Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightജനിക്കും മുമ്പേ...

ജനിക്കും മുമ്പേ പിതാവിനെ നഷ്ടമായി; ദാരിദ്ര്യത്തിൽ വീർപ്പുമുട്ടി പഠിച്ച് രാജേന്ദ്ര ബറൂദ് ആദ്യം ഡോക്ടറായി, പിന്നീട് കലക്ടറും

text_fields
bookmark_border
Dr Rajendra Bharud
cancel

ജീവിതം നമ്മെ പല കഷ്ടപ്പാടുകൾ കൊണ്ടും പരീക്ഷിച്ചുകൊണ്ടേയിരിക്കും. അതിലൊന്നും ഒരിക്കലും തളർന്നുപോകരുതെന്നാണ് ഡോ. രാജേന്ദ്ര ബറൂദിന്റെ ഉപദേശം. രാജേന്ദ്ര ബറൂദ് മഹാരാഷ്ട്രയിലെ നന്ദർബർ ജില്ലാ മജിസ്ട്രേറ്റാണ്. വളരെ കഠിനമായ വഴികൾ പിന്നിട്ടാണ് അദ്ദേഹം ഈ പദവിയിലിരിക്കുന്നത്. 1988 ജനുവരി ഏഴിന് മഹാരാഷ്ട്രയിലെ സമോദ ഗ്രാമത്തിൽ ബന്ദു ബറൂദ്, കമലാബായ് ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് രാജേന്ദ്ര ജനിച്ചത്.

മാതാവ് രാജേന്ദ്രയെ ഗർഭം ധരിച്ചപ്പോൾ പിതാവ് മരണപ്പെട്ടു. പിതാവിന്റെ രൂപം എങ്ങനെയാണെന്നു പോലും അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നില്ല. അച്ഛന്റെ ഒരു ഫോട്ടോ പോലും അമ്മയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ കൈയിലുണ്ടായിരുന്നില്ല. ജനനം മുതൽ രാജേന്ദ്ര അടുത്തറിഞ്ഞ ഒന്നുണ്ട്, ദാരിദ്ര്യം. ആ ആദിവാസി ഗ്രാമത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്. മൂന്നുമക്കളെ വളർത്താൻ ആ അമ്മ നന്നായി കഷ്ടപ്പെട്ടു. അക്കാലത്ത് പ്രകൃതിയിൽ നിന്ന് സുലഭമായി കിട്ടുന്ന സാധനങ്ങൾ മാത്രമായിരുന്നു അവരുടെ പട്ടിണി അകറ്റിയത്.

അമ്മയും മുത്തശ്ശിയും ചേർന്നാണ് കുടുംബം നോക്കിയത്. വൈനുണ്ടാക്കി വിറ്റായിരുന്നു അവർ നിത്യച്ചെലവിന് പണം കണ്ടെത്തിയത്. ആ അഞ്ചംഗ കുടുംബം താമസിച്ചത് മുളകൊണ്ടുണ്ടാക്കിയ കുടിലിലായിരുന്നു. വൈനുണ്ടാക്കുന്നത് നിയമവിരുദഖമായിരുന്നില്ല. ആ പ്രദേശത്ത് സർവസാധാരണവുമായിരുന്നു. പ്രതിദിനം 100 രൂപ ലഭിക്കും. അത്കൊണ്ട് നിത്യച്ചെലവുകൾ നടക്കും. രാജേന്ദ്രയും സഹോദരിയും ജില്ല പരിഷത്തിന്റെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. സഹോദരൻ ട്രൈബൽ സ്കൂളിലും. പഠിക്കാൻ സമർഥനാണ് രാജേന്ദ്രയെന്ന് അധ്യാപകർക്ക് മനസിലായി. മകന്റെ വിദ്യാഭ്യാസം ഒരുനിലക്കും തടസ്സപ്പെടരുതെന്ന് അവർ അമ്മയിൽ നിർബന്ധം ചെലുത്തുകയും ചെയ്തു. അധ്യാപകരുടെ സഹായത്തോടെ രാജേന്ദ്രയെ ജവഹർ നവോദയ സ്കൂളിൽ ചേർത്തു. ഗ്രാമത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയായിരുന്നു അത്. സ്കൂളിൽ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കും. എന്നാൽ അമ്മയെ വിട്ടുപിരിഞ്ഞ് നിൽക്കാൻ രാജേന്ദ്ര നന്നായി വിഷമിച്ചു. എന്നാൽ മകന്റെ മികച്ച ഭാവിക്ക് ഏറ്റവും അനുയോജ്യമായ വഴി ഇതാണെന്ന് ആ അമ്മക്ക് ഉറപ്പിച്ചിരുന്നു.

രാജേന്ദ്രക്ക് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു നവോദയയിലെ പഠനകാലം. അവിടെ വെച്ചാണ് കണക്കും സയൻസും ഇഷ്ടവിഷയങ്ങളായി മാറിയത്. നന്നായി പഠിക്കുന്ന കുട്ടികളുടെ പട്ടികയിൽ മുൻനിരയിൽ രാജേന്ദ്രയുടെ പേരുണ്ടാകും. 10ാം ക്ലാസ് ബോർഡ് പരീക്ഷയും മികച്ച നിലയിൽ വിജയിച്ചു. 12ലും ക്ലാസിൽ ഒന്നാമനായതിനാൽ സ്കോളർഷിപ്പോടെ മുംബൈയിലെ സേത് ജി.എസ് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു.

