ഐ.ഐ.ടിക്കാർ പിന്നിൽ നിൽക്കും; 10ാം ക്ലാസ് മാത്രമുള്ള ഈ മനുഷ്യൻ തക്കാളി വിറ്റ് സമ്പാദിക്കുന്നത് പ്രതിവർഷം എട്ടുകോടി രൂപ!
text_fieldsകർഷകരെ ഇന്ത്യയിലെ ദരിദ്ര വിഭാഗമായാണ് കണക്കാക്കാറുള്ളത്. എന്നാൽ ചില കർഷകരുടെ കാര്യത്തിൽ ഈ സങ്കൽപം തീർത്തും തെറ്റാണ്. ചില കർഷകർ സമ്പന്നരാണ്. അക്കൂട്ടത്തിലൊരാളാണ് മധുസൂദൻ ധാകദ്. മധ്യപ്രദേശിലെ ഹർദ ജില്ലയാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
കാർഷിക രംഗത്ത് വിജയം കൊയ്യാൻ വലിയ ബിരുദങ്ങൾ വേണ്ടെന്നും അദ്ദേഹം കാണിച്ചുതരുന്നു. ആത്മസമർപ്പണവും കഠിനാധ്വാനവുമുണ്ടെങ്കിൽ അതോടൊപ്പം പുതിയ രീതികൾ പരീക്ഷിക്കാനുള്ള മനസും വേണമെന്ന് മാത്രം.
വരുമാനത്തിന്റെ കാര്യത്തിൽ ഐ.ഐ.ടികളിൽ നിന്നും ഐ.ഐ.എമ്മുകളിൽ നിന്നും പാസാകുന്നവരെ പോലും പിന്നിലാക്കിയിരിക്കുകയാണ് മധുസൂദൻ. പച്ചമുളക്, കാപ്സികം, തക്കാളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവതാണ് തന്റെ 200 ഏക്കർ ഭൂമിയിൽ ഇദ്ദേഹം കൃഷി ചെയ്യുന്നത്. സമ്പാദിക്കുന്നത് കോടികളും.
കർഷക കുടുംബത്തിൽ ജനിച്ച മധുസൂദന് 10ാ ംക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ അച്ഛനും കർഷകനാണ്. പരമ്പരാഗതമായി കൃഷിയാണ് ഇവരുടെ വരുമാന മാർഗം. വളരെ ചെറുപ്പത്തിലേ മധുസൂദനും കൃഷിയിലേക്കിറങ്ങി.
എന്നാൽ കൃഷി ഒരു പ്രഫഷനായി സ്വീകരിച്ചപ്പോൾ ആദ്യം ഒന്നും എളുപ്പമായിരുന്നില്ല. അതിന്റെ വെല്ലുവിളികളെല്ലാം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. കാർഷിക മേഖലയോടുള്ള അടങ്ങാത്ത സ്നേഹമാണ് പിടിച്ചു നിർത്തിയത്.
ആദ്യകാലത്ത് എല്ലാവരും ചെയ്യുന്നതു പോലെ പരമ്പരാഗത രീതികളായിരുന്നു കൃഷിയിൽ പിന്തുടർന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാൽ ഗുണം കൂടുതലുണ്ടാകുമെന്ന് മനസിലാക്കി.
ആകെയുള്ള 200 ഏക്കറിൽ 40 ഏക്കറിലാണ് പച്ചമുളക് കൃഷി ചെയ്യുന്നത്. ഒരേക്കറിൽ 70,000 രൂപ വെച്ച് ചെലവ് വരും. ഒരേക്കറിൽ നിന്ന് 150നും 200നുമടുത്ത് വിളവ് ലഭിക്കും. ഒരേക്കറിൽ നിന്ന് മാത്രം മൂന്നുലക്ഷം രൂപ വരെ കിട്ടുകയും ചെയ്യും.
25 ഏക്കറിൽ കാപ്സിക്കം കൃഷി ചെയ്യാൻ ഒരുലക്ഷം രൂപയാണ് മുതൽ മുടക്ക്. ഒരേക്കറിൽ നിന്ന് 300നും 400നും അടുത്ത് വിളവ് ലഭിക്കും. ഇത് വിൽക്കുമ്പോൾ ആറ് ലക്ഷം രൂപ വരുമാനമായി കൈയിലെത്തും.
50 ഏക്കറിൽ തക്കാളി കൃഷി ചെയ്യാൻ ഏക്കറിനൊന്നിന് ഒരു ലക്ഷം രൂപയാണ് ചെലവ്. ഒരേക്കറിൽ നിന്ന് 1000ത്തിനും 1200നുമടുത്ത് വിളവും ലഭിക്കും. വിറ്റുകഴിഞ്ഞാൽ ഒരേക്കറിന് മൂന്നുലക്ഷം എന്ന കണക്കിൽ വരുമാനവും ലഭിക്കും. ഇത്തരത്തിൽ പ്രതിവർഷം എട്ടുകോടിയുടെ തക്കാളി വിൽക്കുന്നുണ്ട് ഇദ്ദേഹം. മധ്യപ്രദേശിലെ തക്കാളി രാജാവ് എന്നാണ് മധുസൂദനൻ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ വിജയ കഥയറിഞ്ഞ് മധ്യപ്രദേശിലെ മുൻ കർഷക മന്ത്രി കമാൽ പട്ടേൽ കാണാനെത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.