ആസ്തിയിൽ നിത അംബാനിയെ മറികടന്നു; ഒറ്റരാത്രി കൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി മാറി ഈ മുൻ മാധ്യമ പ്രവർത്തക
text_fieldsരോഷ്നി നാടാർ
ഇന്ത്യയിലെ അതിസമ്പന്നരായ വ്യക്തികളിൽ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്പനിയായ എച്ച്.സി.എൽ ടെക്കിന്റെ ചെയർപേഴ്സൺ രോഷ്നി നാടാർ. ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്.
എച്ച്.സി.എൽ സ്‍ഥാപകൻ ശിവ് നാടാർ കമ്പനിയുടെ 47 ശതമാനം ഓഹരികൾക്ക് മകൾക്ക് കൈമാറിയതോടെയാണ് രോഷ്നി ശരവേഗത്തിൽ അതിസമ്പന്നനായി മാറിയത്. 47 ശതമാനം ഓഹരികൾ കിട്ടിയതോടെ എച്ച്.സി.എല്ലിൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വ്യക്തിയായും രോഷ്നി മാറി. അതാണ് ഏഷ്യയിലെ മൂന്നാമത്തെ സമ്പന്ന എന്ന പട്ടത്തിലേക്ക് വഴിതുറന്നതും.
2024ൽ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാദിയുടെ ആസ്തി ഏതാണ്ട് 2,340-2,510 കോടിക്കടുത്ത് വരും. ഇതിനെ ബഹുദൂരം പിന്നിലാക്കിയാണ് രോഷ്നി മുന്നേറിയത്. സമ്പത്തിന്റെ കാര്യത്തിൽ സാവിത്രി ജിൻഡാലിനെയും വിപ്രോയുടെ അസിം പ്രേംജിയെ രോഷ്നി മറികടന്നു. ഇന്ത്യയിലെ സമ്പന്നപ്പട്ടികയിൽ മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ബ്ലൂംബർഗ് ഡാറ്റ പ്രകാരം 88.1 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 68.9 ബില്യൺ ഡോളറും. ടെക്നോളജി, ബിസിനസ് രംഗങ്ങളിൽ താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല രോഷ്നി. കരിയർ തുടങ്ങിയതും ഈ മേഖലയിലല്ല. നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ രോഷ്നി സി.എൻ.എൻ, സ്കൈ ന്യൂസ് പോലുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തു.
പിന്നീട് ആഗസ്മികമായി കുടുംബ ബിസിനസിലേക്ക് എത്തിപ്പെടുകയായിരുന്നു. 2020ലാണ് എച്ച്.സി.എൽ ടെക്നോളജിയുടെ ചെയർപേഴ്സൺ സ്ഥാനം ഏറ്റെടുത്തത്. അതോടെ, ഇന്ത്യയിലെ ഐ.ടി കമ്പനിയെ നയിക്കുന്ന ആദ്യത്തെ വനിതയായി അവർ മാറി. ബിസിനസ് കൂടാതെ രോഷ്നിക്ക് പലവിധ താൽപര്യങ്ങളുമുണ്ട്.
പരിശീലനം സിദ്ധിച്ച ക്ലാസിക്കൽ സംഗീതഞ്ജയാണ് അവർ. വന്യജീവികളിൽ അതീവ തത്പരയായ അവർ ജൈവവൈവിധ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി 2018 ൽ ഭർത്താവ് ശിഖർ മൽഹോത്രയുമായി ചേർന്ന് ദി ഹാബിറ്റാറ്റ്സ് ട്രസ്റ്റ് സ്ഥാപിച്ചു.
അതോടൊപ്പം ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ നേതൃത്വം നൽകുന്ന ശിവ് നാടാർ ഫൗണ്ടേഷന്റെ ചുമതലയും വഹിക്കുന്നു.
സമ്പന്ന കുടുംബത്തിലാണ് പിറന്നു വീണതെങ്കിലും സാധാരണക്കാരിയായി ജീവിക്കാനും ലളിത ജീവിതം നയിക്കാനുമാണ് രോഷ്നിക്ക് ഇഷ്ടം. 2010ലാണ് രോഷ്നി ശിഖാർ മൽഹോത്രയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. 2013ലാണ് മൂത്തമകൻ അർമാൻ ജനിച്ചത്. 2017ൽ ജെഹാനും കൂട്ടായി എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.