സംസ്ഥാന അധ്യാപക അവാർഡ്; ഫിലിപ്പ് ജോർജ് മികച്ച പ്രൈമറി അധ്യാപകൻ
text_fieldsകോന്നി : സംസ്ഥാന തലത്തിൽ പ്രൈമറി വിഭാഗം അധ്യാപക അവാർഡിന് തെങ്ങുംകാവ് ജി.എൽ.പി.എസിലെ പ്രധാനാധ്യാപകൻ ഫിലിപ്പ് ജോർജ് അർഹനായി.സംസ്ഥാന തലത്തിലെ പ്രൈമറി വിഭാഗത്തിൽ 28 നോമിനേഷനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായാണ് ഫിലിപ്പ് ജോർജിനെ തെരഞ്ഞെടുത്തത്. പത്ത് വർഷത്തെ എയ്ഡഡ് സ്കൂൾ സർവിസിന് ശേഷം 2006ലാണ് പഠിച്ചു വളർന്ന കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നത്. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയതും ഇപ്പോൾ പ്രധാനാധ്യാപകനായി ജോലി ചെയ്യുന്ന തെങ്ങുംകാവ് ഗവ. എൽ.പി സ്കൂളിലും ചെയ്ത സേവനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.
ഇദ്ദേഹം ഹെഡ് മാസ്റ്ററായി സ്ഥാനമേൽക്കുമ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു തെങ്ങുംകാവ് സ്കൂൾ. 2015ൽ ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി നിർമിച്ച ‘സമക്ഷം’ ഷോർട്ട് ഫിലിമും എസ്.പി.സി പദ്ധതിയുടെ ഭാഗമായി നിർമിച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം ‘പോരാളി’യും ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് സാമൂഹിക സുരക്ഷ പാലിച്ച് വിദ്യാർഥികളുടെ ഭവനത്തിലെത്തി ക്ലാസെടുത്തിരുന്നു.
എസ്.പി.സിയുടെ ‘ചിരി’ പദ്ധതിയുടെ കൗൺസിലറായും പ്രവർത്തിച്ചുവരുന്നു. 2022ലെ ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചിട്ടുണ്ട്. മുൻ അധ്യാപകൻ കൂടിയായ കെ.വി. ജോർജാണ് പിതാവ്. ഭാര്യ: റബലിൽ സെബാസ്റ്റിൻ. മക്കൾ: ഹന്ന, ഹെലന, ജൂഡ്.
യു.പി വിഭാഗത്തിൽ കെ.എസ്. ജയരാജ്
അടൂർ: സഹജീവി സ്നേഹം, സാമൂഹിക പ്രതിബദ്ധത, കാർഷിക സംസ്കാരം എല്ലാം കോർത്തിണക്കിയ പഠനരീതിയിലൂടെ ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേട്ടവുമായി പഴകുളം കെ.വി.യു.പി സ്കൂൾ ഹിന്ദി അധ്യാപകൻ കെ.എസ്. ജയരാജ്. യു.പി വിഭാഗത്തിലാണ് അവാർഡ്. കോവിഡ് കാലഘട്ടത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികളെ ഹിന്ദി ചിത്രകഥയിലൂടെ വളർത്തുമൃഗങ്ങളുടെയും, കാട്ടുമൃഗങ്ങളുടെയും പേരുകൾ മറക്കാതെ പഠിപ്പിക്കാനായി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ നടത്തിയ പഠന രീതിയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഏറെ ജനസമ്മതി നേടിയ ഈ ക്ലാസ് ഓൺലൈൻ പഠന കാലത്ത് വിക്ടേഴ്സ് ചാനലിലൂടെ തുടർച്ചയായി രണ്ടു വർഷവും സംപ്രേക്ഷണം ചെയ്തു. കോവിഡ് പോസിറ്റീവായ രോഗികളുടെ ഭീതി അകറ്റാനും അവർക്ക് ആശ്വാസം പകരാനും
വിഡിയോ കോളിലൂടെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി നടത്തിയ കോൺഫറൻസ് കോളിങ്, എല്ലാ കുട്ടികളുടെ വീടുകളിലും പ്രതിരോധ മരുന്ന്, ഭക്ഷ്യവസ്തുക്കൾ എന്നിവ പി.ടി.എയുടെ നേതൃത്വത്തിൽ എത്തിച്ച ജീവകാരുണ്യ പദ്ധതി, കുട്ടികളുടെ വീടുകളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചതുൾപ്പെടെ വിവിധ നേട്ടങ്ങൾ ഇക്കാലയളവിലുണ്ട്.
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സമാഹരിച്ചുനൽകി. കൂടാതെ ഒരു വർഷം മുഴുവൻ വിദ്യാർഥികളും അധ്യാപകരും അവരുടെ ലഘു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഈ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ ലഭിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോട് അനുബന്ധിച്ച് തുണിയിൽ മുന്നൂറോളം ദേശീയ പതാക നിർമിച്ച് കുട്ടികൾക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും വിതരണം ചെയ്തു. ഗാന്ധിയൻ സിദ്ധാന്തങ്ങൾ കുട്ടികളിൽ വളർത്തുന്നതിനായി എല്ലാ വിദ്യാർഥികൾക്കും, ഗാന്ധി ദർശനങ്ങളുടെ കലണ്ടറും, എന്റെ സത്യാന്വേഷണ പരീക്ഷണ കഥ (മലയാളം) എന്ന പുസ്തകവും നൽകി.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി സനാതന ഗ്രന്ഥശാലയുമായി ചേർന്ന് വായനയുടെ വസന്തം, എന്റെ വായന, അമ്മ വായന, എന്റെഎഴുത്ത് പെട്ടി, കുട്ടിക്കൊരു പുസ്തകം എന്നീ പദ്ധതികൾക്ക് നേതൃത്വം നൽകി. സാന്ത്വനം, ആർദ്രം പദ്ധതികളിലൂടെ കാൻസർ രോഗികളെയും, നിരാലംബരായ ആളുകളെയും സഹായിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ പോഷകാഹാരക്കുറവിനായി ധാന്യങ്ങൾ ഉപയോഗിച്ച് ഹെൽത്ത് മിക്സ് നിർമിച്ച് സൗജന്യമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.