കല്ലമ്പലത്ത് അപകടത്തിൽ മരിച്ച സാരംഗിന് മുഴുവൻ വിഷയത്തിലും എ പ്ലസ്
text_fieldsതിരുവനന്തപുരം: കല്ലമ്പലത്ത് ഓട്ടോറിക്ഷാ അപകടത്തിൽ മരിച്ച സാരംഗ് ബി.ആറിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. 122913 ആണ് രജിസ്റ്റർ നമ്പർ. ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാർഥിയായ സാരംഗ് പ്രശസ്ത ഫുട്ബാൾ താരമായിരുന്നു.
സാരംഗിന് ആദരാഞ്ജലി അർപ്പിക്കുന്നതായും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മെയ് 13ന് ആശുപത്രിയിൽ പോയി മടങ്ങവെ കല്ലമ്പലത്ത് വെച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി. ബിനേഷ് കുമാർ- ജി.ടി രജനി ദമ്പതികളുടെ മകനായ സാരംഗ് (15) മരിച്ചത്. കല്ലമ്പലം-നഗരൂർ റോഡിൽ വടകോട്ട് കാവിന് സമീപമായിരുന്നു അപകടം.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ച് റോഡിൽ വീണ സാരംഗിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാരംഗിന് ബുധനാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
സാരംഗിന്‍റെ വേർപാടിന് പിന്നാലെ അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകി. ആറു പേർക്കാണ് അവയവങ്ങൾ നൽകിയത്. കല്ലമ്പലം കെ.ടി.സി.ടി കോളജിലെ ബിരുദ വിദ്യാർഥി യശ്വന്ത് ആണ് സാരംഗിന്‍റെ സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.