കുട്ടിക്കാലം മുതലേ ഡോക്ടറാകണമെന്ന് രാജേന്ദ്ര ആഗ്രഹിച്ചിരുന്നു. ഡോക്ടറായാൽ ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയുമല്ലോ. കുറച്ചു കൂടി മുതിർന്നപ്പോൾ വിദ്യാഭ്യാസം നൽകുന്നത് വഴി ആളുകളെ സഹായിക്കാൻ കഴിയുമെന്ന് മനസിലാക്കി. അത്‍വഴി അവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുമല്ലോ...അങ്ങനെയാണ് സിവിൽ സർവീസിലേക്ക് തിരിയാൻ തീരുമാനിച്ചതെന്നും രാജേന്ദ്ര പറയുന്നു.

എം.ബി.ബി.എസിനൊപ്പം തന്നെ യു.പി.എസ്.സി പരീക്ഷകൾക്കായി പരിശീലനവും തുടങ്ങി. എളുപ്പമായിരുന്നില്ല അത്. എന്നാൽ രാജേന്ദ്ര തളർന്നില്ല. ഒരു കംപ്യൂട്ടർ പോലെ രാജേന്ദ്ര പഠനം തുടങ്ങി. എന്നും രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കും. ധ്യാനത്തിനും ചില വ്യായാമങ്ങൾക്കു ശേഷം പഠിക്കാനിരിക്കും. അതിനു ശേഷം മെഡിക്കൽ കോളജിലെത്തും. തിരികെയെത്തിയാലും പഠനം തുടരും.

അക്കാലത്ത് ഒരു കോളജ് വിദ്യാർഥി ചെയ്യുന്ന ഒന്നും രാജേന്ദ്ര ചെയ്തിരുന്നില്ല. പുറത്ത് പോയില്ല. സഹപാഠികളുമായി കാംപസിൽ സമയം ചെലവഴിച്ചില്ല. പാർട്ടിക്കു പോയില്ല. അതിലൊന്നും പിന്നീട് കുറ്റബോധം തോന്നിയിട്ടുമില്ല. പലപ്പോഴും സുഹൃത്തുക്കൾ പുറത്തുപോകാൻ രാജേന്ദ്രയെ നിർബന്ധിക്കും. എന്നാൽ സിവിൽ സർവീസ് എന്ന ലക്ഷ്യം മനസിലുള്ളത് കൊണ്ട് അവരുടെ ക്ഷണം സ്നേഹപൂർവം നിരസിക്കാൻ രാജേന്ദ്രക്ക് സാധിച്ചു.

അവസാന വർഷ എം.ബി.ബി.എസ് പരീക്ഷക്കൊപ്പം തന്നെ രാജേന്ദ്ര യു.പി.എസ്.സി പരീക്ഷയും എഴുതി. ആദ്യശ്രമത്തിൽ തന്നെ പരീക്ഷ പാസായി. യു.പി.എസ്.സി ഫലം വന്നപ്പോൾ ജൻമഗ്രാമത്തിലേക്ക് മടങ്ങിയിരുന്നു രാജേന്ദ്ര. തന്റെ മകൻ സിവിൽ സർവീസുകാരനാണെന്ന് അമ്മക്ക് മനസിലായതുമില്ല. മകൻ ഡോക്ടറാണെന്ന അഭിമാനത്തിലായിരുന്നു അവർ. കലക്ടറാകുമെന്ന് പറഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി. എന്താണ് പറയുന്നതെന്നും അന്ന് അമ്മക്ക് മനസിലായില്ല. അക്കാലത്ത് ആ ഗ്രാമത്തിലെ ആർക്കും കലക്ടർ ആരാണെന്ന് പോലും അറിഞ്ഞുകൂടായിരുന്നു. സിവിൽ സർവീസ് വിജയം അറിഞ്ഞ് അയൽക്കാരെല്ലാം അഭിനന്ദിക്കാനെത്തി. രാജേന്ദ്ര 'കണ്ടക്ടർ​' ആയി എന്നായിരുന്നു അവരെല്ലാം വിചാരിച്ചത്.

2012ൽ ഫരീദാബാദിൽ ഐ.ആർ.എസ് ഓഫിസറായി രാജേന്ദ്രക്ക് നിയമനം ലഭിച്ചു. ഒരിക്കൽ കൂടി യു.പി.എസ്.സി പരീക്ഷയെഴുതാൻ അദ്ദേഹം തീരുമാനിച്ചു. അത്തവണ ഐ.എ.എസ് ലഭിക്കുകയും ചെയ്തു. മസൂറിയിലായിരുന്നു രണ്ടുവർത്തെ പരിശീലനത്തിന് ശേഷം 2015ൽ നന്ദേഡ് ജില്ലയിൽ അസിസ്റ്റന്റ് കലക്ടറായി നിയമിതനായി. 2017ൽ സോലാപൂർ ചീഫ് എക്സിക്യുട്ടീവ് ഓഫിസറായി. 2018ൽ നന്ദർബർ ജില്ലാ മജിസ്ട്രേറ്റായും നിയമിതനായി.

മി ഏക് സ്വപൻ പാഹിൽ എന്ന പുസ്തകവും രചിച്ചിട്ടുണ്ട് ഇദ്ദേഹം. അതിൽ താനടക്കം മൂന്ന് മക്കളെ വളർത്താൻ അമ്മയനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്‍ വിവരിക്കുന്നുണ്ട്. ഇപ്പോൾ അമ്മക്കും ഭാര്യക്കും മക്കൾക്കുമൊപ്പം സർക്കാർ ക്വാർട്ടേഴ്സിലാണ് രാജേന്ദ്രയുടെ താമസം. ഒരു പാട് വികസനങ്ങൾ നാടിനും നാട്ടുകാർക്കുമായി ചെയ്യാൻ രാജേന്ദ്രക്ക് സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Success StoriesEducation News
News Summary - Raised by a Single Mom in a Hut, This Inspiring Adivasi is a Doctor
Next Story
RADO