പരിമിതികൾ അതിജയിച്ച ദേവികിരണിനും മുനാസിനും ഗവേഷണ ഫെലോഷിപ്
text_fieldsകാഞ്ഞങ്ങാട്: ഇരുട്ടിനെ മനക്കരുത്തുകൊണ്ട് മറികടന്ന ദേവികിരണിനും മുനാസിനും ജൂനിയർ റിസർച് ഫെലോഷിപ്. എൻമകജെ ഏത്തടുക്കയിലെ കൂലിപ്പണിക്കാരനായ ഈശ്വര നായിക്കിന്റെയും പുഷ്പലതയുടെയും മകനാണ് ദേവി കിരൺ. പെരിയ കേന്ദ്ര സർവകലാശാലയിലെ എം.എ ഇംഗ്ലീഷ് വിദ്യാർഥിയാണ്.
കുഞ്ഞുന്നാളിലേ വേദനകളും ഇരുട്ടും ജീവിതം ദുസ്സഹമാക്കിയെങ്കിലും കേട്ടറിഞ്ഞ ശബ്ദങ്ങളിലൂടെ പഠിച്ചെടുത്ത് ദേവികിരൺ ഒടുവിൽ ലക്ഷ്യത്തിലെത്തി. കശുമാവിന്‍തോട്ടങ്ങളില്‍ ഇടതടവില്ലാതെ പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ വിഷമഴയാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍വെച്ചേ ദേവികിരണിന്റെ ലോകം ഇരുട്ടിലാഴ്ത്തിയത്. അനുജൻ ജീവൻരാജിനും കാഴ്ചയില്ല. ഒന്നുമുതൽ ഏഴുവരെ വിദ്യാനഗർ ബ്ലൈൻഡ് സ്കൂളിലും എട്ടുമുതൽ പ്ലസ്ടു വരെ കാസർകോട് ജി.എച്ച്.എസ്.എസിലുമായിരുന്നു പഠനം. എൻഡോസൾഫാൻ ദുരിതബാധിതൻ കൂടിയാണ് ദേവികിരൺ.
പാതി കാഴ്ചയോടുകൂടി പിറന്നുവീണ മുനാസ് ഇല്ലായ്മകളോട് പൊരുതിയാണ് സോഷ്യോളജിയിൽ ജെ.ആർ.എഫ് നേടിയത്. അധ്യാപകനാവാനാണ് മുനാസിന്റെ ആഗ്രഹം. കാഴ്ച കുറവായെങ്കിലും വെറുതെയിരിക്കാൻ മുനാസ് തയാറായില്ല. കേരള സർവകലാശാല കാമ്പസിൽനിന്നാണ് എം.എ സോഷ്യോളജി നേടിയത്.
സഹോദരങ്ങളായ സക്കീനക്കും ഖലീലിനും കാഴ്ച തീരേയില്ല. പൈവളികയിലെ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. 2018ൽ അംഗ പരിമിതരുടെ ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീമിൽ മുനാസിന് യോഗ്യത ലഭിച്ചിരുന്നു. പ്രതിസന്ധികളെ മറികടന്ന് ആദ്യം ജില്ല നായകനും അതിന് പിന്നാലെ കേരള ടീമിന്റെ ഉപനായക സ്ഥാനവും തേടിവന്നു.
2018ൽ ഇന്ത്യൻ ടീമിലെ എക മലയാളിയും കൂടിയായിരുന്നു മുനാസ്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ വിദ്യാനഗറിലെ ബ്ലൈൻഡ് സ്കൂളിലായിരുന്നു മുനാസ് പഠിച്ചത്. ഇരുവർക്കും പിഎച്ച്.ഡിയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.