പഠിക്കണം, ഷെറിന് ഷഹാനയെന്ന പാഠം; ചക്രകസേരയിൽ ഈ മിടുക്കി എത്തിപ്പിടിച്ചത് സിവിൽ സർവിസ്
text_fieldsകൽപറ്റ: ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങൾ വേട്ടയാടിയിട്ടും ജീവിതപുസ്തകത്താളുകളിൽ നഷ്ടത്തിന്റെ കണക്കുകൾ നിറഞ്ഞിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഷെറിന് ഷഹാന എത്തിപ്പിടിച്ചത് സിവിൽ സർവിസ് പട്ടം. 2017ലുണ്ടായ അപകടത്തെ തുടർന്ന് വീൽചെയറിലായ ഈ വയനാട്ടുകാരി പലരും സ്വപ്നം കാണുന്ന സിവിൽ സർവിസ് പരീക്ഷയിൽ 913ാം റാങ്കാണ് പൊരുതിനേടിയത്. കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ പരേതനായ ടി.കെ. ഉസ്മാന്റെയും ആമിനയുടെയും മകള്‍ ടി.കെ. ഷെറിന് ഷഹാനക്ക് പിതാവിനെ നേരത്തേതന്നെ നഷ്ടമായിരുന്നു. ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തിൽ ഈ വിയോഗം അർധപട്ടിണിയും മുഴുപ്പട്ടിണിയുമാണ് സമ്മാനിച്ചത്. തനിക്ക് ജോലി ലഭിച്ചതോടെയാണ് ഇതിന് അൽപമെങ്കിലും ശമനമുണ്ടായതെന്നാണ് സഹോദരി ജലിഷ ഉസ്മാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കടന്നുവന്നത് കഷ്ടപ്പാടിന്റെ വഴികളിലൂടെയായിരുന്നുവെന്നും ഭക്ഷണംപോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും അവർ കുറിച്ചു.
ആറുവര്‍ഷം മുമ്പ് പി.ജി പരീക്ഷ കഴിഞ്ഞ് വീടിന്റെ ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്. മഴയിൽ കുതിർന്ന ടെറസിൽ വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി സണ്‍ഷേഡില്‍ ചെന്നിടിച്ച് താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. രണ്ട് വാരിയെല്ലുകള്‍ പൊട്ടി.
നട്ടെല്ലിന് പരിക്കേറ്റ ഷെറിന് അധികകാലം ജീവിക്കാന്‍ സാധ്യതയില്ലെന്നുപോലും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പിന്നീടും പലസമയങ്ങളിലും വീഴ്ചകളും പൊള്ളലുകളുമൊക്കെയായി ദുരന്തങ്ങൾ പിന്തുടർന്നു. എന്നാൽ, അതെല്ലാം അതിജീവിച്ചാണ് ഷെറിന് ഷഹാന നെറ്റ് പരീക്ഷ വിജയവും ഇപ്പോള്‍ സിവില്‍ സര്‍വിസും നേടുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി മടങ്ങുംവഴി ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്ന് ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഷെറിൻ. പരീക്ഷഫലം വരുമ്പോൾ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ റൂം നമ്പര്‍ 836ലെ കട്ടിലിൽ കിടന്ന് ഒന്നാഹ്ലാദിക്കാനോ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നവരോട് സംസാരിക്കാനോപോലും കഴിയാത്ത അവസ്ഥയിലാണവർ.
വയനാട്ടിലെ കമ്പളക്കാട്ടുനിന്നുള്ള രണ്ടാമത്തെ സിവില്‍ സർവിസ് പാസാവുന്ന ആളാണ് ഷെറിന് ഷഹാന. ഇന്ത്യന്‍ റെയില്‍ ചീഫ് സെക്യൂരിറ്റി കമീഷണര്‍ കെ. മുഹമ്മദ് അഷ്റഫാണ് ഷെറിനുമുമ്പ് ഇവിടെനിന്ന് സിവില്‍ സർവിസ് പാസായത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സർവിസ് അക്കാദമിയില്‍നിന്നാണ് ഷെറിന് പരിശീലനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.