ബി.ടെക് ക്ലാസിൽ ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടിയ പെൺകുട്ടി എണ്ണമറ്റ മത്സര പരീക്ഷകളിൽ വിജയിച്ച കഥ
text_fieldsവിജയത്തിലേക്ക് എളുപ്പവഴിയില്ല. ലക്ഷ്യം നേടാനുള്ള യാത്രക്കിടെ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരും. അതെല്ലാം തരണം ചെയ്യാനുള്ള മനസ്സാന്നിധ്യമാണ് ആദ്യം വേണ്ടത്. നന്നായി ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ സഹപാഠികളുടെ പരിഹാസം ഏറ്റുവാങ്ങി, കഠിനപ്രയത്നത്തിലൂടെ ജീവിതത്തിൽ ഉന്നത വിജയം നേടി കളിയാക്കിയവരെ കൊണ്ട് തന്നെ നല്ല വാക്കുകൾ പറയിപ്പിച്ച ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. വെല്ലുവിളികളെല്ലാം ജീവിതത്തിൽ വിജയിക്കാനുള്ള ഇന്ധനമാക്കി മാറ്റി ആ പെൺകുട്ടി.
മധ്യപ്രദേശിലാണ് സുരഭി ഗൗതൻ ജനിച്ചത്. ഇപ്പോൾ ഐ.എ.എസ് ഓഫിസറാണ്. സിവിൽ സർവീസിനു പുറമെ യു.പി.എസ്.സിയുടെ വിവിധ പരീക്ഷകളിലും ഗേറ്റ്, ഐ.എസ്.ആർ.ഒ, ബി.എ.ആർ.സി പരീക്ഷകളിലും ഈ മിടുക്കി വിജയം നേടി. അതും ആദ്യശ്രമത്തിൽ.
മധ്യപ്രദേശിലെ സാത്നയാണ് സുരഭിയുടെ ജന്മഗ്രാമം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ നന്നേ കുറവായിരുന്നു അവിടെ. ട്യൂഷൻ ക്ലാസുകളൊക്കെ വിരളം. എന്നിട്ടും സുരഭി നന്നായി പഠിച്ചു. 10, 12 ബോർഡ് പരീക്ഷകളിൽ 90 ശതമാനത്തിലേറെ മാർക്ക് നേടി. ഉന്നതവിദ്യാഭ്യാസത്തിന് നഗരത്തിലേക്ക് പോയി. അവരുടെ ഗ്രാമത്തിൽ നിന്ന് ആദ്യമായി നഗരത്തിൽ പോയി പഠിക്കുന്ന പെൺകുട്ടിയും സുരഭിയായിരുന്നു. സുരഭിയുടെ അച്ഛൻ അഭിഭാഷകനായിരുന്നു, അമ്മ അധ്യാപികയും. കഠിനാധ്വാനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചാണ് അവർ മകളെ വളർത്തിയത്.
12ാം ക്ലാസ് വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. നഗരത്തിലെ കോളജിലെത്തിയപ്പോഴാണ് സുരഭി പ്രശ്നങ്ങൾ നേരിട്ടത്. ഭോപാൽ എൻജിനീയറിങ് കോളജിലായിരുന്നു സുരഭിയുടെ പഠനം. ഹിന്ദി മാധ്യമത്തിലാണ് സുരഭി പഠിച്ചത്. അതിനാൽ ബി.ടെക് ക്ലാസിലെത്തിയപ്പോൾ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ സുരഭി നന്നായി ബുദ്ധിമുട്ടി. ആദ്യദിവസം പരിചയപ്പെടുത്തുന്ന സെഷനിൽ സുരഭിയുടെ മുറി ഇംഗ്ലീഷ് ക്ലാസിൽ കൂട്ടച്ചിരിയുണ്ടാക്കി.
ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ആയിരുന്നു സുരഭിയുടെ സബ്ജക്ട്. ഫിസിക്സ് ക്ലാസുകളിൽ അധ്യാപകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ സുരഭി നന്നായി വിയർത്തു. അവരുടെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ മനസിലാവാതെ അവൾ തെറ്റായി ഉത്തരങ്ങൾ പറഞ്ഞു. ഇത് പതിവായപ്പോൾ പഠനം നിർത്തി വീട്ടിലേക്ക് മടങ്ങിപ്പോയാലോ എന്ന് പോലും ആലോചിച്ചു. അപ്പോൾ അമ്മ പറഞ്ഞ വാക്കുകളാണ് ജീവിതത്തിൽ വഴിത്തിരിവായത്. ''ഇപ്പോൾ എല്ലാം അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് വന്നാൽ ഒരിക്കലും നിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകില്ല. മാത്രമല്ല, നിന്നെ മാതൃകയായി കാണുന്ന ഒരുപാട് പെൺകുട്ടികളുണ്ട് നമ്മുടെ ഗ്രാമത്തിൽ. അവർക്കും വലിയ തിരിച്ചടിയാകും അത്.''-അമ്മയുടെ ഈ വാക്കുകൾ സുരഭി മനസിൽ കുറിച്ചിട്ടു. പൊരുതി നിൽക്കാൻ തന്നെ തീരുമാനിച്ചു.
ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സുരഭി നന്നായി മെനക്കെട്ടു. എൻജിനീയറിങ് ടെക്സ്റ്റ് പുസ്തകങ്ങൾ വായിച്ചു. ഓരോ ദിവസവും പുതിയ വാക്കുകൾ പഠിച്ചു. വൈകാതെ പഠനത്തിൽ ഒന്നാമതായി. ആദ്യ സെമസ്റ്റർ ഫലം വന്നപ്പോൾ ഭാഷ ഉയർത്തിയ വെല്ലുവിളി മറികടന്ന് യൂനിവേഴ്സിറ്റിയിൽ തന്നെ ഒന്നാമതെത്തി.
കോളജ് പരീക്ഷകളിൽ മാത്രം ഒതുങ്ങി നിന്നില്ല ആ വിജയം. 2013ൽ ഇന്ത്യൻ എൻജിനീയറിങ് സർവീസസ് പരീക്ഷ എഴുതിയപ്പോഴും സുരഭി മികച്ച റാങ്കോടെ വിജയിച്ചു. 2016ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 50ാം റാങ്ക് നേടി. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ സുരഭിയുടെ ജീവിതം സാത്ന ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പ്രചോദനമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.