അഞ്ചാം ശ്രമത്തിൽ സർപ്രൈസ് സമ്മാനിച്ച് സിദ്ധാർഥ്
text_fieldsകൊച്ചി: ഐ.എ.എസ് ലക്ഷ്യമിട്ട് സിദ്ധാർഥ് അഞ്ചാം തവണയും സിവിൽ സർവീസ് എഴുതുമ്പോൾ അക്കാര്യം വീട്ടുകാർപോലും അറിഞ്ഞിരുന്നില്ല. മകന്റെ നാലാം റാങ്കിന്റെ വാർത്തയെത്തുമ്പോൾ എറണാകുളം ദിവാൻസ് റോഡിലെ കടത്തനാട്ട് വീട്ടിൽ അമ്പരപ്പും ആഹ്ലാദവും ഒന്നുപോലെ. ഹൈദരാബാദിൽ ഐ.പി.എസ് പരീശീലനത്തിലുള്ള സിദ്ധാർഥിന്റെ വിളിയും കാത്തിരിക്കുകയാണ് കുടുംബം.
ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായും തുടർന്ന് ചിന്മയ സ്കൂൾ പ്രിൻസിപ്പലായും വിരമിച്ച രാംകുമാറിന്റെയും വീട്ടമ്മയായ രതിയുടെയും രണ്ട് ആൺമക്കളിൽ ഇളയവനാണ് സിദ്ധാർഥ് 2020ൽ ആയിരുന്നു ആദ്യ ശ്രമം. പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. 2021ൽ ടെലികോം മന്ത്രാലയത്തിലേക്കായിരുന്നു സെലക്ഷൻ. തൊട്ടടുത്ത വർഷം ഐ.പി.എസ് കിട്ടി. 2023ൽ ഐ.പി.എസ് റാങ്ക് മെച്ചപ്പെടുത്താനായെങ്കിലും ഐ.എ.എസ് മോഹം സഫലമായില്ല.
ഇത്തവണ വീട്ടുകാരെ ആരെയും അറിയിക്കാതെ ഹൈദരാബാദിലെ ഐ.പി.എസ് ട്രെയിനിങ് അക്കാദമിയിൽനിന്ന് നേരിട്ട് പോയാണ് സിവിൽ സർവിസ് പരീക്ഷ എഴുതിയത്. ചൊവ്വാഴ്ച ഫലം പുറത്തുവരുമ്പോഴാണ് മകൻ പരീക്ഷ എഴുതിയിരുന്നു എന്ന് അച്ഛനും അമ്മയും ജ്യേഷ്ഠനുമെല്ലാം അറിയുന്നത്.
പരിശീലനത്തിനിടെ ഫോൺ എടുക്കാത്തതിനാൽ വാർത്തയറിഞ്ഞയുടൻ വീട്ടുകാർക്ക് സിദ്ധാർഥിനെ നേരിട്ട് അഭിനന്ദനമറിയിക്കാനായില്ല. രാത്രി അവൻ ഇങ്ങോട്ട് വിളിക്കുകയാണ് പതിവെന്നും അതിനായി കാത്തിരിക്കുകയാണെന്നും അമ്മ രതി പറഞ്ഞു. ‘സ്മാർട്ട് വർക്കിങ്, ഓൾ റൗണ്ടർ’-ഇതാണ് അനുജനെക്കുറിച്ച് ഹൈകോടതിയിൽ അഭിഭാഷകനായ സഹോദരൻ ആദർശ്കുമാറിന് പറയാനുള്ളത്. ദിവസം മുഴുവൻ കുത്തിയിരുന്ന് പഠിക്കുന്നയാളല്ല. വലുതായി വായനയുമില്ല. ക്രിക്കറ്റും സിനിമയുമെല്ലാമുണ്ട്. വടുതല ചിന്മയ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
തിരുവനന്തപുരം സി.എ.ടിയിൽ ബി.ആർക്കും പൂർത്തിയാക്കി. സ്കൂളിലും കോളജിലും മികച്ച മാർക്ക് ഉണ്ടായിരുന്നെങ്കിലും ഒന്നാംസ്ഥാനക്കാരനായിരുന്നില്ല. വീട്ടുകാർ നവംബറിൽ സിദ്ധാർഥിന്റെ ഐ.പി.എസ് പാസിങ് ഔട്ടിന് ഹൈദരാബാദിലേക്ക് പോകാൻ നിശ്ചയിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിത സന്തോഷം കടന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.