'ഉറുമ്പുകൾ'ക്കൊപ്പം അംഗീകാരനിറവിൽ ആദിത്യയും വിഷ്ണുപ്രിയയും
text_fieldsകൽപറ്റ: ഉറുമ്പുകൾക്കു പിന്നാലെയുള്ള അന്വേഷണം നയിച്ചപ്പോൾ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ അംഗീകാരം നേടി ആദിത്യ ബിജുവും പി.എസ്. വിഷ്ണു പ്രിയയും. ഫെബ്രുവരി 15,16,17,18 തീയതികളിലായി നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കികൾ.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മികച്ച 20 പ്രോജക്ടുകളിലും ഇവർ ഇടം നേടി. 'കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം: ഉറുമ്പുകളിലൂടെ' എന്ന വ്യത്യസ്തവും കൗതുകകരവുമായ വിഷയത്തിലുള്ള പ്രോജക്ട് അവതരണമാണ് ആദിത്യയെയും വിഷ്ണുപ്രിയയെയും സമ്മാനാർഹരാക്കിയത്.വിവിധതരം ഉറുമ്പുകൾ ആവാസവ്യവസ്ഥയുടെ സന്തുലനത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച അന്വേഷണങ്ങളാണ് പഠനത്തിനാധാരം.
അതിരാറ്റ്കുന്നിലെ കാപ്പിത്തോട്ടങ്ങളിലെയും റബർത്തോട്ടങ്ങളിലെയും ഉറുമ്പുകളുടെയും മറ്റ് അനുബന്ധ ജൈവവൈവിധ്യത്തെയും കുറിച്ചുള്ള താരതമ്യ പഠനമാണ് ഇവർ നടത്തിയത്. കാർഷിക ആവാസ വ്യവസ്ഥ എന്ന നിലയിൽ കാപ്പിത്തോട്ടം ജൈവവൈവിധ്യം നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള വിവരശേഖരണമായിരുന്നു പഠനത്തിന്റെ പ്രധാനലക്ഷ്യം.
കാപ്പി, റബർ തോട്ടങ്ങളിൽ തുടർച്ചയായ ആറു ദിവസങ്ങളിലായാണ് പഠനം നടത്തിയത്. റബർ തോട്ടത്തെ അപേക്ഷിച്ച് കാപ്പി തോട്ടത്തിലെ ജന്തു വൈവിധ്യം വളരെ കൂടുതലാണ് എന്നാണ് പഠനത്തിൽ തെളിഞ്ഞത്. റബറിലെ പാലിന്റെ സാന്നിധ്യം ചെറുകീടങ്ങളുടെയും പ്രാണികളുടെയും നിലനിൽപിനെ ദോഷകരമായി ബാധിക്കുന്നതാണ് ഇതിനു കാരണമെന്നും കണ്ടെത്തി.
കാർഷികമേഖലയുടെ നിലനിൽപിനായി പരിസ്ഥിതിയിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ഉറുമ്പുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആവാസവ്യവസ്ഥയിൽ വിള്ളലുകൾ ഉണ്ടാകാതെ സ്വാഭാവിക സസ്യജന്തു ആവാസ വ്യവസ്ഥയെ നിലനിർത്താൻ യത്നിക്കണമെന്ന സന്ദേശമാണ് പഠനത്തിനൊടുവിൽ ആദിത്യക്കും വിഷ്ണുപ്രിയക്കും പങ്കുവെക്കാനുള്ളത്.
കൽപറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ അധ്യാപകരായ ദിവ്യ മനോജും ആതിര സിനോജുമാണ് ദേശീയ ബാലശാസ്ത്രകോൺഗ്രസിലേക്കുള്ള യാത്രയിൽ വിദ്യാർഥികൾക്ക് മാർഗനിർദേശവും പരിശീലനവും നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.