളിൽനിന്ന് സമ്പൂർണ എ പ്ലസ് കരസ്ഥമാക്കിയിരുന്നു. അന്ന് 'മാധ്യമം' വാർത്ത നൽകിയതോടെയാണ് നമിതയുടെ മിന്നും വിജയം പുറം ലോകമറിയുന്നത്. തുടർന്ന് നമിതയെ വീട്ടിലെത്തി സന്ദർശിച്ച സ്കൂൾ മാനേജർ ബഷീർ എടരിക്കോട് ഹയർസെക്കൻഡറിക്ക് സ്വന്തം സ്കൂളിൽ തന്നെ സീറ്റ് വാഗ്ദാനം നൽകി. തിരുവനന്തപുരം അമരവിള സ്വദേശികളായ കനകരാജിന്റെയും ഷീബ ഷൈനിയുടെയും മകളായ നമിതക്ക് ജന്മനാ ഇരു കണ്ണുകൾക്കും കാഴ്ച വളരെ കുറവാണ്. പുസ്തകത്തിൽ കൂടുതൽ നേരം നോക്കിയിരുന്നാൽ കണ്ണീർ പൊഴിയുന്നതും ഏത് സമയവും കൃഷണമണികൾ ചലിച്ചു കൊണ്ടിരിക്കുന്നതും ദുരിതമായിരുന്നു. അധ്യാപകരുടെ പ്രത്യേക താൽപര്യത്തിൽ നമിതക്ക് എല്ലാ വിധ പിന്തുണയും സ്കൂളിൽനിന്ന് നൽകിയിരുന്നു.
പരീക്ഷ എഴുതാൻ സഹായിയെ ആവശ്യമില്ലെന്ന് പറഞ്ഞ നമിത പ്ലസ് ടു പരീക്ഷയെയും അതിജീവിക്കുകയായിരുന്നു. പല ചികിത്സകളും നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കോട്ടക്കൽ ആയുർവേദ കോളജിൽ തെറപ്പിസ്റ്റായി മാതാവിന് ജോലി ലഭിച്ചതോടെയാണ് കുടുംബം എടരിക്കോട് അരീക്കലിലേക്ക് താമസം മാറിയത്. എടരിക്കോട് ജി.യു.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ‍്യാസം. സ്കൂൾ മാനേജ്മെന്‍റ്, അധ്യാപകർ, കൂട്ടുകാർ എന്നിവരുടെ സഹായവും പ്രോത്സാഹനവുമാണ് വിജയത്തിന് കാരണമെന്ന് നമിത പറഞ്ഞു. നീറ്റ് പരീക്ഷ എഴുതാനാണ് ശ്രമം. പോളിടെക്നിക്ക് കോഴ്സ് കഴിഞ്ഞ നിഖിൽ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.